ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം കോവിഡ് ബാധിച്ചയാൾ അവസാനം മരണത്തിന് കീഴടങ്ങി. 14 മാസവും 15 ദിവസവും ആശുപത്രിയിൽ ഈ മാരകരോഗത്തിനോട് മല്ലിട്ടശേഷമാണ് ജാസൺ കെൽക്ക് എന്ന 49 കാരൻ മരണത്തിനു കീഴടങ്ങിയത്. വെസ്റ്റ് യോർക്ക്ഷയറിലെ ലീഡ്സിലുള്ള സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാൾ ഇനിയും ഏറെക്കാലും ചികിത്സയുമായി മുന്നോട്ട് പോകാനാകില്ലെത്ത തിരിച്ചറിവിൽ ചികിത്സകളെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

കഴിഞ്ഞവർഷം മാർച്ച് 31 നായിരുന്നു ലീഡ്സിലുള്ള ഒരു പ്രൈമറി സ്‌കൂളിലെ ഐ ടി അദ്ധ്യാപകനായ ജാസണെ ആശുപത്രിയിൽ പ്രവേശിപിച്ചത്. അന്നുമുതൽ അയാൾ ആശുപത്രിയിൽ തന്നെയായിരുന്നു. ഇന്നലെ രാവിലെ അയാളെ അവിടെനിന്നും ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. അവിടെ അയാൾ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം തന്റെ അവസാന മണിക്കൂറുകൾ ചെലവഴിച്ചു. 63 വയസ്സുള്ള ഭാര്യ സ്യുവും അവരുടെ ആദ്യവിവാഹത്തിലെ അഞ്ച് മക്കളും പിന്നെ എട്ടു പേരക്കുട്ടികളും അയാളൊടൊപ്പം അന്ത്യനിമിഷങ്ങളിൽ ഉണ്ടായിരുന്നു.

അവസാനമില്ലാതെ നീണ്ടുപോയ കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ വിജയം സാധ്യമല്ലെന്ന തിരിച്ചറിവിലാണ് ചികിത്സയുമായി മുന്നോട്ട് പോകേണ്ടെന്ന് തന്റെ ഭർത്താവ് തീരുമാനിച്ചതെന്ന് സ്യു പറഞ്ഞു. കഴിഞ്ഞ 20 വർഷങ്ങളായി തന്റൊപ്പമുള്ള ഭർത്താവിന്റെ വേർപാട് സഹിക്കാൻ ആകാത്തതാണെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തിന് എല്ലാം വിട്ടുകൊടുക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹവും ആസ്തമയുമുള്ള ജേസണെ കഴിഞ്ഞവർഷം മാർച്ച് 31 നായിരുന്നു കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 3ന് രോഗം ഗുരുതരമായതോടെ ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിച്ചു. അന്നുമുതൽ, ജീവനുവേണ്ടി പോരാടി അയാൾ അവിടെത്തന്നെ കഴിയുകയായിരുനു. ശ്വാസകോശങ്ങളിൽ കഠിനമായി ബാധിച്ച വൈറസ് വൃക്കകളുടെ പ്രവർത്തനത്തേയും തളർത്തിയിരുന്നു. കഠിനമായ ആമാശയ രോഗങ്ങളും അലട്ടിയിരുന്ന അയാൾക്ക് അന്ത്യകാലങ്ങളിൽ ട്യുബ് വഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്.

ഗസ്സ്ട്രോപാരെസിസ് ബാധിച്ചതിനാൽ തുടർച്ചയായി ശർദ്ദിക്കുമായിരുന്ന അയാൾക്ക്, ആശുപത്രിയിലായിരുന്ന കാലമത്രയും പരസഹായമില്ലാതെ നടക്കുവാൻ കഴിയുമായിരുന്നില്ല. അതിനുപുറമേ, കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇയാൾക്ക് വല്ലപ്പോഴും മാത്രമായിരുന്നു താൻ ഏറെ സ്നേഹിക്കുന്ന ഭാര്യയെ കാണാൻ കഴിഞ്ഞിരുന്നത്. ഈ വർഷം മാർച്ചിൽ തുടർച്ചയായ 15 ദിവസം ഇയാൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ കഴിഞ്ഞതോടെ ഏറെ പ്രതീക്ഷകൾ ഉയർന്നിരുന്നു.

വൃക്കകളുടെ പ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്ന കൃത്രിമ സംവിധാനങ്ങളും എടുത്തുമാറ്റിയിരുന്നു. മാത്രമല്ല, ആശുപത്രിയുടെ പുരയിടത്തിൽ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ജാസണ് എത്രയും പെട്ടെന്ന് തന്റെ സ്വന്തം വീട്ടിൽ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായി ഭാര്യ പറയുന്നു. എന്നാൽ, ഇടയ്ക്കിടെ അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നശിക്കുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ അയാളുടെ ആരോഗ്യം ക്രമമായി മെച്ചപ്പെടുകയായിരുന്നു.

ചായയും ചെറു പലഹാരങ്ങളുമെല്ലാം ആസ്വദിക്കുവാൻ തുടങ്ങിയ അയാൾ തനിക്കേറ്റവും പ്രിയപ്പെട്ട കമ്പ്യുട്ടർ കോഡിംഗിലേക്കും തിരിഞ്ഞു. എന്നാൽ മെയ്‌ മാസത്തോടെ കാര്യങ്ങൾ തലകീഴായി മറിയുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും കടുത്ത അണുബാധയിൽ നിന്നും മുക്തനാകാൻ തന്റെ ഭർത്താവിന് കഴിഞ്ഞില്ലെന്ന് സ്യു പറയുന്നു. പിന്നീട് മുഴുവൻ സമയവും വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണെന്ന ഘട്ടം വന്നപ്പോഴാണ് മനസ്സുമടുത്ത് മരണത്തെ പുൽകാൻ ജേസൺ തീരുമാനിച്ചത്.