തൃപ്പൂണിത്തുറ:കേന്ദ്രപൊതുമേഖലാ മഹാരത്‌ന സ്ഥാപനമായ ബി പി സി എൽ സ്വകാര്യവൽക്കരിക്കുന്നതിനു മുന്നോടിയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊഴിലാളികൾ കരിദിനാചരണം നടത്തി. പതിനഞ്ചു വർഷത്തിൽ താഴെ സർവ്വീസുള്ള ജീവനക്കാക്കരെ റിട്ടയർമെന്റ് മെഡിക്കൽ സ്‌ക്കീമിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് മാനേജ്മെന്റ്.

പതിനഞ്ചുമുതൽ ഇരുപത്തിയഞ്ചു വർഷം സർവ്വീസുള്ള ജീവനക്കാർ , കമ്പനി നിശ്ചയിക്കുന്നതുക എല്ലാ മാസവും പുതുതായി നൽകണമെന്നും, വിരമിക്കുന്ന സമയത്ത് ഇരുപത്തഞ്ചു വർഷത്തെ വിഹിതമില്ലെങ്കിൽ മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹരല്ലെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.

റിഫൈനറി പോലുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലി ചെയുന്നവർക്കുണ്ടാകുന്ന ജോലി സംമ്പന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്തിയാണ് സമാനസ്വഭാവമുള്ള എല്ലാ കമ്പനികളും ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകി വരുന്നത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക്ക് എന്റർപ്രൈസസിന്റെ മാർഗനിർദ്ദേശങ്ങളുടെയും, ദീർഘകാല കരാറിലെ വ്യവസ്ഥകളുടേയും അടിസ്ഥാനത്തിൽ നൽകിവരുന്ന മെഡിക്കൽ ആനുകൂല്യങ്ങളാണ് ബി പി സി എൽ മാനേജ്‌മെന്റ് ഏകപക്ഷീയമായി ഒരു നോട്ടീസിലൂടെ പിൻവലിച്ചത്. ജോലിയിൽനിന്നും വിരമിക്കുമ്പോൾ പതിനഞ്ചു വർഷം സർവ്വീസ് ഉണ്ടെങ്കിൽ നിലവിലെ സക്കീം പ്രകാരം മെഡിക്കൽ ആനുകുല്യങ്ങൾക്ക് അർഹതഉണ്ടായിരുന്നു. സമാനമായ വ്യവസ്ഥകളാണ് മറ്റെല്ലാ എണ്ണ കമ്പനികളിലുമുള്ളത്.

ബിപിസിഎൽ വാങ്ങാൻ തയ്യാറായി നിൽക്കുന്ന സ്വകാര്യ കമ്പനികളുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബിപിസിഎൽ മനേജ്‌മെന്റ്. വിൽപനയ്ക്ക് പശ്ചാത്തലമൊരുക്കാൻ
ജീവനക്കാർക്കുള്ള ചികിൽസാ സൗകര്യങ്ങൾവരെ നിഷേധിക്കുന്ന ബിപി സി എൽ മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾ പിൻവലിക്കണമെന്നാ വിശ്യപെട്ട് റിഫൈനറിയിലെ എല്ലാ തൊഴിലാളി യൂണിയനുകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ കരിദിനാചരണം സംഘടിപ്പിച്ചത്.കരിദിനത്തിൽ തൊഴിലാളികൾ പണിയിടങ്ങളിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. രാവിലെ റിഫൈനറി ഗെയിറ്റിൽ നടത്തിയ പ്രതിഷേധധർണ്ണക്ക് അജി എം ജി, പ്രവീൺ കുമാർ പി, നസീമുദ്ദീൻ എസ് കെ, കൃഷ്ണകുമാർ ടി ആർ, എൻ.ആർ.മോഹൻ കുമാർ, സി.കെ.ജോൺസ്,ഷിഹാബുദ്ദീൻ,അനൂപ്. എസ് തുടങ്ങിയവർ നേതൃത്വം നൽകി.