- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിയെന്ന വിളികേട്ട് സ്വയം വേദനിപ്പിച്ച നാളുകൾ; താമശയെന്ന പേരിൽ ബി ബി സി താരങ്ങൾ പോലും പറഞ്ഞത് വംശീയത; ഇന്ത്യൻ പശ്ചാത്തലത്തിൽ വളർന്ന ബി ബി സി സ്റ്റാർ അവതാരക അനിത റാണി കഥ പറയുന്നു
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, പലരുടെയും മനസ്സിൽ ഇന്നും വംശീയ വിദ്വേഷം കുടികൊള്ളുന്നു എന്നതിന്റെ തെളിവാണ് ബി ബി സി അവതാരക് അനിത റാണിയുടെ കഥ. 2006 മുതൽ റേഡിയോ 4 ൽ അവതാരകയായ അനിത റാണി തനിക്ക് അനുഭവിക്കേണ്ടി വന്ന വംശീയ വിവേചനം തുറന്നുപറയുമ്പോൾ അഴിഞ്ഞുവീഴുന്നത് ഏറെ പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരുടെയും മുഖംമൂടികളാണ്. വളരെയധികം വിദ്യാഭ്യാസമുള്ള, ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ള, ലിബറൽ ചിന്താഗതിക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന ഒരാളിൽ നിന്നും വംശീയപരമായ അവഹേളനം അനുഭവിക്കേണ്ടി വന്നപ്പോഴാണ് താൻ ഏറെ സങ്കടപ്പെട്ടതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പാക്കി എന്ന അഭിസംബോധനയോടാണ് അനിതാ റാണി ഏറെ വികാരപരമായി പ്രതികരിച്ചത്. ആദ്യം താൻ അത് കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് താൻ ആരാണെന്ന് സ്വയം ചോദിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ സഹിക്കുന്നതെന്തിന് എന്ന തോന്നൽ വളരാൻ തുടങ്ങി എന്നും അവർ പറഞ്ഞു. ഒരുപക്ഷെ അവർ ഇതൊരു തമാശയായി ആയിരിക്കാം കണ്ടിട്ടുണ്ടാവുക. എന്നാൽ ഇതൊരു തമാശയല്ല. തന്നെപ്പോലെ തന്നെ, ബ്രിട്ടനിൽ ജനിച്ചു വളർന്ന ഒരു തലമുറ ഇവിടെയുണ്ട്. അവർ തികച്ചും ബ്രിട്ടീഷുകാർ തന്നെയാണ്, അനിതാ റാണി പറയുന്നു.
അടുത്തമാസം പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന ഈ 43 കാരിയുടെ ദി റൈറ്റ് സോർട്ട് ഓഫ് ഗേൾ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. യോർക്ക്ഷയറിലെ ബെഡ്ഫോർഡിൽ ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു ഇവരുടെ ജനനം. തന്റെ കൗമാരകാലത്തും ഇതെല്ലാം അനുഭവിക്കേണ്ടി വന്നതായി അവർ പറഞ്ഞു. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഒരു മാസികയുമായി സംസാരിക്കവെയാണ് ഇവർ ഇത് വെളിപ്പെടുത്തിയത്. സ്വന്തം മുറിക്കുള്ളിൽ മാത്രമാണ് താൻ സുരക്ഷിതബോധം അനുഭവിച്ചതെന്നും പലപ്പോഴും, മനസ്സിന്റെ വേദനയകറ്റാൻ സ്വന്തം ശരീരത്തിൽ മുറിവുകൾ ഏല്പിച്ച് അതിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം നോക്കിയിരിക്കാറുണ്ടായിരുന്നു എന്നും അവർ പറയുന്നു.
തികച്ചും ഭീതിദവും എന്നാൽ ആശ്വാസദായകവുമായിരുന്നു ആ പ്രവർത്തി. താൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ അതുമാത്രമായിരുന്നു എന്നും അവർ പറയുന്നു. ആ വേദനയിലും താൻ ജീവിതത്തിലെ മറ്റു വേദനകൾ മറക്കുമായിരുന്നു എന്നും അവർ പറയുന്നു. ഡി ജെ കൂടിയായ ഭർത്താവ് ഭുപീന്ദർ റെഹാലിനൊപ്പം ഇപ്പോൾ ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന ഇവർ 2008 ലായിരുന്നു വിവാഹം കഴിച്ചത്. വരനെ താൻ സ്വയം കണ്ടെത്തിയതായിരുന്നു എന്നും അതിൽ വീട്ടുകാർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു എന്നും അവർ പറഞ്ഞു.
ഇന്ത്യൻ കുടുംബ ബന്ധങ്ങളുടെ ആഴത്തെക്കുറിച്ചും അവർ ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ വിവാഹം കഴിയുന്നതുവരെ സന്തോഷിക്കാനാവില്ലെന്ന് പറഞ്ഞ അമ്മയിലൂടെ കുടുംബ ബന്ധത്തിലെ മൂല്യങ്ങൾ അവർ പ്രകടമാക്കുന്നു. സ്വന്തം സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് തോന്നുമ്പോഴും അമ്മയെ പോലെ തന്നെ ഏറെ സ്നേഹിക്കുന്നവർക്കായി ചില ത്യാഗങ്ങൾ അനുഭവിക്കുന്നത് പ്രത്യേക മാനസിക സംതൃപ്തി നൽകുന്നു എന്ന് അവർ പറയുന്നു.
ഒരു പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ തന്നെ ഇന്ത്യൻ മാതാപിതാക്കൾ ആലോചിക്കുക ആ കുട്ടിയുടെ വിവാഹത്തെ കുറിച്ചായിരിക്കും എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ കൂട്ടുകുടുംബത്തിലെ ജീവിതവും തനത് സംസ്‌കാരം മനസ്സിൽ രൂഢമൂലമാക്കുവാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്