- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോപാർക്കിലെ ഐടി ജീവനക്കാർക്കും കുടുംബത്തിനും വാക്സിനേഷൻ തിങ്കളാഴ്ച
കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് വാക്സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി ഇൻഫോപാർക്ക് ഒരുക്കുന്ന പ്രത്യേക വാക്സിനേഷൻ ക്യാമ്പിന് തിങ്കളാഴ്ച (ജൂൺ 21) തുടക്കമാകും. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ എല്ലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഐടി മേഖലയെ വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും സുരക്ഷിത തൊഴിലിടം ഒരുക്കുന്നതിനും ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് മൂന്ന് നഗരകേന്ദ്രങ്ങളിലായി നടത്തിവരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കൊച്ചിയിൽ ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ആദ്യ ഘട്ടത്തിൽ 6000 ഡോസുകളാണ് വിതരണം ചെയ്യുന്നത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ആവശ്യാനുസരണം വാക്സിൻ എത്തിക്കും. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റൽ ഐടി ജീവനക്കാർക്കു വേണ്ടി മാത്രമായി രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങിയിട്ടുണ്ട്. ആദ്യ ബാച്ചിൽ 25000 ഡോസുകളാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.
കേരളത്തിലെ ഐടി മേഖലയെ അതിവേഗം കോവിഡ് മുക്ത തൊഴിലിടമാക്കി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കോവിഡിനെ കാര്യക്ഷമമായി നേരിടുന്ന സംസ്ഥാനമെന്ന നിലയിൽ ഇവിടത്തെ ഐടി രംഗവും തിരിച്ചുവരവിന്റെ പാതയിലാണ്. ഈ വാക്സിനേഷൻ പദ്ധതിയിലൂടെ ഈ തിരിച്ചുവരവിന് വേഗം കൂടിയിരിക്കുന്നു, സിഇഒ ജോൺ എം തോമസ് പറഞ്ഞു.
ടിസിഎസ് അടക്കമുള്ള പ്രമുഖരടക്കം വിവിധ കമ്പനികൾ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് നടത്തിയ വാക്സിനേഷൻ ക്യാമ്പുകളിൽ ഇതുവരെ ഇൻഫോപാർക്കിലെ 8000 പേർ വാക്സിൻ സ്വീകരിച്ചു. ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ കൂടുതൽ കമ്പനികൾക്കായി വലിയ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നതോടെ എല്ലാ ഐടി ജീവനക്കാർക്കും വൈകാതെ വാക്സിൻ ലഭ്യമാകും. ട്രാൻസ് ഏഷ്യ സൈബർപാർക്കും വിവിധ കമ്പനികളിലെ 3000 പേർക്ക് വാക്സിൻ നൽകി. കമ്പനികൾ സ്വാകാര്യ ആശുപത്രികളുമായി സഹകരിച്ച് ജീവനക്കാർക്ക് വാക്സിൻ ഇപ്പോഴും നൽകി വരുന്നുണ്ട്.