ഗസ്സ സിറ്റി: പശ്ചിമേഷ്യ വീണ്ടും പ്രകോപനത്തിൽ. ഇസ്രയേലും ഹമാസും വീണ്ടും നേർക്കു നേർ. ഈസ്റ്റ് ജെറുസലേമിൽ തീവ്ര ഇസ്രേയേൽ പക്ഷം നടത്തിയ മാർച്ചാണ് പ്രതിസന്ധിയാകുന്നത്. ഈ മാർച്ചിൽ അറബുകാർക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തി. ഇതിന് മറുപടിയെന്നോണം ഇസ്രയേൽ പാടത്തേക്ക് തീ ഗോളങ്ങൾ ഒളിച്ചിപ്പ ഹൈഡ്രജൻ ബലൂൺ അയയ്ക്കുകയായിരുന്നു ഹമാസ്. ഇതോടൊണ് ഇസ്രയേൽ തിരിച്ചടിച്ചത്. വ്യോമ സേന ഗസ്സ സിറ്റിയിൽ ബോംബിടുകയായിരുന്നു. വെടിനിർത്തൽ കരാർ അങ്ങനെ വീണ്ടും അവസാനിക്കുകയാണ്. യുദ്ധമെങ്കിൽ യുദ്ധമെന്ന നിലപാട് ഫലസ്തീനെതിരെ വീണ്ടും എടുക്കുകയാണ് ഇസ്രയേൽ.

പന്ത്രണ്ടു വർഷത്തിനുശേഷം ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് തിരശ്ശീല വീണിരിക്കയാണ്. തീവ്രവലതുപക്ഷ യഹൂദദേശീയവാദിയും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ ഒന്നിച്ച് രൂപവത്കരിച്ച ഐക്യസർക്കാർ ഞായറാഴ്ചയാണ് പാർലമെന്റിൽ വിശ്വാസവോട്ട് നേടിയത്. 59-നെതിരേ 60 വോട്ടുകളോടെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡിനൊപ്പം ബെന്നറ്റ് ഇസ്രയേലി പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷം തെളിയിച്ചു. തീവ്ര നിലപാടുകാരനാണ് പുതിയ പ്രധാനമന്ത്രിയും. അതിനിടെയാണ് ഹമാസിന്റെ ഹൈഡ്രജൻ ബലൂൺ ആക്രമണം. ഇതിനോട് ഉടനെ ഇസ്രയേൽ സൈന്യവും പ്രതികരിച്ചു.

ഫലസ്തീനുകൾക്കെതിരെ പ്രതിഷേധവുമായിട്ടായിരുന്നു ഈസ്റ്റ് ജറുസലേമിലെ റാലികൾ. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ നിന്ന് ചെറിയ ഹൈഡ്രജൻ ബലൂണുകൾക്കൊപ്പം ചരടിൽ പേപ്പർ കെട്ടി തീ കത്തിച്ച് ഇസ്രേയേൽ ഭാഗത്തെ പാടത്തേക്ക് ഹമാസ് പറത്തിയത്. ചെറിയ ബലൂണുകൾ നൽകിയ സന്ദേശത്തെ ഇസ്രയേൽ പ്രകോപനത്തോടെ കണ്ടു. നിമിഷങ്ങൾക്ക് അകം തന്നെ ഗസ്സ സിറ്റിയിലേക്ക് ആക്രമണം നടത്തി. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ തകർക്കും വരെ പോരാട്ടമെന്ന് ഇസ്രയേൽ പ്രഖ്യാപിക്കുകയും ചെയ്തു.

ഹമാസ് പറത്തി വിട്ട ബലൂണുകൾ അഗ്നിയായി പാടങ്ങളിൽ വീണ് കൃഷി ഇടങ്ങൾ നശിച്ചു. തീ പിടിച്ച് വിളകളും ഇല്ലാതെയായി. ഈ സാഹചര്യത്തിലാണ് ഹമാസിനെതിരെ കടുത്ത നടപടികളിലേക്ക് ഇസ്രയേൽ പോകുന്നത്. ആക്രമണം തുടരാൻ തന്നെയാണ് ഇസ്രയേൽ നീക്കം. ഹമാസിന്റെ ഭാഗത്തു നിന്നാണ് തീ അയയ്ക്കൽ പ്രകോപനം ഉണ്ടായത്. അതുകൊണ്ട് തന്നെ ഇസ്രയേലിനെ ശാന്തമാക്കാൻ പറ്റുമോ എന്ന ആശങ്ക മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങളും ആശങ്കയോടെയാണ് സ്ഥിതി ഗതികളെ കാണുന്നത്.

ഇസ്രയേലിൽ പുതിയ ഭരണകൂടം അധികാരമേറ്റെടുത്തെങ്കിലും തങ്ങളുടെ പോരാട്ടം തുടരുമെന്ന് ഗസ്സയിലെ ഹമാസ് സംഘടന വ്യക്തമാക്കിയിരുന്നു. ഹമാസ് വക്താവ് ഫൗസി ബാർഹൗം ആണ് നിലപാട് വ്യക്തമാക്കിയത്. ഹമാസും ഇസ്രയേലും 11 ദിവസം നീണ്ടുനിന്ന യുദ്ധം നടത്തിയിരുന്നു. പിന്നീട് രാജ്യാന്തര സമ്മർദ്ദത്തെത്തുടർന്ന് സംഘർഷത്തിൽ അയവു വരികയായിരുന്നു. ഇതാണ് വീണ്ടും പ്രശ്‌നത്തിലേക്ക് നീങ്ങുന്നത്. ഇസ്രയേലിൽ നിന്ന് ഫലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് ഹമാസ്.

ഇസ്രയേൽ-ഫലസ്തീൻ സംഘർഷമവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന വെടിനിർത്തൽ കരാർ നിലവിൽ വന്നത് മെയ്‌ മാസത്തിലാണ്.. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം മെയ്‌ 21 പുലർച്ചെ മുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ നിലവിൽ വന്ന ഉടൻ തന്നെ ഗസ്സയിൽ ഫലസ്തീനികൾ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങൾ നടത്തിയിരുന്നു. വാഹനങ്ങൾ ഹോൺ മുഴക്കുകയും മോസ്‌ക്കുകളിൽ നിന്ന് ചെറുത്ത് നിൽപിന്റെ വിജയമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുകയും ചെയ്തു. അതിന് തൊട്ടു മുമ്പത്തെ ദിവസവും ഗസ്സാ നഗരത്തിനുമേൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരുന്നു. 65 കുട്ടികളുൾപ്പെടെ 230 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1710 പേർക്ക് പരിക്കുമേറ്റു.

കൊല്ലപ്പെട്ടവരിൽ 20 ഹമാസ് പ്രവർത്തകരേ ഉള്ളൂവെന്നാണ് ഫലസ്തീൻ പറയുന്നത്. എന്നാൽ, ഭൂരിഭാഗവും ഹമാസ് പ്രവർത്തകരാണെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളിൽ രണ്ടു കുട്ടികളും ഒരു സൈനികനുമടക്കം പത്തുപേരാണ് ഇസ്രയേൽ ഭാഗത്തുകൊല്ലപ്പെട്ടത്.