- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4 ലക്ഷം മരണം എന്ന കണക്ക് പൊട്ടത്തെറ്റെന്ന് ബ്രിട്ടീഷ് പഠന റിപ്പോർട്ട്; കുറഞ്ഞത് 20 ലക്ഷം പേരെങ്കിലും ഇന്ത്യയിൽ മരിച്ചു; കണ്ടെത്തുന്നതു പോലും രണ്ടോ മൂന്നോ ശതമാനം രോഗികളെ; ഇന്ത്യൻ കോവിഡ് കണക്കിനെതിരെ ലോകം രംഗത്ത്
ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നതുപോലെ 3.95 ലക്ഷം പേരല്ല ഇന്ത്യയിൽ കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത്, ചുരുങ്ങിയത് 20 ലക്ഷം പേരെങ്കിലും ഇന്ത്യയിൽ ഈ മഹാവ്യാധിക്ക് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട്.
മാത്രമല്ല, മൊത്തം രോഗബാധിതരിൽ മൂന്നോ അഞ്ചോ ശതമാനം മാത്രമേ സ്ഥിരീകരിക്കപ്പെടുന്നുള്ളു എന്നും യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് മെട്രിക്സിലെ ശാസ്ത്രജ്ഞർ പറയുന്നു. പര്യാപ്തമായ രോഗ പരിശോധനാ സംവിധാനങ്ങൾ ഇന്ത്യയ്ക്ക് ഇല്ലാത്തതാണ് ഇതിനു കാരണം.
അതേസമയം മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രജ്ഞനായ മുരഡ് ബനാജി പറയുന്നത് ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ അഞ്ച് ഇരട്ടിയെങ്കിലും വരുമെന്നാണ്.
ഇന്ത്യയിലെ മരണനിരക്കും അതുപോലെ ആന്റിബോഡിയുടെ സാന്നിദ്ധ്യം ശരീരത്തിൽ ഉള്ള ജനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന സീറോസർവ്വേയേയും അടിസ്ഥാനമാക്കിയാണ് ബാനാജി ഈ കണക്കുകൂട്ടലിൽ എത്തിയത്. കഴിഞ്ഞമാസം ന്യുയോർക്ക് ടൈംസ് നടത്തിയ ഒരു ഗവേഷണത്തിലും ഇന്ത്യയിലെ യഥാർത്ഥ മരണ സംഖ്യ 16 ലക്ഷം വരെ ആണ് എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
നിരവധി വിദഗ്ദരുമായി ബന്ധപ്പെട്ടശേഷം ടൈംസ് എഴുതിയത്, ഇന്ത്യയിലെ കോവിഡ് പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും അതുപോലെ രേഖകൾ സൂക്ഷിക്കുന്നതിലുള്ള അപാകതയും മൂലം യഥാർത്ഥ കോവിഡ് രോഗികളുടെ കണക്ക് ലഭിക്കുക സാധ്യമല്ലെന്നായിരുന്നു.
ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിന് ഒരു കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ധാരാളം കോവിഡ് മരണങ്ങൾ, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ വീടുകളിൽ തന്നെ നടക്കുന്നതിനാൽ ഇവയൊക്കെ കണക്കിൽ പെടാതെ പോകുന്നു എന്നുംഅവർ പറഞ്ഞിരുന്നു.
മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടിയത് കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾ, മരണകാരണം കോവിഡാണെന്ന് പറയുന്നതിൽ കാണിക്കുന്ന വൈമുഖ്യമാണ്. മാത്രമല്ല, മരണം സബന്ധിച്ച രേഖകൾ സൂക്ഷിക്കുന്ന പ്രക്രിയ ഇന്ത്യയിൽ ന്യുനതയറ്റതല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കോവിഡിനു മുൻപ് തന്നെ അഞ്ചിൽ നാലു മരണങ്ങളിലും അതിന്റെ യഥാർത്ഥ കാരണം രേഖകളിൽ രേഖപ്പെടുത്താറുണ്ടായിരുന്നില്ല. യഥാർത്ഥ രോഗ ബാധിതരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഔദ്യോഗികമായി രോഗികളെന്ന് സ്ഥിരീകരിക്കപ്പെടുന്നത്. ഇവരിൽ തന്നെ ഒരു ചെറിയ ശതമാനത്തിനു മാത്രമാണ് ആശുപത്രികളിൽ ചികിത്സ ലഭ്യമാകുക.
140 കോടി ജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയതും ഇവിടെയാണ്. എന്നിട്ടും കോവിഡ് മരണങ്ങൾ വെറും3.95 ലക്ഷം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തീർത്തും അവിശ്വസനീയമായ കാര്യമാണെന്ന നിലപാടാണ് പല പാശ്ചാത്യ ശാസ്ത്രജ്ഞന്മാർക്കും ഉള്ളത്.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന തന്നെ സമ്മതിച്ചത് ആഗോളാടിസ്ഥാനത്തിൽ തന്നെ യഥാർത്ഥ കോവിഡ് മരണ സംഖ്യ രേഖപ്പെടുത്തിയതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുമെന്നായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ