നുഷ്യന്റെ പരിണാമ ദശകളെ കുറിച്ച് നിലവിലുള്ള സങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിക്കുന്ന ഒരു പുതിയ കണ്ടുപിടുത്തം. ഇതുവരെ നാം വിശ്വസിച്ചിരുന്നതുപോലെ നിയാൻഡർതാലുകളല്ല മനുഷ്യനോട് ഏറ്റവും അടുത്ത പൂർവ്വികർ എന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഹോമോ ലോംഗി എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഡ്രാഗൺ മാനാണ് മനുഷ്യനോട് ഏറ്റവും അടുത്തുള്ള പൂർവ്വികർ എന്നാണ് ചൈനയിലെ ഹെബീ ജിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വെളിപ്പെടുത്തുന്നത്.

1930-ൽ ഖനനം ചെയ്തെടുത്ത ഒരു അസ്ഥികൂടത്തിന്റെ പഠനത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. ചൈനയിലെ ഹീലോഗ്ജിയാംഗ് പ്രവിശ്യയിലെ സോംഗുവ നദിക്കരയിലുള്ള ഹാർബിൻ എന്ന സ്ഥലത്തുനിന്നാണ് ഇത് കണ്ടെത്തിയത്. ഹെബീയിലെ ജിയോ സയൻസ് മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ തലയോട് ലോകത്തിൽ ഇന്നുവരെ ലഭ്യമായിട്ടുള്ള ഹോമോ സ്പീഷീസിലെ തലയോടുകളിൽ വച്ച് ഏറ്റവും വലുതാണ്. പതിറ്റാണ്ടുകളോളംഒരു കിണറ്റിൽ ആരും കാണാതെ കിടന്നിരുന്ന ഈ അസ്ഥികൂടം 2017-ൽ ആയിരുന്നു ഗവേഷകർക്ക് പഠനത്തിനായി നൽകിയത്.

ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ തുല്യവലിപ്പമുള്ള തലച്ചോറാണ് ഡ്രാഗൺ മാനുമുള്ളത്. എന്നാൽ വലിയ കണ്ണുകളും വലിപ്പത്തിൽ തുറന്ന വായയും വലിയ പല്ലുകളും ഇവരുടെ മറ്റ് സവിശേഷതകളാണ്. ലോകത്തിൽ തന്നെ ഇന്നുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പൂർണ്ണമായ മനുഷ്യ അസ്ഥികൂടത്തിന്റെ ഫോസിലാണ് ഹാർബിനിൽ നിന്നും ലഭിച്ചത്. ആദിമ മനുഷ്യന്റെ ചില സ്വഭാവ സവിശേഷതകൾക്കൊപ്പം ഇവരെ ആദിമമനുഷ്യരിൽ നിന്നും വ്യത്യസ്തമാക്കുന്ന ചില സവിശേഷതകളും കണ്ടെത്താനായിട്ടുണ്ട്.

ഹാർബിനിൽ നിന്നും ലഭിച്ചത് ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ് ഗവേഷകർ കരുതുന്നത്. ഈ ഇനം മനുഷ്യരും പൂർവ്വികരെ പൊലെ വനാന്തരങ്ങളിൽ വേട്ടയാടി ജീവിച്ചവരാണ്. ഹോമോ സാപ്പിയൻസിനെ പോലെ ഇവരും സസ്തനികളേയും പക്ഷികളേയും ഭക്ഷിച്ചിരുന്നു. ഒപ്പം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇവരുടെ ഭക്ഷ്യ വിഭവമായിരുന്നു. ഈ ഇനത്തിൽ പെട്ടവർ ഏഷ്യാ ഭൂഖണ്ഡം മുഴുവൻ വ്യാപിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഈ ഫോസിലിൽ നടത്തിയ ജിയോ കെമിക്കൽ പരിശോധനകൾ തെളിയിക്കുന്നത് ഇതിന് ഏകദേശം 1,46,000 വർഷങ്ങളുടെ പഴക്കമുണ്ട് എന്നാണ്. ഹോമോ ലോംഗി എന്നറിയപ്പെടുന്ന ഇവരും ഹോമോ സാപ്പിയൻസും പരസ്പരം ബന്ധപ്പെട്ടിരിക്കാമെന്നും കരുതപ്പെടുന്നു.