- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി; മിൽക്കാ സിങിനെ മരണം വിളിച്ചത് കോവിഡിലൂടെ; ഭാര്യ മരിച്ചതും ദിവസങ്ങൾക്ക് മുൻപ്; ഇന്ത്യയെ രാജ്യാന്തര തലത്തിൽ എത്തിച്ച ഇതിഹാസ താരത്തിന് എങ്ങും ആദരാഞ്ജലികൾ, അനുശോചിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും
ചണ്ഡീഗഡ്: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. മെയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓക്‌സിജൻ നില താഴ്ന്നതിനെ തുടർന്ന് ജൂൺ മൂന്ന് മുതൽ ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മിൽഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മിൽഖയുടെ വേർപാടിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ അനുശോചിച്ചു. ഒരു പടുകൂറ്റൻ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മിൽഖയുടെ വേർപാടിൽ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
In the passing away of Shri Milkha Singh Ji, we have lost a colossal sportsperson, who captured the nation's imagination and had a special place in the hearts of countless Indians. His inspiring personality endeared himself to millions. Anguished by his passing away. pic.twitter.com/h99RNbXI28
- Narendra Modi (@narendramodi) June 18, 2021
പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന മിൽഖ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിങ് 1956 മെൽബൺ ഒളിമ്പിക്‌സിലും 1960 റോം ഒളിമ്പിക്‌സിലും 1964 ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.
നിലവിൽ പാക്കിസ്ഥാന്റെ ഭാഗമായ ഫൈസലാബാദിലാണ് മിൽഖാ സിങ്ങിന്റെ ജനനം. ഒളിംപിക്‌സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ അത്ലീറ്റാണ് മിൽഖാ സിങ്. 1960 ലെ റോം ഒളിംപിക്‌സിൽ ഫോട്ടോ ഫിനീഷിലാണ് മിൽഖ സിങ്ങിന് മൂന്നാം സ്ഥാനം നഷ്ടമായത്. 1958-ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും അദ്ദേഹം സ്വർണം നേടിയിട്ടുണ്ട്. 1964-ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1959-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
1958ൽ വെയ്ൽസിലെ കാർഡിഫ് അതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിലൂടെ (അന്നു ബ്രിട്ടിഷ് എംപയർ ആൻഡ് കോമൺവെൽത്ത് ഗെയിംസ്) മിൽഖ സിങ്ങാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കിൽനിന്ന് ആദ്യമായി സ്വർണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മിൽഖ ചരിത്രത്തിൽ ഇടംനേടിയത്. അതിനുമുൻപ് ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യക്കാർ സ്വർണം നേടിയിട്ടുണ്ടെങ്കിലും ഭൂഖണ്ഡാന്തര മേള എന്ന പദവിയെ അതിനുള്ളൂ.
The passing of sporting icon Milkha Singh fills my heart with grief. The story of his struggles and strength of character will continue to inspire generations of Indians. My deepest condolences to his family members, and countless admirers.
- President of India (@rashtrapatibhvn) June 18, 2021
2013 ൽ പ്രസിദ്ധീകരിച്ച 'ദ് റേസ് ഓഫ് മൈ ലൈഫ്' മിൽഖ സിങ്ങിന്റെ ആത്മകഥയാണ്. കഷ്ടപ്പാടുകളിൽനിന്നു കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓട്ടക്കാരൻ മിൽഖാ സിങ്ങിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത 'ഭാഗ് മിൽഖാ ഭാഗ്'. മിൽഖ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച് ദിവസങ്ങൾക്കു മുൻപാണ് അന്തരിച്ചത്. ഗോൾഫ് താരം ജീവ് മിൽഖ സിങ് ഉൾപ്പെടെ നാലു മക്കളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ