- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന്; രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിൽ പരീക്ഷണം തുടങ്ങി
ന്യൂഡൽഹി: സെപ്റ്റംബറോടെ കുട്ടികൾക്കുള്ള കോവാക്സിൻ വിതരണം ചെയ്യുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഇതിന്റെ ട്രയലുകൾ പട്ന എയിംസിൽ നടക്കുകയാണ്. രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിലാണു പരീക്ഷണം. ഡൽഹി എയിംസ് ട്രയൽ സ്ക്രീനിങ് തുടങ്ങി.
ഫൈസർ വാക്സീനു കൂടി ഇന്ത്യയിൽ അംഗീകാരം കിട്ടിയാൽ അതും കുട്ടികൾക്കു നൽകുമെന്നു ഗുലേറിയ പറഞ്ഞു. അതേസമയം കോവിഡിന്റെ മൂന്നാംഘട്ടം കുട്ടികളെ അധികമായി ബാധിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസും ലോകാരോഗ്യസംഘടനയും നടത്തിയ സർവേയിൽ മുതിർന്നവരെ ബാധിക്കുന്ന രീതിയിൽത്തന്നെയാണ് കുട്ടികളെയും കോവിഡ് ബാധിക്കുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.
അതേസമയം രാജ്യത്തെ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി തുടങ്ങി. നിലവിൽ രാജ്യത്ത് 6.43 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 82 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിൽ 50,848 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,358 മരണം. 68,817 പേർ രോഗമുക്തരായി.
88.09 ലക്ഷം ഡോസ് നൽകി റെക്കോർഡിട്ടതിന്റെ മൂന്നാം ദിവസമായ ഇന്നലെ വൈകിട്ട് വരെ 56.63 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്തു. രാജ്യത്ത് ആകെ 29 കോടി ഡോസ് ഇതിനകം നൽകി.