തിരുവനന്തപുരം: രക്തദാനത്തിനായി കാൽ ലക്ഷം സന്നദ്ധ സേവകരുടെ ഡിജിറ്റൽ സേനയുമായി കേരള പൊലീസ്. പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പൊൽആപ് (POL-APP) വഴിയാണ് സേവനം. പൊൽ ആപ് വഴി രജിസ്റ്റർ ചെയ്താൽ നിമിഷങ്ങൾക്കകം പൊലീസിന്റെ പൊൽബ്ലഡ് കൺട്രോൾ റൂമിൽനിന്നു ബന്ധപ്പെട്ടു രക്തം നൽകാനുള്ള സന്നദ്ധസേവകരെ ലഭ്യമാക്കും.

ഏപ്രിലിൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 25,000 പേർ രക്തദാനത്തിനു സന്നദ്ധരായി രജിസ്റ്റർ ചെയ്തു. രാജ്യത്ത് ആദ്യമായാണ് പൊലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നു പദ്ധതിയുടെ ചുമതലയുള്ള എഡിജിപി കെ.പത്മകുമാർ പറഞ്ഞു.

രക്തദാതാവിനെയും സ്വീകർത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായാണ് പൊൽ-ആപ് പ്രവർത്തിക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണു സംവിധാനം.

രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് പൊൽ-ആപ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. രക്തം ആവശ്യമുള്ളവർ ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങൾ നൽകി പൊൽ-ബ്ലഡിൽ രജിസ്റ്റർ ചെയ്യണം.

കേരളത്തിൽ പ്രതിവർഷം ശരാശരി 4 ലക്ഷം യൂണിറ്റ് രക്തം ആവശ്യമായി വരുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതു 3.75 ലക്ഷം യൂണിറ്റായി. സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭിച്ചത് 70% മാത്രമാണെന്നും ഇതു വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.