ബ്രിട്ടനിൽ വർക്ക് ഫ്രം ഹോം മൗലികാവകാശമാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതിനിടെ, പല കമ്പനികളും, പ്രധാനമായും ഐ ടി മേഖലയിലുള്ള കമ്പനികൾ പല ജോലികളും പുറം കരാർ (ഔട്ട് സോഴ്സിങ്) നൽകുവാൻ പദ്ധതികൾ തയ്യാറാക്കുകയാണ്.

അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ധാരാളം ജോലികൾ ഇത്തരത്തിൽ ഔട്ട്സോഴ്സിങ് ചെയ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പറയുന്നത്.ഏകദേശം250 ബ്രിട്ടീഷ് കമ്പനികളിൽ നടത്തിയ സർവ്വേയിൽ, മൂന്നിലൊന്ന് കമ്പനികളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ 33 ശതമാനം ജോലികളും ഔട്ട്സോഴ്സിങ്‌ചെയ്യുമെന്ന് വ്യക്തമാക്കി.

ഈ ഒരു നീക്കം ഏറെ ഗുണം ചെയ്യുക ഇന്ത്യയ്ക്കായിരിക്കും. ബ്രിട്ടനും അമേരിക്കക്കും വെളിയിൽ, ഇത്രയധികം ഇഗ്ലീഷ് സാക്ഷരതയുള്ള മറ്റൊരു ജനതതി ഇല്ല. മാത്രമല്ല, ഐടി രംഗത്ത് ഇന്ത്യ കൈവരിച്ചിരികുന്ന മികവും ഈ മേഖലയിലെ അനുഭവസമ്പന്നരായ സാങ്കേതിക വിദഗ്ദരുടെ ലഭ്യതയും ഇത്തരത്തിലുള്ള പുറം കരാർ പണികളിൽ പ്രഥമ പരിഗണന ഇന്ത്യയ്ക്ക് നേടിക്കൊടുക്കും എന്നതിൽ സംശയമില്ല. മാത്രമല്ല, ഇത്തരത്തിലുള്ള ജോലികൾ ഏറ്റെടുത്തുള്ള പരിചയവും ഇന്ത്യൻ കമ്പനികൾക്കുണ്ട്.

കെമിക്കൽ കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് അവയുടെ ഐ ടിസേവന മേഖല മുഴുവനുമായോ ഭാഗികമായോ ഔട്ട്സോഴ്സ് ചെയ്യുവാൻ താത്പര്യപ്പെടുന്നത്. ചെലവ് കുറയ്ക്കൽ തന്നെയാണ് പ്രധാന ലക്ഷ്യം. ബ്രിട്ടനിൽ ഒരാളെ നിയമിച്ച് ഈ ജോലികൾ ചെയ്യിക്കുന്നതിന്റെ നാലിലൊന്നു തുകമാത്രമാണ് ഈ ജോലി ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്താൽ ചെലവാകുക. ഈ സാമ്പത്തിക ലാഭം തന്നെയാണ് ഔട്ട്സോഴ്സിംഗിനെപല ബ്രിട്ടീഷ് കമ്പനികൾക്കും പ്രിയമുള്ളതാക്കുന്നത്.

നേരത്തേ വർക്ക് ഫ്രം ഹോം എന്നത് ഒരു മൗലിക അവകാശമാക്കുവാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ചർച്ചകൾക്കിടയിൽ വർക്ക്-ഫ്രം - ഹോം വിപ്ലവം തുടരുകയാണെങ്കിൽ ഏകദേശം ആറ് ദശലക്ഷം വൈറ്റ് കോളർ ഉദ്യോഗങ്ങൾ ബ്രിട്ടന് നഷ്ടപ്പെടുമെന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഗ്ലോബൽ ചേഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൂചിപ്പിക്കുന്നത്, ബ്രിട്ടീഷ് കമ്പനികൾ കൂടുതലായി ഔട്ട്സോഴ്സിംഗിനെ ആശ്രയിക്കാൻ സാധ്യതയുണ്ട് എന്നുതന്നെയാണ്.