- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യങ്കാളിയുടെ 80ാം ചരമവാർഷികം ഇന്ന്; അയിത്ത ജാതിക്കാരെ മനുഷ്യ പദവിയിലേക്ക് എത്തിച്ച വെങ്ങാനൂരിന്റെ വിപ്ലവ നായകനെ അനുസ്മരിച്ച് കേരളം
കോട്ടയം: കേരളത്തിലെ ജാതി വ്യവസ്ഥയെ തകിടം മറിച്ച് അയിത്ത ജാതിക്കാരെ മനുഷ്യ പദവിയിലേക്ക് എത്തിച്ച അയ്യങ്കാളിയുടെ 80ാം ചരമവാർഷികം ഇന്ന്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ 1863 ൽ ജനിച്ച അയ്യങ്കാളി 1905 ൽ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം തുടങ്ങിയത്. അധഃസ്ഥിത ജനതയ്ക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്‌രത്തിനുവേണ്ടിയായിരുന്നു ആദ്യ പോരാട്ടം. ഉയർന്നശ്രേണിയിലുള്ളവർ മാത്രമുപയോഗിച്ചിരുന്ന വില്ലുവണ്ടിയിൽ തിരുവനന്തപുരത്തെ പൊതുവഴിയിലൂടെ 'വില്ലുവണ്ടി യാത്ര' നടത്തി അദ്ദേഹം ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചു. എല്ലാ ജാതിക്കാർക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്‌രം ലഭിച്ചതോടെയാണ് ആ സമരം അവസാനിച്ചത്.
1905 ൽ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീർന്നു. അധ:സ്ഥിതർക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കാൻ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങൾക്ക് അയ്യങ്കാളി നേതൃത്വം നല്കി. സാധുജനപരിപാലന യോഗം എന്ന പൊതു സംഘടനയുടെ കീഴിൽ വ്യത്യസ്തരായ അധ:സ്ഥിത വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ അയ്യങ്കാളിക്ക് സാധിച്ചു. 1904ൽ അദ്ദേഹം മുൻകയ്യെടുത്ത് അധ:സ്ഥിതർക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് സർക്കാർ തന്നെ 1908ൽ ദളിതർക്കായി വെങ്ങാനൂർ പുതുവൽവിളാകം എന്ന പേരിൽ ഒന്നും രണ്ടും ക്ലാസുകളുള്ള ഒരു സ്‌കൂൾ അനുവദിച്ചു. പക്ഷെ എല്ലാ സർക്കാർ സ്‌കൂളുകളിലും അധ:സ്ഥിതർക്ക് പ്രവേശനം നല്കണമെന്ന് അയ്യങ്കാളി വാദിച്ചു. എന്നാൽ സവർണ്ണർ ഇതിന് എതിര് നിന്നു. ഇതിന്റെ പേരിൽ വിവിധ സ്‌കൂളുകളിൽ സംഘട്ടനങ്ങൾ നടന്നു. തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളിൽ മുട്ടിപ്പുല്ലു മളപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി നേതൃത്വം നല്കി.
1914ൽ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. കുണ്ടള, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെയും മടവൂർ മുതൽ വിഴിഞ്ഞം വരെയുള്ളസ്ഥലങ്ങളിലെയും കൃഷിപ്പണി നിലച്ചു. ജന്മിമാരുടെ ഭീഷണിക്ക് മുന്നിൽ ആരും വഴങ്ങിയില്ല. അധ:സ്ഥിതരായ കർഷകത്തൊഴിലാളികൾ അന്ന് താളും തകരയും കിഴങ്ങുകളും മത്സ്യവും കൊണ്ട് വിശപ്പടക്കി. ഒടുവിൽ അധ:സ്ഥിതരുടെ മക്കൾക്ക് വിദ്യാലയപ്രവേശം നല്കാൻ സർക്കാർ സമ്മതിച്ചു. തിരുവിതാം കൂറിൽ കർഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്.
1910 ൽ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു. 25 വർഷം അംഗത്വം തുടർന്നു. ഹരിജന ബാലകർക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയിൽ ഫലപ്രദമായി അദ്ദേഹം വാദിച്ചു.
സാമൂഹിക ജീർണതകളുടെ മാറാപ്പുകൾ പേറേണ്ടി വന്ന ഒരു ജനതയെ മനുഷ്യരാക്കി മാറ്റാൻ മഹാത്മാ അയ്യങ്കാളി തന്റെ കർമമണ്ഡലത്തിൽ അശ്രാന്ത പരിശ്രമങ്ങൾ നടത്തി. വിദ്യകൊണ്ട് മാത്രമേ ഒരു ജനതക്ക് സമൂല മാറ്റം സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്ന തിരിച്ചറിവിൽനിന്നാണ് തന്റെ വിഭാഗത്തിൽ (സാധുജനങ്ങൾക്ക്) പെട്ടവർക്ക് വിദ്യ നിഷേധിച്ചാൽ കാണായ പാടങ്ങളെല്ലാം തരിശിടുമെന്ന തന്റെ ഉഗ്ര പ്രതിജ്ഞയും 1907ലെ കാർഷിക പണിമുടക്കവും ഉടലെടുത്തത്. അധികാര ശ്രേണിയിലത്തെപ്പെടണമെങ്കിൽ ഭൂമിയുടെ രാഷ്ട്രീയവും അധികാരവുമുണ്ടാകണമെന്ന് ചരിത്രത്തിൽ ആദ്യമായി തിരിച്ചറിഞ്ഞതും മഹാത്മാ അയ്യങ്കാളിയാണ്.
സാധുജനങ്ങൾക്ക് സ്വന്തമായി അഞ്ച് ഏക്കറിൽ കുറയാതെ പുതുവൽ ഭൂമി (സർക്കാർ ഭൂമി) പതിച്ചുനൽകണമെന്ന് മഹാത്മാ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ 1912ൽ ആവശ്യപ്പെട്ടു. എന്നാൽ, ജനകീയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാവപ്പെട്ട ദലിത് ജനവിഭാഗത്തിന് 'കുടികിടപ്പുകൾ' മാത്രം നൽകി. കൃഷിഭൂമി അവർക്ക് അന്യമാക്കി അവരെ വെറും കുടികിടപ്പുകാരാക്കി കോളനികളിൽ സ്ഥിരപ്പെടുത്തി അവന്റെ സാമൂഹിക വികസനത്തെ തകിടംമറിക്കുകയാണ് ചെയ്തത്.
അടിമത്തത്തിന്റെ അടയാളപ്പെടുത്തലുകളായി അധ$കൃത സ്ത്രീകൾ കഴുത്തിൽ അണിഞ്ഞിരുന്ന കല്ലുമാലയെന്ന ചുവന്ന കണ്ണാടിച്ചില്ലുകൾ കൊണ്ടുള്ള ആഭരണം 1914ൽ പൊട്ടിച്ചെറിഞ്ഞതിനെ തുടർന്ന് കൊല്ലം ജില്ലയിൽ പെരിനാട് നടന്ന വിപ്‌ളവത്തെ പെരിനാട് ലഹള എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ടാൽതന്നെ കീഴ്ജാതിക്കാരെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന കല്ലുമാലകൾ ഉപേക്ഷിച്ച സ്ത്രീകളെ അത് വീണ്ടും ധരിക്കാൻ നിർബന്ധിച്ച നായർ പ്രമാണിമാരുടെ സമ്മർദങ്ങളെ അതിജീവിച്ച ആ വിപ്‌ളവം നടന്നു ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും വരേണ്യതയുടെ ചരടുകൾ സ്വന്തം കൈകളിൽ കെട്ടി മനുസ്മൃതിയുടെ ശാസനകൾ തിരികെ കൊണ്ടുവരാൻ ചരിത്രബോധമില്ലാത്ത ദലിത് നേതൃത്വങ്ങൾ സംഘ്പരിവാർ ശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായി നടക്കുന്ന വിചിത്രമായ കാഴ്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിന ആഘോഷങ്ങളിൽ ചർച്ചചെയ്യേണ്ടിയിരിക്കുന്നു.
ദലിതർക്ക് സർക്കാർ സർവിസുകളിൽ ജോലിസംവരണം, പ്രത്യേക കോടതി, വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ആവശ്യമായ പശ്ചാത്തലം ഒരുക്കൽ, സർവോപരി തൊഴിലാളികൾ ആഴ്ചയിൽ ഒരുദിവസം (ഞായറാഴ്ച) ശമ്പളത്തോടുകൂടി അവധി എന്നിവ നേടിയെടുക്കുന്നതിന് ട്രേഡ് യൂനിയനുകൾ രൂപംകൊള്ളുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മഹാത്മ അയ്യങ്കാളി പ്രജാസഭയിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുകയുണ്ടായി. ജനസംഖ്യാനുപാതികമായി പ്രജാസഭയിൽ ദലിതർക്ക് അംഗത്വം നൽകണമെന്ന് മഹാത്മാ അയ്യങ്കാളി ആവശ്യപ്പെട്ടു. ഡോ. ബി.ആർ. അംബേദ്കർ കമ്യൂണൽ അവാർഡ് പൂനാപാക്ടിലൂടെ ആവശ്യപ്പെട്ടതുപോലെ തിരുവിതാംകൂറിൽ അയ്യങ്കാളിയുടെ നിവേദനവും വേണ്ടതരത്തിൽ പരിഗണിക്കപ്പെട്ടില്ല.
ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചിരുന്നു. തന്റെ സമുദായത്തിൽപെട്ട പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം മരിക്കാൻ എന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നാണ് അന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞത്.
1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരിൽ നടത്തിയ പ്രസംഗത്തിൽ പുലയരുടെ രാജാവെന്നാണ് അയ്യാൻകാളിയെ വിശേഷിപ്പിച്ചത്. ദളിതരുടെ സഞ്ചാരസ്വാതന്ത്യ്‌രത്തിന്വേണ്ടി 1893ൽ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്. മണികെട്ടിയ രണ്ട് കാളകൾ വലിച്ച വില്ലുവണ്ടിയിൽ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. അന്ന് അയിത്തജാതിക്കാർക്ക് ഈ പാതയിലൂടെ യാത്രചെയ്യാൻ അവകാശമുണ്ടായിരുന്നില്ല. 1941 ജൂൺ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊർജം പകരർന്ന കർമ്മയോഗി അന്തരിച്ചു.
പക്ഷെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാൻ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്‌ത്തി. പക്ഷെ ഇത്തരം തരംതാഴ്‌ത്തലുകളിൽ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയർത്തിയ പോരാട്ട വീര്യം.