- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും; അതോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല: ഉമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് കണ്ണൂർ ഷെരീഫ്
കോവിഡ് ബാധിച്ചു മരിച്ച മാതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായകൻ കണ്ണൂർ ഷരീഫ്. കോവിഡ് ബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് ഷരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തലോന്റെ മരണം സംഭവിക്കുന്നത്. താനും കുടുംബവും ക്വാറന്റീനിൽ ആയിരുന്നതിനാൽ അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാൻ സാധിച്ചില്ലെന്ന് ഷരിഫ് പറയുന്നു. ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയിൽക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാർത്ത തന്നെ തേടിയെത്തിയതെന്നും അതുമായി പൊരുത്തപ്പെടാൻ എത്ര ശ്രമിച്ചിട്ടും മനസ്സിനു കഴിയുന്നില്ലെന്നും ഷരീഫ് കുറിക്കുന്നു.
ഷരീഫിന്റെ കുറിപ്പ്
' ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സിൽ വാപ്പ മരണപ്പെടുമ്പോൾ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട് മരണം വരെ മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്തു ഉമ്മ. ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ..! വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്. ചെറുപ്പത്തിൽ ഞാൻ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ 'ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം' എന്നു പറഞ്ഞ് പഠിപ്പിച്ച്, അങ്ങനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ.
എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വയ്ക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്റെ തൊട്ടടുത്തു തന്നെ വേണം എന്നു തീരുമാനിച്ചത്. പ്രോഗ്രാമിന്റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും. ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. ഞാനും കുടുംബവും കോവിഡ് ബാധിച്ച് ക്വാറന്റീനിൽ ആയിരുന്നതിനാൽ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്‌സിജന്റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്നു തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ...
വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാൻ എനിക്ക് കഴിയാതെ പോയല്ലോ. ഉമ്മയുടെ അവസ്ഥ വളരെ മോശമാണെന്നറിഞ്ഞ് അവസാനമായി ഒരു നോക്കു കാണാൻ ഞാൻ ആശുപത്രിയിലെത്തിയെങ്കിലും അതിനു മിനിറ്റുകൾക്കു മുൻപ് ഉമ്മ വിടപറഞ്ഞു. അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല. കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്പമെങ്കിലും ശമിപ്പിക്കാൻ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കിൽ. വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.
പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്, ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്തിയുമൊന്നുമല്ല, നമ്മുടെ സാമീപ്യമാണ് അവർക്കു വേണ്ടത്. അവരെ ചേർത്തു പിടിക്കുക. ആ കരുതലാണ് അവർ ആഗ്രഹിക്കുന്നത്. അവർക്കൊരു
ഉമ്മ കൊടുക്കുക. ആ നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ. അതാണ്, അതു മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം.
ഓർക്കുക, നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്‌നങ്ങളാണ് മാതാപിതാക്കൾ. നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ. അവസാന ദിവസങ്ങളിൽ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, സങ്കട സമയങ്ങളിൽ, വിഷമിക്കല്ലേ എന്തിനും ഞങ്ങൾ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേർ, ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സൗഹൃദങ്ങൾ.. നന്ദി.. ഏവർക്കും.
പ്രിയമുള്ളവരേ, എത്രയോ കരുതലോടെയായിരുന്നു ഞങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങൾക്കിടയിൽ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവർന്നു. ഒന്നേ പറയാനുള്ളൂ. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായ് പ്രാർത്ഥിക്കുന്നു'