അഹമ്മദാബാദ്: ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിഐപിയാവും ഗാന്ധിനഗറിലെ അദലാജിലെ ചേരിയിൽ താമസിക്കുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ്. പ്രായം രണ്ട് മാസമേ ഉള്ളൂ എങ്കിലും ഈ രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ഈ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഇതോടെയാണ് ആക്രി പെറുക്കുന്ന ദമ്പതികളുടെ മകനായ ഈ ഇത്തിരി കുഞ്ഞൻ ചെറിയ പ്രായത്തിലെ വിഐപിയായത്.

കുഞ്ഞിന് രണ്ട് മാസമേ പ്രായമുള്ളൂ എങ്കിലും 24 മണിക്കൂറും പൊലീസ് സംരക്ഷണമുണ്ട്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്താൻ കുഞ്ഞ് പോകുന്നിടത്തെല്ലാം പൊലീസും അനുഗമിക്കും. രണ്ട് തവണയാണ് ഈ കുഞ്ഞിനെ തട്ടിയെടുത്തത്. അമ്മ ആക്രി പെറുക്കുമ്പോൾ സൈക്കിളിലെ കുട്ടയിലാണു കുഞ്ഞിനെ കിടത്തുന്നത്. രണ്ടാം തവണ അവിടെ നിന്നാണു കൊണ്ടുപോയത്. അതോടെ ഇവർ താമസിക്കുന്ന ചേരിക്കു സമീപം സ്‌പെഷൽ ടീമിനെ നിയമിക്കാൻ ഗാന്ധിനഗർ പൊലീസ് തീരുമാനിച്ചു.

രണ്ടു തവണയും മക്കളില്ലാത്ത ദമ്പതികളാണു കുഞ്ഞിനെ തട്ടിയെടുത്തത്. ആദ്യ തവണ തട്ടിയെടുക്കുമ്പോൾ 2 ദിവസമായിരുന്നു പ്രായം. ആശുപത്രിയിൽ നിന്നാണു കുഞ്ഞിനെ കാണാതായത്. അന്ന് ഒരാഴ്ചയ്ക്കകം പൊലീസ് കുഞ്ഞിനെ കണ്ടെത്തി അച്ഛനമ്മമാർക്കു തിരികെ നൽകി. കഴിഞ്ഞ ജൂൺ 5നു വീണ്ടും കുഞ്ഞിനെ കാണാതായി. ഗുജറാത്തിലും രാജസ്ഥാനിലും തിരഞ്ഞാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞു വീട്ടിലായിരിക്കുമ്പോഴും പുറത്തു കൊണ്ടുപോകുമ്പോഴും പൊലീസ് നിരീക്ഷിക്കും. അഥവാ പൊലീസിന്റെ കണ്ണുവെട്ടത്തുനിന്നു മാറിയാൽ വിളിക്കാൻ അമ്മയ്ക്കു ഫോണും നൽകി. കുഞ്ഞിനും കുടുംബത്തിനും താമസിക്കാൻ അടച്ചുറപ്പുള്ളൊരു വീട് സംഘടിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് ഗാന്ധിനഗർ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ എച്ച്.പി. ഝാല പറഞ്ഞു.