- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതി ആവശ്യപ്പെട്ട് ഡോകടർമാർ സമരം നടത്തി
കൊച്ചി: (25.06.2021) മാവേലിക്കര സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സിവിൽ പൊലീസ് ഓഫീസർക്ക് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാൻ അവസരം ഒരുക്കിയതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ സമരം നടത്തി. ജീവൻ പണയം വച്ച് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് പ്രതിക്ക് ആഴ്‌ച്ചകളോളം ഒളിവിൽ കഴിയാനും അറസ്റ്റിൽ നിന്ന് ഒഴിവാകാനും സാധിച്ചതെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി.
പ്രതിയെ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരത്തിലാണ്. ഇതിന്റെ ഭാഗമായി ഇന്നലെ (25.06.21) എറണാകുളം ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും പ്രതിഷേധ ദിനം ആചരിച്ചു. സ്പെഷ്യാലിറ്റി ഒപി പൂർണമായും ബഹിഷ്‌ക്കരിച്ചും, ജനറൽ ഒപിയിൽ നിന്നും ഒരു മണിക്കൂർ വിട്ടുനിന്നുമാണ് നീതി നിഷേധത്തിനെതിരെ സമരം ചെയ്തത്.
ആലുവ ജില്ലാ ആശുപത്രിയിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സിറിൽ.ജി.ചെറിയാൻ, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ കെ.ജി.എം.ഒ.എ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. പി.കെ. സുനിൽ. മൂവാറ്റുപുഴ ജന. ആശുപത്രിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ജില്ലാ സെക്രട്ടറി ഡോ. കെ. പ്രശാന്ത് എന്നിവർ പ്രതിഷേധയോഗങ്ങളെ അഭിസംബോധന ചെയ്തു.
തൃപ്പൂണിത്തുറ, കോതമംഗലം, പെരുമ്പാവൂർ, കരുവേലിപ്പടി, പിറവം, ഫോർട്ട് കൊച്ചി, പള്ളുരുത്തി, അങ്കമാലി തുടങ്ങി ജില്ലയിലെ എല്ലാ താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും സാമൂഹ്യ / പ്രാഥമിക / കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങൾ നടന്നു.