തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സർവയലൻസ് ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തിൽ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കോവിഡ് മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിങ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്