ലണ്ടൻ: രണ്ടാഴ്ച കഴിയുമ്പോൾ വിവാഹം നടക്കേണ്ട വീടാണ്, പക്ഷെ അപ്രതീക്ഷിതമായി എത്തിയ സംഭവ വികാസങ്ങൾ യുകെയിലെ രണ്ടു മലയാളി കുടുംബങ്ങളെ തീക്കനലിലൂടെ നടത്തിക്കുകയാണ്. അടുത്ത മാസം 11 നു വിവാഹിതനാകാൻ തയാറാകുന്ന മലയാളി ഡോക്ടർക്കു എതിരെ ശ്രീലങ്കൻ വംശജയും യുകെയിൽ ഡോക്ടറുമായ യുവതി കേരളത്തിൽ യുവാവിന്റെ തറവാടായ തൃശൂരിലെ പാവറട്ടിയിൽ എത്തി പരാതി നൽകിയിരിക്കുകയാണ്. മാത്രമല്ല, പൊലീസിൽ കാര്യങ്ങൾ വിശദീകരിച്ച യുവതി പത്രസമ്മേളനം നടത്തി കേരളത്തിലെ മാധ്യമങ്ങളോട് താൻ വഞ്ചിക്കപ്പെട്ട കഥയും വിവരിച്ചിരിക്കുന്നു. തീർന്നില്ല കേരള മുഖ്യമന്ത്രിയോടും വനിതാ കമ്മിഷനോടും തന്റെ സങ്കടം പറയുകയാണ് യുവതി. എന്നാൽ ബ്രിട്ടീഷ് പൗരത്വമുള്ള യുവാവിനെ കുറിച്ച് ശ്രീലങ്കൻ വംശജയായ യുവതി കേരളത്തിൽ എത്തി പരാതി നൽകിയത് എന്തിനു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. അക്കാര്യങ്ങൾ വഴിയേ പാവറട്ടി പൊലീസ് വെളിപ്പെടുത്തും എന്നാണ് ഇപ്പോൾ ലഭ്യമായ സൂചന.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പ്രധാന പട്ടണത്തിലാണ് ഡോക്ടർ കുടുംബത്തിൽ നിന്നും ഈ അപസ്വരം ഉയരുന്നത് .സൗത്ത് ഈസ്റ്റ് പട്ടണത്തിൽ റൗണ്ട് അബൗട്ടുകളുടെയും ടൗണിൽ സ്ഥാപിച്ചിട്ടുള്ള പശുക്കളുടെ പ്രതിമകൾക്കും പേരുകേട്ട പട്ടണത്തിലാണ് യുവാവും കുടുംബവും താമസിക്കുന്നത്. യുവാവിന്റെ പിതാവും ഡോക്ടറാണ്. എന്നാൽ ഇവരെക്കുറിച്ചു പ്രാദേശിക മലയാളി സമൂഹത്തിനു നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത് / എന്നാൽ ഈ കേസിലേക്ക് നയിച്ച സാഹചര്യത്തിൽ പരാതിക്കാരിയായ യുവതി തന്റെ മുൻ കാമുകന്റെ അച്ഛനും മലയാളി ഡോക്ടറുമായ വ്യക്തിയെയും കുറ്റപ്പെടുത്തുന്നു. കുടുംബത്തിൽ നിന്നുള്ള സമ്മർദമാണ് യുവാവിനെ പിന്തിരിപ്പിച്ചതിൽ പ്രധാനം എന്നാണ് യുവതിയുടെ പരാതി. മാത്രമല്ല ക്രിസ്ത്യൻ പാരമ്പര്യം ഉള്ള തങ്ങൾക്കു തമിഴ് ഹിന്ദു വംശജയായ ശ്രീലങ്കക്കാരിയെ മരുമകളായി സ്വീകരിക്കാൻ പ്രയാസം ഉണ്ടെന്നു ഡോക്ടർ കൂടിയായ യുവാവിന്റെ അച്ഛൻ പറഞ്ഞത് മാനസികമായി ഏറെ മുറിവേൽപ്പിക്കുന്ന കാര്യമാണ് എന്നും യുവതി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഏകദേശം ഒന്നര വർഷത്തെ ബന്ധമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇനി താല്പര്യം ഇല്ലെന്നു യുവാവ് പറയുമ്പോൾ ഒരു കുഞ്ഞിന്റെ ഘാതക എന്ന ലേബൽ കൂടി അയാൾ തനിക്കു സമ്മാനിക്കുക ആയിരുന്നു. ഇത് നൽകുന്ന കടുത്ത മാനസിക സമ്മർദത്തിൽ നിന്നുള്ള മോചനം എളുപ്പമല്ല. ഒരു പെണ്ണിനും ഇതൊന്നും തമാശയല്ല. പൂർണ ഗൗരവത്തിൽ തന്നെ, തന്റെ കാഴ്ചപ്പാടുകളുമായി ചേർന്ന് പോകാൻ ഒരു മലയാളിക്ക് പ്രയാസം ഉണ്ടാകില്ലല്ലോ എന്ന വിശ്വാസത്തിലാണ് മാനസികമായും ശാരീരികമായും അടുത്തത്. എന്നാൽ വംശവും ജാതിയും ഒക്കെ മലയാളിക്ക് ഇന്നും പ്രണയത്തിനപ്പുറം വിവാഹ വേദിയിൽ എത്തുമ്പോൾ വലിയ തടസങ്ങൾ ആയി എത്തുമെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. ഇത് തനിക്കു വിശ്വസിക്കാൻ കഴിയാവുന്നത് ആയിരുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തുടക്കത്തിൽ വീട്ടുകാർക്കും പൂർണ സമ്മതം ആണെന്നാണ് യുവാവ് തന്നോട് പറഞ്ഞിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു.

തന്നെ സഹായിക്കണമെന്ന് യുവാവിന്റെ മാതാപിതാക്കളെ വീട്ടിൽ ചെന്നുകണ്ടു യുവതി കരഞ്ഞപേക്ഷിച്ചതാണ്. കഴിഞ്ഞ വർഷം ജൂണിൽ യുവാവിന്റെ വീട്ടിൽ എത്തിയ യുവതിക്ക് നല്ല അനുഭവം ആയിരുന്നില്ല. മകന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു തന്നെ സഹായിക്കുന്നതിന് പകരം ആക്ഷേപിക്കാൻ ആണ് രണ്ടു ആൺ മക്കളുടെ രക്ഷാകർത്തകളായ യുവാവിന്റെ മാതാപിതാക്കൾ തയാറായത് എന്നും യുവതി പറയുന്നു. ജൂലൈ 2018 മുതൽ യുവാവുമായി അടുപ്പത്തിലായ കാലം മുതൽ ഉള്ള സംഭവങ്ങൾ അക്കമിട്ടു നിരത്തിയ പരാതിയിലെ മിക്ക കാര്യങ്ങളും ഉൾക്കൊളിച്ചാണ് പാവറട്ടി പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ മാധ്യമ വാർത്തകൾ സംബന്ധിച്ചുള്ള വിവരം മാത്രമേ കുടുംബത്തിനുള്ളൂ എന്നാണ് ഇവർ താമസിക്കുന്ന പട്ടണത്തിൽ നിന്നുള്ള മലയാളികൾ പങ്കുവയ്ക്കുന്ന വിവരം .

എന്നാൽ ജോലി കണ്ടെത്താൻ യുവാവ് വിഷമിച്ച സമയത്തടക്കം തന്നിൽ നിന്നും കൈപ്പറ്റിയ പണമാണ് അയാൾ ജീവിക്കാൻ ഉപയോഗിച്ചിരുന്നതെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. മാത്രമല്ല കഴുത്തിൽ താലി അണിയിക്കുകയൂം കയ്യിൽ മോതിരം ചാർത്തിയും ഒക്കെ സ്വകാര്യമായി വിവാഹ സങ്കല്പം പൂർത്തിയാക്കിയ യുവാവുമായി ഭാര്യ ഭർത്താക്കന്മാരായാണ് ഒന്നര വർഷം ജീവിച്ചതെന്നും യുവതി വിശദമാക്കുന്നു. ഫെബ്രുവരി 2019 ൽ യുവാവിൽ നിന്നും ഗർഭിണിയായ താൻ അതെ മാസം തന്നെ ഗർഭഛിദ്രത്തിന് വിധേയായി എന്നും യുവതി പരാതിയിൽ ബോധിപ്പിക്കുന്നു. വീണ്ടും ആറുമാസത്തെ സമയം വിവാഹ വാഗ്ദാനം ആവർത്തിച്ചു നൽകിയാണ് അയാൾ തന്നോടൊപ്പം കഴിഞ്ഞതെന്നും യുവതി വ്യക്തമാകുന്നു

പ്രശ്‌നമായത് ജാതി തന്നെ, ഉത്തരമില്ലാത്ത ചോദ്യവുമായി ശ്രീലങ്കൻ യുവതി

ഇക്കാലത്തും മലയാളികൾ വിദേശത്തു പോലും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ സൃഷ്ഠിക്കുന്നത് അപകീർത്തിയാണ് എന്നും യുവതി ആരോപിക്കുന്നു.

പുതിയ തലമുറക്ക് മലയാളി സമൂഹം എന്ത് സന്ദേശമാണ് ഇതിലൂടെ നൽകുന്നത് എന്ന ചോദ്യമാണ് യുവതി ഉയർത്തുന്നത്. സ്നേഹം പങ്കിടുമ്പോഴും കിടക്ക പങ്കിടുമ്പോഴും ഈ ജാതിയും മതവും ചിന്തിക്കാൻ വിദ്യാസമ്പന്നൻ ആയ യുവാവ് മറന്നത് എന്തുകൊണ്ട് എന്ന് ചോദിക്കാനും യുവതി മറക്കുന്നില്ല. എന്നാൽ ഇത്തരം സംഭവങ്ങൾ അനേകം മലയാളി കുടുംബങ്ങളിൽ കഴിഞ്ഞ ഏതാനും വർഷമായി സംഭവിക്കുന്ന കാര്യമാണ്.

യൂണിവേഴ്‌സിറ്റി പഠന സമയത്തും മറ്റും പ്രണയത്തിൽ ഉൾപ്പെടുന്ന മലയാളി യുവാക്കളുടെ മാതാപിതാക്കൾ വലിയ തുകകൾ പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി മലയാളി പെൺകുട്ടികളെ വധുക്കളായി കണ്ടെത്തി വിവാഹം നടത്തിയ അനേകം സംഭവങ്ങൾ യുകെ മലയാളികൾക്കിടയിലുണ്ട്.

ഒറ്റപ്പെട്ട സംഭവമല്ല , മക്കളുടെ തെറ്റുകൾ മൂടി വയ്ക്കാൻ വ്യഗ്രത

ഇത്തരം കാര്യങ്ങൾ മൂടി വച്ച് സ്വന്തം ഇമേജ് സംരക്ഷികുന്ന കുടുംബങ്ങൾ മക്കൾ ചെയുന്ന തെറ്റുകളെ കൂടിയാണ് പണം നൽകി അംഗീകരിക്കുന്നത് . സമൂഹത്തിലെ ഇമേജ് നിലനിർത്താൻ ഉള്ള തത്രപ്പാടിലാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്നതും പ്രധാനമാണ്.

പലപ്പോഴും മക്കളുടെ വികൃതികൾ യുകെ മലയാളികൾക്കിടയിൽ വേഗത്തിൽ പരക്കും എന്നതിനാൽ ഇത്തരം സംഭവങ്ങൾ ആവര്തിക്കപ്പടുമ്പോൾ വേഗത്തിൽ കേരളത്തിൽ എത്തി ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തുന്ന രീതിയും സാധാരണമാകുകയാണ്. പിന്നീട താമസ സ്ഥലം കൂടി മാറി സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു കഴിയാൻ മക്കൾ മൂലം വിധിക്കപ്പെടുന്ന മലയാളികളുടെ എണ്ണം യുകെയിൽ ക്രമാനുഗതമായി വർധിക്കുകയാണ്.

മക്കളെ തിരുത്താനും അവർ ഇഷ്ട്ടപ്പെടുന്ന പങ്കാളിയെ അംഗീകരിക്കാനും മടി കാട്ടുന്ന മലയാളികൾ തന്നെ സദാചാരം വിളമ്പാൻ സോഷ്യൽ മീഡിയയിലും പാഞ്ഞെത്തും എന്നത് മറ്റൊരു വിരോധാഭാസമാണ് .

കേരളത്തിലെത്തി കേസ് നൽകിയതിൽ വ്യക്തതയില്ല

യുവാവിന്റെ വിവാഹ ക്ഷണക്കത്തു അടക്കമുള്ള വിവരങ്ങൾ ബ്രിട്ടീഷ് മലയാളിക്ക് ലഭ്യമാണെങ്കിലും വിവാഹ ഒരുക്കങ്ങൾ നടക്കുന്ന സ്ഥിതിക്ക് യുവാവിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഈ വാർത്തയിൽ ഒഴിവാക്കുകയാണ്.

എന്നാൽ ഇത്തരം സംഭവങ്ങൾ യുകെ മലയാളികൾക്കിടയിൽ തുടർക്കഥയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ എങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തുന്നത്. യുവതി നൽകിയ പരാതി അനുസരിച്ചു യുവാവിന്റെ ബ്രിട്ടനിലെ അഡ്രസിൽ തന്നെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിന്റെ നിയമ സാധുതയെ കുറിച്ച് വ്യക്തമല്ലെങ്കിലും യുവാവും യുവതിയും കേരളത്തിൽ എത്തി ഒന്നിച്ചു താമസിച്ചിട്ടുണ്ടെങ്കിൽ കേസിനു സാധ്യത ഉണ്ടെന്നതു തന്നെയാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.

ആരും ചതിക്കപ്പെടാൻ പാടില്ല , പണം നൽകി തീർക്കാനുള്ളതല്ല പെണ്ണിന്റെ അന്തസ്

ഗർഭഛിദ്രം അടക്കമുള്ള ആരോപണം ഉള്ളതിനാൽ യുവതിക്ക് നീതി ലഭിക്കേണ്ടത് ഉണ്ടെന്നും വിദഗ്ദ്ധർ പറയുന്നു . അതേസമയം നഷ്ടപരിഹാരം പോലെയുള്ള കുറുക്കു വിദ്യകൾ തന്നോട് വേണ്ടെന്നും യുവതി മുന്നറിയിപ്പ് നൽകുന്നു . ഇപ്പോൾ വിഹാഹിതയാകാൻ പോകുന്ന പെൺകുട്ടിക്കുള്ള മുന്നറിയിപ്പാണ് തന്റെ കേസെന്നും പെണ്ണിനെ ചതിക്കുന്നവർക്കുള്ളതല്ല കുടുംബ ജീവിതം എന്നും കാർഡിയാക് വിദഗ്ധ കൂടിയായ എൻഎച്എസ് ഡോക്ടറായ യുവതി തുറന്നടിക്കുന്നു .

പണം നൽകി ഏതെങ്കിലും പെണ്ണിനെ വിലക്കെടുക്കം എന്ന ചെറു ബുദ്ധി ഇക്കാലത്തു ആരും ആരോടും ഉപയോഗിക്കരുത് എന്നും ഈ യുവ ഡോക്ടർ പറയുന്നു . ഇവരൊക്കെ ജീവിതത്തോട് എങ്ങനെയാണു നീതി പുലർത്തുക എന്നുമാണ് മികച്ച ഡോക്ടറായ ഈ യുവതിയുടെ ചോദ്യം . ലണ്ടൻ കിങ്‌സ് യൂണിവേഴ്‌സിറ്റി ഹോപിറ്റലിൽ അടക്കം ഹൗസ് സർജൻസി ചെയുന്ന സമയത്താണ് ജെ പി എന്ന് വിളിക്കാവുന്ന യുവ ഡോക്ടർ ശ്രീലങ്കൻ യുവതിയുമായി അടുപ്പത്തിലാക്കുന്നത് .

ഇരുവരും അവിടെ ആറു മാസത്തോളം ജോലിയിൽ ഉണ്ടായിരുന്നതായി കാർഡിയാക് യൂണിറ്റിലെ കണ്സള്ട്ടന്റ്മാരും ഇപ്പോൾ ഓര്മിച്ചെടുക്കുന്നു .