ന്യൂഡൽഹി: കുംഭമേളയ്ക്കിടെ കോവിഡ് ടെസ്റ്റിന്റെ പേരിൽ സ്വകാര്യ ലാബുകൾ കോടികളുടെ അഴിമതി നടത്തിയതായി റിപ്പോർട്ട്. സ്വകാര്യ ലാബുകൾ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങൾ നൽകിയെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ഹരിദ്വാർ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷം നടത്താൻ ഉത്തരഖാണ്ഡ് സർക്കാർ ഉത്തരവിട്ടു.

ഈ വർഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരിൽ വൻ അഴിമതി നടന്നത്. സ്വകാര്യ ലാബുകൾ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങൾ നൽകിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂർത്തീകരിക്കുന്നതിനാണ് ലാബുകൾ ക്രമക്കേട് നടത്തിയതെന്നാണ് വിവരം.

മേളയക്കെത്തുന്നവരെ പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു. എന്നാൽ ലാബുകൾ നൽകിയ റിപ്പോർട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജമാണെന്നാണ് കണ്ടെത്തൽ. വ്യാജ പേരുകളും തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറുകളും ആവർത്തിച്ച് വന്നതാണ് സംശയത്തിനിടയാക്കിയത്. ഹരിദ്വാർ, ഡെറാഡൂൺ, റൂർക്കി, ഹരിയാണ എന്നിവടിങ്ങളിലെ ലാബുകളാണ് വ്യാപക ക്രമക്കേട് നടത്തിയത്. ഈ ലാബുകളിൽ മൊത്തം 2,51,457 പേർക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ 2,07,159 ആന്റിജൻ പരിശോധനകളും 44,278 എണ്ണം ആർടി-പിസിആറുമാണ്.

രണ്ട് ലക്ഷത്തിലധികം ആന്റിജൻ പരിശോധനകൾ നടത്തിയപ്പോൾ 1,023 പേർ മാത്രമാണ് പോസിറ്റീവ് പരീക്ഷിച്ചത്. ആർടി-പിസിആറിൽ 1,250 റിപ്പോർട്ടുകൾ പോസിറ്റീവായി. മറ്റെല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ പകുതിയോളവും വ്യാജ റിപ്പോർട്ടുകളാണെന്നാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലാബുകൾക്ക് നൽകേണ്ടിയിരുന്ന പേയ്മെന്റുകൾ സർക്കാർ തടഞ്ഞുവെച്ചിട്ടുണ്ട്.