കൊച്ചി: കോവിഡ് വ്യാപനം പരിഗണിക്കാതെ കേരളത്തിലെ വിവിധ സർവ്വകലാശാലകൾ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകൾ എഴുതുന്നതിനായി വളരെ ബുദ്ധിമുട്ടുകൾ സഹിച്ച് കേരളത്തിൽ എത്തിയിരിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾ നിരവധി പ്രശ്‌നങ്ങൾ നേരിടുകയാണ്.

കോവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷകൾ നീട്ടി വയ്ക്കുന്നതുമൂലം സ്വന്തം വീടുകളിലേക്ക് തിരികെ പോകാൻ സാധിക്കാതെ നിരവധി വിദ്യാർത്ഥികൾ കേരളത്തിൽ പലയിടങ്ങളിലായി തങ്ങേണ്ടിവന്നിരിക്കുകയാണ്.അവർ നേരിടുന്ന പ്രശ്‌നങ്ങൾ പ്രധാനമായും ഉന്നയിച്ചാണ് ലക്ഷദ്വീപ് സ്റ്റുഡൻസ് കളക്റ്റീവ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

കോവിഡ് മൂലം കോളേജ് ഹോസ്റ്റൽ സംവിധാനങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല. വീടുകൾ വാടകയ്‌ക്കെടുത്താണ് മിക്ക വിദ്യാർത്ഥികളും താമസിക്കുന്നത്.താമസത്തിനു മാത്രമായി ഏറ്റവും ചുരുങ്ങിയത് ഒരോരുത്തർക്കും പ്രതിമാസം 5000 രൂപക്ക്‌മേൽ വേണ്ടി വരുന്നു. വിദ്യാർത്ഥികൾക്കൊപ്പം ബന്ധുക്കളോ കുടുംബാംഗങ്ങളോ ഇല്ലാത്തതിനാൽ വലിയ അരക്ഷിതാവസ്ഥയെയാണ് അവർ നേരിടുന്നത് .

ദ്വീപിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതോടൊപ്പം പഠനമെല്ലാം ഓൺലൈനിൽ ആയത് ലക്ഷദ്വീപിലുള്ള വിദ്യാർത്ഥികളെ വലക്കുകയാണ്.ഇന്റർനെറ്റ് കണക്റ്റിവിറ്റി വളരെ മോശമായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ പോലും കഴിയുന്നില്ല. പഠനത്തിനുള്ള മെറ്റീരിയൽസ് പോലും അവരിൽ ബഹുഭൂരിപക്ഷത്തിനുമില്ല. ഈ സാഹചര്യത്തിൽ സർവകലാശാല പ്രഖ്യാപിച്ചിരിക്കുന്ന യുജി പിജി പരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കത്തിന് ആക്കംകൂട്ടിയിരിക്കുകയാണ്.
അതോടൊപ്പം ലക്ഷദ്വീപിൽ നിന്ന് കപ്പലുകൾ നിരന്തരം ഇല്ലാത്തത് പരീക്ഷ സമയത്തുള്ള വിദ്യാർത്ഥികളുടെ യാത്രകൾ കഠിനകരമാക്കും. മുൻ കാലങ്ങളിൽ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ പരീക്ഷാ സെന്ററുകൾ ഉണ്ടായിരുന്നു.എന്നാൽ ഈ പ്രാവശ്യം ഒരു പരീക്ഷാ സെന്റർ പോലും ലക്ഷദ്വീപിൽ ഇല്ല .

കോവിഡ് ശമിക്കാതിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ അതിനു മുമ്പ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് കേൾക്കാനും അതിന് ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്നും വിദ്യാർത്ഥികൾ നിവേദനത്തിൽ അഭ്യർത്ഥിച്ചു. നിലവിൽ ലക്ഷദ്വീപ് സ്റ്റുഡൻസ് കളക്ടീവ് എംജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹഫീസ, ഫതീന,അഫ്രീദ, മനസൂർ മുഹമ്മദ് എന്നിവരാണ് കൺവീനർമാർ.