- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുർജ് ഖലീഫയ്ക്ക് റഷ്യയിൽ നിന്നും ഒരു എതിരാളി; ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടും സെന്റ് പീറ്റേഴ്സ് ബർഗിൽ ഒരുങ്ങുന്നു
ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച കെട്ടിടമാണ് ബുർജ് ഖലീഫ. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പേരുചേർക്കപ്പെടാൻ പോകുന്ന ഒരു പടുകൂറ്റൻ കെട്ടിടത്തിന്റെ പണിപ്പുരയിലാണ് റഷ്യയും. ലക്താ സെന്റർ 2 എന്ന പേരിലൊരുങ്ങുന്ന കെട്ടിടം ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമാവും. ലക്താ സെന്റർ എന്ന പേരിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മറ്റൊരു കെട്ടിടം കൂടിയുണ്ട്?. അതിനാലാണ് പുതിയ കെട്ടിടത്തിന് ലക്താ സെന്റർ 2 എന്ന പേര് നൽകിയിരിക്കുന്നത്.
നിലവിലുള്ള ലക്താ സെന്റർ കെട്ടിടത്തിന് 87 നിലകളുണ്ട്്. നിലവിൽ യൂറോപ്പിലെ ഏറ്റവും അധികം ഉയരമുള്ള കെട്ടിടമാണിത്. സെന്റ് പീറ്റേഴ്സ്ബർഗിൽതന്നെയാണ് ലോകത്തിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടവും ഒരുങ്ങുന്നത്. 150 നിലകളിലായാണ് ലക്താ സെന്റർ 2 ഒരുങ്ങുന്നത്. ഉയരംകൊണ്ടു മാത്രം തീർന്നില്ല ലക്താ സെന്റർ 2 വിന്റെ പ്രത്യേകതകൾ. ഏറ്റവും ഉയരത്തിലുള്ള വ്യൂവിങ്ങ് ഗ്യാലറി ഒരുങ്ങുന്നതും ഇവിടെയാണ്. 1936 അടി ഉയരത്തിലായിരിക്കും ഗ്യാലറി നിർമ്മിക്കുന്നത്. നിലവിൽ ഏറ്റവും ഉയരത്തിൽ വ്യൂവിങ്ങ് ഗ്യാലറിയുള്ള കെട്ടിടം ഷാങ്ഹായ് ടവറാണ്.
ഗ്യാലറിക്കു പുറമേ ഓഫീസ് സ്‌പേസ്, താമസസൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയാവും കെട്ടിടത്തിൽ ഉൾപ്പെടുത്തുക. ടോണി കെറ്റിൽ ആണ് പദ്ധതിയുടെ രൂപകല്പനയ്ക്ക് നേതൃത്വം നൽകുന്നത്. സുസ്ഥിരത ഉറപ്പാക്കുന്ന രൂപകൽപനയുടെ മാതൃകയായിരിക്കും ലക്താ സെന്റർ 2 എന്ന് അദ്ദേഹം പറയുന്നു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കെട്ടിടം നിർമ്മിക്കപ്പെടുന്നത്.
സ്‌കോട്ട്ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെറ്റിൽ കളക്ടീവ് എന്ന ആർക്കിടെക്ചർ കമ്പനിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2306 അടിയാവും കെട്ടിടത്തിന്റെ ഉയരം. ബുർജ് ഖലീഫയുടെ ഉയരം 2717 അടിയാണ്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഷാങ്ങ്ഹായ് ടവറിന്റെ ഉയരമാകട്ടെ 2073 അടിയും.