''കാറപകടത്തിൽ പെട്ടുമരിച്ച

വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ
മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കൺകൾ''

മലയാളത്തിന്റെ നിഷേധിയായ കവി എ അയ്യപ്പൻ എൺപതുകളിൽ എഴുതിയവരികളാണിത്. മനുഷ്യത്വം മരവിച്ച് ഇല്ലാതെയാകുന്ന ഒരു അവസ്ഥയായിരുന്നു ഇതിലൂടെ അയ്യപ്പൻ വിവരിച്ചത്. അപകടത്തിൽ മരിച്ചയാളുടെ രക്തത്തിൽ ചവുട്ടിയും പോക്കറ്റിലെ പണം സ്വന്തമാക്കാൻ മാത്രം മനുഷ്യത്വം മരവിച്ച ഒരു തലമുറ ഈ ഭൂമിയിൽ ഉണ്ടാകുമെന്ന് അന്നേ തന്റെ ഉൾക്കണ്ണുകൊണ്ട് എ അയ്യപ്പൻ എന്ന കവി കണ്ടിരുന്നു എന്ന് കരുതണം. അപ്രകാരം തന്നെ സംഭവിച്ചിരിക്കുകയാണ്. ഈ സംഭവം, പക്ഷെ നടന്നത് കേരളത്തിലല്ല, അങ്ങ് ബ്രിട്ടനിലാണെന്ന് മാത്രം.

അയ്യപ്പന്റെ കവിതയിലെ കഥാപാത്രം മരിച്ചവന്റെ അഞ്ചുരൂപയ്ക്ക് നോട്ടമിട്ടത് ഭാര്യയുടെയും കുട്ടികളുടെയും പട്ടിണിമാറ്റാനായിരുന്നെങ്കിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ 83 കാരിയുടെ ഡെബിറ്റ് കാർഡ് എൻ എച്ച് എസിലെ ജീവനക്കാരി തട്ടിയെടുത്തത് ചോക്ക്ലേറ്റും സോഫ്റ്റ്ഡ്രിങ്ക്സുമൊക്കെയായി ജീവിതം ആസ്വദിക്കാനായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24 നായിരുന്നു സംഭവം നടന്നത്. ബിർമ്മിങ്ഹാമിലെ ഹാർട്ട്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന 83 കാരിയായ കോവിഡ് രോഗി മരണമടഞ്ഞ് 17 മിനിറ്റുകൾക്കുള്ളിലാണ് അവരെ ശുശ്രൂഷിച്ചിരുന്ന ആയിഷ ബസാറത്ത് എന്ന 23 മാരി അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ചോക്ക്ലേറ്റ് വാങ്ങിയത്.

ആശുപത്രി പരിസരത്തുള്ള കോണ്ടാക്ട്ലെസ്സ് വെൻഡിങ് മെഷിനിൽ നിന്നും ഈ കാർഡ് ഉപയോഗിച്ച് ആറുതവണ 1 പൗണ്ട് വീതം വിലവരുന്ന പർച്ചേസുകളാണ് ആയിഷ നടത്തിയത്. അതിനു ശേഷം മറ്റൊരിടത്തു നിന്നുകൂടി ഇവർ 1 പൗണ്ടിന്റെ പർച്ചേസ് നടത്തി. പിന്നീട് നാലു ദിവസം ഇവർ ജോലിക്ക് വന്നിരുന്നില്ല. അതിനുശേഷം എത്തി ഒന്നുകൂടി കാർഡ് ഉപയോഗിക്കുവാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർഡ് റദ്ദ് ചെയ്തിരുന്നു.

നിലത്തു വീണുകിടന്ന ഒരു കാർഡ് താൻ എടുക്കുകയായിരുന്നു എന്നും തന്റെ കാർഡ് എന്ന് തെറ്റിദ്ധരിച്ചാണ് പണം നൽകാനായി കാർഡ് ഉപയോഗിച്ചതെന്നുമായിരുന്നു ആയിഷ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് താൻ രോഗിയുടെ കൈയിൽ നിന്നും കാർഡ് മോഷ്ടിക്കുകയായിരുന്നു എന്നും അതുപയോഗിച്ച് മനപ്പൂർവ്വം തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അവർ കോടതിൽ സമ്മതിച്ചു. അഞ്ചു മാസം വീതമുള്ള രണ്ട് തടവു ശിക്ഷകളാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. രണ്ടും ഒരേസമയം അനുഭവിച്ചാൽ മതിയാകും. 18 മാസത്തേക്ക് ഇവരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

വൃദ്ധയുടേ കുടുംബം ആയിഷയെ സമീപിച്ചപ്പോൾ അവരോട് തെറ്റുസമ്മതിച്ച് മാപ്പ് പറയാൻ ആയിഷ തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് ഇതേക്കുറിഛ്ക് ഒന്നും പറയാനില്ലെന്നു മാത്രമായിരുന്നു ഇവർ പ്രതികരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. അപ്പോൾ ഇവരോടൊപ്പം ഇവരുടെ പിതാവും മൂത്ത സഹോദരനും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാർഡ് എന്തിനാണ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് ഇവർ രോഗിയുടെ കുടുംബാംഗങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകുകയുമുണ്ടായില്ല.

ഏതായാലും, ഈ വിവരം അറിഞ്ഞയുടെനെ ഹാർട്ട്ലാൻഡ് ആശുപത്രിയുടെ നടത്തിപ്പുകാരായ യൂണിവേഴ്സിറ്റി ജോസ്പിറ്റൽസ് ബിർമ്മിങ്ഹാം എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആയിഷയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, പൊലീസ് അന്വേഷണത്തിനോട് ആശുപത്രി അധികൃതരും മറ്റു ജീവനക്കാരും പൂർണ്ണമായും സഹകരിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് കൃത്യമായ തെളിവുകളുടെ സഹായത്താൽ ആയിഷയ്ക്ക് ശിക്ഷവാങ്ങിക്കൊടുക്കുവാൻ പൊലീസിനായത്.