നാടോടികളായി നടന്നവരെ നാടുകളിൽ തളച്ചിട്ടത് 13,000 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഛിന്നഗ്രഹ പതനമാണെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തിൽ, ഡിനോസറുകൾ ഉൾപ്പടെയുള്ള പല ഉരഗങ്ങളുടെയും വംശനാശത്തിനു കാരണമായ ഛിന്നഗ്രഹ പതനത്തിനു ശേഷം ഭൂമിയിലെ ആവാസവ്യവസ്ഥയെ കാര്യമായി സ്വാധീനിച്ച ഒന്നായിരുന്നു 13,000 വർഷങ്ങൾക്ക് മുൻപ് നടന്നതെന്ന് ഗവേഷകർ പറയുന്നു. ഹിമയുഗത്തിൽ നടന്ന ഛിന്നഗ്രഹ പതനത്തിന്റെ അനന്തരഫലങ്ങൾ ഒരു സഹസ്രാബ്ദത്തോളം നീണ്ടുനിന്നിരുന്നു.

ബി. സി 10,000 മുതൽ ബി. സി. 4500 വേ നീണ്ടുനിന്നതായി കണക്കാക്കപ്പെടുന്ന നവീന ശിലായുഗം ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ഫലഫൂയിഷ്ടമായ ചന്ദ്രക്കല എന്നറിയപ്പെടുന്ന ഈജിപ്ത്, ഇറാഖ്, ലെബനൻ എന്നിവയടങ്ങിയ മേഖലയിലെ ജനങ്ങൾ നാടോടി ജീവിതത്തിൽ നിന്നും അകന്നുമാറി നാടുകളിൽ കൂട്ടംകൂടി താമസിക്കാൻ ആരംഭിച്ചതായി പുതിയ ചില പഠനങ്ങൾ തെളിയിക്കുന്നു.

ബഹിരാകാശവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രക്രിയയുടെ പ്രഭാവമാകാം മനുഷ്യന്റെ സ്വഭാവത്തിൽ വന്ന ഈ മാറ്റത്തിനു കാരണം എന്ന്ഗവേഷകർ പറയുമ്പോഴും അത് എന്താണെന്ന് കൃത്യമായി പറയുവാൻ ഇനിയും പഠനങ്ങൾ ആവശ്യമാണെന്നും അവർ പറയുന്നു. നിലവിലുള്ള ശാസ്ത്രീയ സ്രോതസ്സുകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാവുമെങ്കിലും, അതിന്റെ അനന്തരഫലങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇതിന്റെ ഫലമല്ലാതെ ഉണ്ടായ മാറ്റങ്ങളിൽ നിന്നും ഇവയെ വേരിതിരിച്ചെടുക്കാനും കഴിഞ്ഞെന്നു വരില്ല, ഗവേഷകർ പറയുന്നു.

ഫലപൂയിഷ്ടമായ ചന്ദ്രക്കല എന്നറിയപ്പെടുന്ന മേഖലയിലെ ആദ്യമായി നാഗരികത രൂപപ്പെട്ട കാലവുമായി ബന്ധപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ ആരാധനാലയമായി കണക്കാക്കുന്ന ഗൊബേക്കി ടെപെയിലെ വൻ കരിങ്കൽസ്തൂപങ്ങളിൽ ഇത്തരത്തിലൊരു പ്രപഞ്ച വിസ്മയം നടന്നതിന്റെ സ്മരണകൾ രേഖപ്പെടുത്തിയിട്ടുള്ളതായും ഗവേഷകർ പറയുന്നു. അതുകൊണ്ടുതന്നെ ഒരു ഛിന്നഗ്രഹ പതനമാണ് ഭൂമിയിൽ നാഗരികതയുടെ ആവിർഭാവത്തിന് കാരണമായത് എന്ന് കരുതാം എന്നാണ് ഒരുകൂട്ടം ഗവേഷകർ പറയുന്നത്.

അതിനിടയിൽ വടക്കൻ അമേരിക്കയിലും ഗ്രീൻലാൻഡിലും നടത്തിയ ഒരു പര്യവേക്ഷണത്തിൽ പ്ലാറ്റിനം അമിതമായ അളവിൽ മണ്ണിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ സാധാരണനിലയിൽ പ്ലാറ്റിനത്തിന്റെ സാന്നിദ്ധ്യം കുറവാണെങ്കിലും, ഛിന്നഗ്രഹങ്ങളിൽ ഇത് അമിതമായ അളവിൽ അടങ്ങിയിരിക്കുന്നു.

ഇതും ഇത്തരത്തിലൊരു ഛിന്നഗ്രഹ പതനം ഉണ്ടായി എന്നതിന്റെ തെളിവായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2019-ൽ തെക്കെ അമേരിക്കയിലെ വണ്ടർക്രേറ്റർ എന്ന സൈറ്റിലും ഇത്തരത്തിൽ പ്ലാറ്റിനം അമിതമായ അളവിൽ കണ്ടെത്തുകയുണ്ടായി.