ബ്രെക്സിറ്റ് യൂറോപ്യൻ കുടിയേറ്റക്കാരുടെ ബ്രിട്ടനിലേക്കുള്ള വരവ് കുറച്ചപ്പോൾ പുതിയ അവസരങ്ങൾ തുറക്കുന്നത് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്കായാണ്. കാലഭേദങ്ങൾക്കനുസൃതമായ നിരവധി ചെറു തൊഴിലുകൾ തേടിയെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ വരവ് കുറഞ്ഞത് ബ്രിട്ടനെ പ്രതിസന്ധിയിൽ ആക്കിയിട്ടുമുണ്ട്. പഴവർഗ്ഗങ്ങൾ കൃഷിചെയ്യുന്ന ഫാമുകളിൽ അത് പറിക്കാനായി യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഉണ്ടായിരുന്നത്. ബ്രെക്സിറ്റ് പ്രാബല്യത്തിലായതോടെ ഇത്തരത്തിൽ എത്തുന്ന തൊഴിലാളികുളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ഇത്തരം താത്ക്കാലിക തൊഴിലാളികളെ ആശ്രയിക്കുന്ന നിരവധി മേഖലകൾ ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ വിപണിയിൽ ഇപ്പോൾ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ബ്രിട്ടനിലെ കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്തുകൊണ്ട്ഡിപ്പാർട്ട്മെന്റ്ഓഫ് എൻവിറോണ്മെന്റ്, ഫുഡ് ആൻഡ് റൂറലഫയേഴ്സും രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടനിലെ ഫാമുകളിൽ പഴവർഗ്ഗങ്ങൾ പറിക്കുന്നതും അത് പാക്ക് ചെയ്യുന്നതുമായ ജോലികളിൽ ഏർപ്പെട്ടിരുന്നവരിൽ 95 ശതമാനം പേരും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. ജൂൺ അവസാനം മുതൽ, ബ്രിട്ടനിൽ പ്രീ-സെറ്റിൽഡ് സ്റ്റാറ്റസ് ലഭിക്കാത്തവർക്ക് ഇവിടെ തൊഴിലെടുക്കാൻ കഴിയില്ല. അതായത് കേവലം ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിന്തൊഴിലാളികളുടെ അഭാവമാണ് ബ്രിട്ടൻ നേരിടുവാൻ പോകുന്നതെന്നർത്ഥം.

വിന്റർഫുഡ് ഫാംസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ സ്റ്റീഫൻ ടെയ്ലർ പറയുന്നത് രണ്ടുവർഷം മുൻപ് വരെ ഇത്തരത്തിലുള്ള ജോലിക്കായി പ്രതിദിനം 20 അപേക്ഷകൾ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിദിനം കേവലം രണ്ട് അപേക്ഷകൾ വീതം മാത്രമാണ് ലഭിക്കുന്നത് എന്നാണ്. ബ്രിട്ടൻ, ഫ്രാൻസ്, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 2,000 ഹെക്ടർ പഴത്തോട്ടങ്ങൾ സ്വന്തമായി ഉള്ള കമ്പനിയാണിത്. പ്രധാനമായും ചില്ലറവില്പന ശാലകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും പഴവർഗ്ഗങ്ങൾ വിതരണം ചെയ്യുന്ന ഇവർ യൂറോപ്പിലേയും ആഫ്രിക്കയിലേയും ഏറ്റവും കൂടുതൽ ബ്ലൂ ബറി കർഷകരുമാണ്.

നിലവിൽ ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമാണ്. എങ്കിലും ഫാമുകളിലെ ജോലിക്ക് ബ്രിട്ടീഷുകാർ പൊതുവേ താത്പര്യം കാണിക്കാറില്ല. പലയിടങ്ങളിലായി മാറിമാറി ജോലിചെയ്യേണ്ടി വരും എന്നതിനാലാണിത്. അതുകൊണ്ടുതന്നെ വിദേശതൊഴിലാളികളെ, പ്രത്യേകിച്ചും കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നു. നിലവിൽ ബ്രെക്സിറ്റിനു ശേഷം കുടിയേറ്റനിയമത്തിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ പൗരന്മാരെ ബ്രിട്ടനിലേക്ക് വരുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്നത്.

ഇത്തരത്തിൽ താത്ക്കാലിക തൊഴിലാളികളുടെ ആവശ്യം ധാരാളമായുള്ള മേഖലകളിലേക്ക്, തൊഴിലാളികളെ ലഭ്യമാക്കുവാൻ തൊഴിൽ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തോട്ടങ്ങളിലെ ജോലിക്കെത്തുന്നവർ, സീസൺ കഴിയുന്നതോടെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകുമെന്നതിനാൽ സർക്കാരിനും അവർ ബാദ്ധ്യതയാകുന്നില്ല.

ഏതായാലും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ഈ പുതിയ പ്രതിസന്ധി ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ, പ്രത്യേക വൈദഗ്ദ്യം നേടിയില്ലാത്ത തൊഴിലാളികൾക്ക് നിരവധി അവസരങ്ങൾ പ്രദാനം ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്.