കൊച്ചി: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക മാസ് വാക്സിനേഷൻ ക്യാമ്പിന് കൊച്ചി ഇൻഫോപാർക്കിൽ തുടക്കമായി. പി.ടി തോമസ് എംഎൽഎ ഉൽഘാടനം ചെയ്തു. ഐടി കമ്പനികളിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഇൻഫോപാർക്ക് നേരിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ 8000 ഡോസ് വാക്സിനാണ് വിതരണം ചെയ്യുന്നത്. കാമ്പസിൽ നടന്ന ചടങ്ങിൽ പി.വി ശ്രീനിജൻ എംഎൽഎ, കേരള ഐടി പാർക്സ് സിഇഒ. ജോൺ എം തോമസ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എല്ലാ ജീവനക്കാർക്കും വാക്സിൻ ഉറപ്പാക്കി ഇൻഫോപാർക്കിനെ വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് മാസ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്) ഹോസ്പിറ്റലാണ് ക്യാമ്പിന് ആവശ്യമായ വാക്സിൻ കൊച്ചിയിലെത്തിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഇൻഫോപാർക്കിൽ ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്.