- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദം ബാധിച്ച് അണ്ഡാശയം നീക്കി; രണ്ട് വർഷത്തിന് ശേഷം അമ്മയായി യുവതി
കൊച്ചി: അർബുദം ബാധിച്ച് അണ്ഡാശയം നീക്കം ചെയ്ത യുവതി രണ്ട് വർഷത്തിനുശേഷം കുഞ്ഞിനു ജന്മം നൽകി. ഫ്രോസൺ എംബ്രിയോ രീതി വഴി ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്. 3.1 കിഗ്രാം തൂക്കമുണ്ടായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
കാൻസർ ബാധയെ തുടർന്ന് 2018 ഒക്ടോബറിൽ അർബുദ ചികിത്സയ്ക്കു മുൻപ് അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്ഐ രീതികളിലൂടെ ബീജസങ്കലനം നടത്തി, ഭ്രൂണം ശീതീകരിച്ചു സൂക്ഷിക്കുകയായിരുന്നു. തുടർന്ന് 2 വർഷത്തെ ചികിത്സ കഴിഞ്ഞ്, 2020 ഓഗസ്റ്റിൽ രോഗമുക്തയായ ശേഷമാണു ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. ഹോർമോൺ ചികിത്സയിലൂടെ ഗർഭപാത്രം സാധാരണ നിലയിലാക്കിയ ശേഷമായിരുന്നു ഇത്.
അണ്ഡാശയത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ രോഗം ബാധിക്കാത്തതായി ശേഷിച്ചിരുന്നുള്ളൂ എന്നതിനാൽ ചികിത്സ എളുപ്പമായിരുന്നില്ലെന്ന് ആസ്റ്റർ മെഡ്സിറ്റി ഗൈനക്കോളജി സീനിയർ കൺസൽറ്റന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അൻവർ സാദത്ത് പറഞ്ഞു. വിവാഹിതയായി ഒരു വർഷത്തിനുശേഷമാണ് അങ്കമാലി സ്വദേശിനിയിൽ അർബുദം കണ്ടെത്തിയത്.