കൊച്ചി: സെന്റ് തെരേസാസ് കോളേജിൽ ഗാന്ധിയൻ പീസ് ആൻഡ് നോൺവയലൻസ് സ്റ്റഡീസ് സെന്റർ ആരംഭിച്ചു. ന്യൂഡൽഹിയിലെ ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റർ ഫോർ റിസേർച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റർ ആരംഭിച്ചിരിക്കുന്നത്. 2025-ൽ നടക്കുന്ന കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമാണ് സെന്റർ. അഹിംസയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഒത്തുകൂടാനൊരു വേദിയെന്നതാണ് സെന്റർ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ഓൺലൈനിൽ നടന്ന ചടങ്ങിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ചെയർമാൻ ലക്ഷ്മിദാസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ വിനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി ഡയറക്ടർ ദിപാങ്കർ ശ്രീ ഗ്യാൻ വിശിഷ്ടാഥിതിയായിരുന്നു. ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി പ്രോഗ്രാം ഓഫീസർ ഡോ. വേദഭ്യാസ് കുണ്ടു മുഖ്യപ്രഭാഷണം നടത്തി.

സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിസ്സി മാത്യു, ഗാന്ധിയൻ പീസ് ആൻഡ് നോൺവയലൻസ് സ്റ്റഡീസ് സെന്റർ കോർഡിനേറ്ററും ഇംഗ്ലിഷ് ആൻഡ് സെന്റർ ഫോർ റിസേർച്ച് വിഭാഗം മേധാവിയുമായ ഡോ. ലത നായർ, അസിസ്റ്റന്റ് പ്രൊഫസറും സെന്റർ കോർഡിനേറ്ററുമായ ഡോ. പ്രീതി കുമാർ, സ്റ്റുഡന്റ് കോർഡിനേറ്റർ മാക്സ്ലിൻ എം. മാക്സി തുടങ്ങിയവർ സംസാരിച്ചു.