- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർഗവസന്തം 2021: ഇ-കൂട്ടം മൺസൂൺ ക്യാമ്പിന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഇ-കൂട്ടം' ഓൺലൈൻ മൺസൂൺ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡ്യൂൾ പ്രകാശനവും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വിടിനുള്ളിൽ മാത്രം കുട്ടികൾ കഴിയുന്ന ആസാധാരണമായ സാഹചര്യത്തിൽ കുട്ടികൾക്കായി വനിത ശിശു വികസന വകുപ്പിന്റെ സുപ്രധാനമായ ഒരു ഇടപെടലാണ് ഇ-കൂട്ടം മൺസൂൺ ക്യാമ്പെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വകുപ്പ് നടത്തുന്ന ഇടപെടലുകളേയും ഇ-കൂട്ടം മോഡ്യൂൾ തയ്യാറാക്കിയ ഔർ റെസ്പിസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഈ പരിപാടിയോടൊപ്പം തന്നെ വനിത ശിശുവികസന വകുപ്പ് ബാലവേല വിരുദ്ധ ദിനാചരണവും വെബിനാറും സംഘടിപ്പിച്ചു.
കോവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. കുട്ടികൾ അവരുടെ വളർച്ചയ്ക്കനുസരിച്ച് നേടേണ്ട പല സാമൂഹികമായ കഴിവുകളും ഇന്നത്തെ സാഹചര്യത്തിൽ നേടാൻ കഴിയാതെ വരുന്നുണ്ട്. കളിക്കാൻ പോലും പുറത്തിറങ്ങാൻ സാധിക്കാതെ വീടിനുള്ളിൽ മാത്രം സമയം ചെലവഴിക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ ഒന്നാണ്. ഈ സാഹചര്യം മറികടക്കുന്നതിലേക്കായി വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയും യൂണിസെഫും ചേർന്ന് സംസ്ഥാനത്തെ കുട്ടികൾക്കായി രൂപകല്പന ചെയ്തതാണ് ഇ-കൂട്ടം മൺസൂൺ ക്യാമ്പ്.
ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് കൂട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുക, കുട്ടികളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക, കഥ, കവിത തുടങ്ങിയ സാഹിത്യ മേഖലകളുടെ പ്രാധാന്യം കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് നൽകുക തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇ-കൂട്ടം മൺസൂൺ ക്യാമ്പിൽ കുട്ടികൾക്കായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. കളിച്ചും, ചിരിപ്പിച്ചും, കൂട്ടുകൂടിയും കുട്ടികളെ സന്തോഷമാക്കുന്നതിന് വേണ്ടിയാണ് ഇ-കൂട്ടം ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് ഇ-കൂട്ടം ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു.
വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ സ്വാഗതവും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ പ്രോഗ്രാം മാനേജർ വി എസ്. വേണു നന്ദിയും പറഞ്ഞു.