ദുബൈ: ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ദുബൈയിൽ വിമാനം തിരിച്ചിറക്കി. ഉടൻതന്നെ രോഗിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ദുബൈ പൊലീസ് എയർവിങും ദുബൈ കോർപറേഷൻ ആംബുലൻസ് സർവീസുമാണ് അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചയുടൻ തുടർനടപടികൾ സ്വീകരിച്ചത്.

റോഡപകടത്തിൽ പരിക്കേറ്റ യുറോപ്യൻ വനിതയെ വിദഗ്ധ ചികിത്സക്കായാണ് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാൽ വിമാനം പറന്നുയർന്ന് അധികനേരം കഴിയുന്നതിന് മുമ്പ് ഇവരുടെ ആരോഗ്യനില വഷളാവുകയും വൈദ്യസഹായം അത്യാവശ്യമായി വരികയും ചെയ്തു. തുടർന്ന് അടിയന്തര സന്ദേശം നൽകിയ ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് എയർവിങ് ഡയറക്ടർ കേണൽ അലി മുഹമ്മദ് ഫറജ് അൽ മുഹൈരി പറഞ്ഞു. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസ് എയർ വിങും മെഡിക്കൽ സംഘവും ഇവരെ ഹെലികോപ്റ്ററിൽ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.