പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഒരാഴ്‌ച്ചകൊണ്ട് മൂന്നിലൊന്ന് വർദ്ധിച്ച് 10,321 ൽ എത്തി. ഫെബ്രുവരി മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതോടെ, നിലവിലുള്ള വേഗതയിൽ വാക്സിനേഷൻ പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയാണെങ്കിൽ ഡെൽറ്റ വകഭേദത്തെ ബ്രിട്ടന് ചെറുക്കാനാവില്ലെന്ന വികാരമാണ് രാജ്യമെങ്ങും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പുതിയതായി രോഗം ബാധിക്കുന്നവരുടേ എണ്ണം 10,000 കടന്നത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്.

അതേസമയം, മരണനിരക്ക് പിടിച്ചുകെട്ടാനാകുന്നത് ഏറെ ആശ്വാസവും നൽകുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച്ച 12 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 14 കോവിഡ് മരണങ്ങളായിരുന്നു. മരണനിരക്കിലും വർദ്ധനവ് ഉണ്ടെങ്കിലും, രോഗവ്യാപന തോതിനോളം വേഗത്തിൽ അത് ഉയരുന്നില്ലെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. ഇതോടെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,27,970 പേരാണ് ബ്രിട്ടനിൽ കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ മറ്റൊരു രേഖയിൽ പറയുന്നത് മരണസർട്ടിഫിക്കറ്റിൽ കാരണമായി കോവിഡ് രേഖപ്പെടുത്തിയവരുടേ എണ്ണം 1,53,000 വരുമെന്നാണ്.

സർക്കാർ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഇതുവരെ 7,37,66,593 വാക്സിൻ ഡോസുകളാണ് നൽകിയിരിക്കുന്നത് ഇതിൽ 4,26,79,268 എണ്ണം ആദ്യ ഡോസുകളാണ്. ജൂൺ 18 ലേതാണ് ഈ കണക്ക്. ഇതനുസരിച്ച് തൊട്ടു മുൻപത്തെ ദിവസത്തേക്കാൾ 2,8,636 ഡോസുകളുടെ വർദ്ധനവാണ് ഒരു ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ ഡോസുകളുടേ എണ്ണത്തിൽ 1,88,858 എണ്ണത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്റ്റേഡിയങ്ങളും ഫുട്ബോൾ ഗ്രൗണ്ടുകളും വാക്സിൻ ക്യാമ്പുകളാക്കി മാറ്റിയതിനു ശേഷം ആയിരക്കണക്കിന് വാക്സിനുകളാണ് ഒരു ദിവസം നൽകിപ്പോരുന്നത്. എന്നാൽ, ഡൽറ്റ വകഭേദത്തെ ചെറുക്കാൻ ഇത് മതിയാകുന്നില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. അതിനിടയിൽ വിദേശയാത്ര കഴിഞ്ഞെത്തുന്ന, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പകരം പത്തുദിവസവും ദിവസേന കോവിഡ് പരിശോധന നടത്തേണ്ടതായി വരും.

ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ നിർദ്ദേശത്തോട് യോജിക്കുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റി ഇതുസംബന്ധിച്ച് 40,000 വ്യക്തികളിൽ നടത്തുന്ന പഠനത്തിന്റെ ഫലം പുറത്തുവന്നതിനു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക. ഇത്തരത്തിൽ ഒരു രീതി അമേരിക്കയിൽ ഇപ്പോൾ തന്നെ ഉണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഉപദേശം നൽകുന്ന പ്രൊഫസർ ആഡം ഫിൻ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്, നിലവിലുള്ള വേഗതയിൽ വാക്സിൻ പദ്ധതി മുന്നോട്ട് പോയാൽ ഡൽറ്റ വകഭേദത്തെ തളയ്ക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ്. രോഗവ്യാപന തോത് ഉയരുകയാണെങ്കിലും, കഴിഞ്ഞയാഴ്‌ച്ച ഭയപ്പെട്ടിരുന്ന നിരക്കിലുള്ള വർദ്ധനവ് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.