- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചിഞ്ചിൽ താഴെ വളർന്നപ്പോൾ ലോകത്തെ ഏറ്റവും നീളം കൂടിയ കൺപീലിയെന്ന ഗിന്നസ്സ് റെക്കോർഡ് സ്വന്തമാക്കിയ യുവതി ഇപ്പോഴത് ഇരട്ടിയാക്കി വളർത്തി; അസാധാരണമായ ഒരു കൺപീലിയുടെ കഥ
സ്ത്രീ സൗന്ദര്യത്തിൽ സുപ്രധാനമായൊരു പങ്കാണ് കൺപീലികൾക്കുള്ളത്. മാത്രമല്ല, ഒരു സ്ത്രീയുടെ മനസ്സിനുള്ളിലെ വികാരങ്ങളും വിചാരങ്ങളും ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നതും കൺപീലികളത്രെ. കൺപീലികൾ ചലിപ്പിച്ച് പ്രിയതമനെ ക്ഷണിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമൊക്കെ നമ്മൾ ഒരുപാട് കഥകളിലും കവിതകളിലുമൊക്കെ വായിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു യുവതി അസാധാരണമായ ഒരു കൺപീലി കാരണം ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നു.
തെക്കൻ ചൈനയിൽ ഒരു പ്രമുഖ നഗരമായ ചാംഗ്ഷോയിലുള്ള യൂ ജിയാൻഷിയ എന്ന യുവതിയാണ് കൺപീലിയാൽ വാർത്ത സൃഷ്ടിക്കുന്നത്. 2016-ൽ 4.88 ഇഞ്ച് (12.5 സെ. മീ) നീളമുള്ള കൺപീലിയുമായി ഗിന്നസ്സ് ബുക്കിലേക്ക് നടന്നുകയറിയതാണ് ഈ യുവതി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ യുവതിയുടെ കൺപീലികൾ വളർന്നത് ഇരട്ടിവലിപ്പത്തിലാണ് എട്ടിഞ്ചിലധികം നീളമുള്ള കൺപീലിയുമായി ഈ യുവതി സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുന്നു.
ഇപ്പോൾ അവൾ കണ്ണടയ്ക്കുമ്പോൾ പീലികൾ അവളുടെ ചുണ്ടിനെ ചുംബിക്കുന്നു. പീലികളുടെ ഈ അസാധാരണ വളർച്ചയിൽ ഡോക്ടർമാർ അദ്ഭുതം കൂറിയിരിക്കുകയാണ്. എന്നാൽ, ഈ വളർച്ച ബുദ്ധ ഭഗവാൻ തനിക്ക് നൽകിയ വരദാനമായാണ് ജിയാൻഷിയ കാണുന്നത്. ധ്യാനവും മറ്റുമായി ഒരു മലമുകളിലെ ഒരു ആശ്രമത്തിൽ നേരത്തേ അവർ ഒരു വർഷം ചെലവഴിച്ചിരുന്നു. അതിനുശേഷമാണ് തനിക്ക് ബുദ്ധ ഭഗവാന്റെ ആശീർവാദം ലഭിച്ചത് എന്നാണ് അവർ പറയുന്നത്.
2015-ലായിരുന്നു തന്റെ കൺപീലികൾ ക്രമാതീതമായി വളരുന്ന കാര്യം താൻ മനസ്സിലാക്കിയതെന്ന് അവർ പറയുന്നു. പതുക്കെയാണെങ്കിലും തുടർച്ചയായി അവ വളർന്നുകൊണ്ടിരുന്നു. ഇക്കാര്യവുമായി താൻ പല ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും തന്റെ കൺപീലികളുടെ വളർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്തുവാൻ അവർക്കായില്ലെന്ന് ജിയംഗ്ഷിയ പറയുന്നു. ജീനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുമായി തന്റെ അന്വേഷണം നടന്നിരുന്നു എന്നും എന്നാൽ, തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരത്തിൽ നീളമുള്ള കൺപീലികൾ ഇല്ലെന്നും അവർ വ്യക്തമാക്കി.
അങ്ങനെയാണ് ആധുനിക ശാസ്ത്രത്തിനതീതമായ സത്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്നും വർഷങ്ങൾക്ക് മുൻപ് ഒരു പർവ്വത പ്രദേശത്ത് താൻ താമസിച്ചിരുന്ന വിവരം ഓർമ്മ വന്നതെന്നും അവർ പറയുന്നു. അതുമായി ആലോചിച്ചപ്പോഴാണ് ഇത് ബുദ്ധഭഗവാന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ