രാജ്യത്തേക്കുള്ള അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതോടെ അതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുവാൻ പുതിയ വഴികൾ ആലോചിക്കുകയാണ് ബ്രിട്ടൻ. ഇത്തരത്തിൽ എത്തുന്നവരുടെ അപേക്ഷയിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ രാജ്യത്തിനു പുറത്തുള്ള ഒരു ഇമിഗ്രേഷൻ സെന്ററുകളിൽ ഇവരെ പാർപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിനായി ഡെന്മാർക്കുമായി സഹകരിച്ച് ആഫ്രിക്കയിൽ ഒരു ഇമിഗ്രേഷൻ സെന്റർ നിർമ്മിക്കുവാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അതുപോലെ അനധികൃതമായി മനുഷ്യക്കടത്തു നടത്തുന്ന സംഘങ്ങളെ തടയുവാനും പുതിയ നടപടികൾ സ്വീകരിക്കുന്നുണ്ട്.

നാഷണാലിറ്റി ആൻഡ് ബോർഡേഴ്സ് ബില്ലിന്റെ ഭാഗമായിട്ടാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ രൂപീകരിക്കുക. ഇതനുസരിച്ച് ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളെ ബ്രിട്ടനുപുറത്തുള്ള അഭയാർത്ഥി ക്യാമ്പുകളിൽ താമസിപ്പിക്കും. ഇതേ ആവശ്യത്തിനായി റുവാണ്ടയിലെ ഒരു സ്ഥലം ഡെന്മാർക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞമാസംരണ്ട് ഡാനിഷ് മന്ത്രിമാർ ഇവിടം സന്ദർശിച്ചതായും ഒരു കരാറിൽ ഒപ്പുവച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇംഗ്ലീഷ ചാനൽ അനധികൃതമായി തരണം ചെയ്തെത്തുന്ന അഭയാർത്ഥികളെ തടയുവാൻ ഏതുതരത്തിലുള്ള നടപടിയുമെടുക്കാൻ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും തയ്യാറാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞ് പാപ്പന്യു ഗിനിയയിലെ അഭയാർത്ഥി ക്യാമ്പിലെത്തിക്കുന്ന ആസ്ട്രേലിയൻ സമ്പ്രദായവും ബ്രിട്ടൻ വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ചാനൽ വഴി മനുഷ്യക്കടത്ത് സംഘങ്ങൾ അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് അയക്കുന്നത് കൂടിവരുന്നതിൽ ബോറിസ് ജോൺസൺ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇക്കാര്യത്തിൽ പ്രീതി പട്ടേലിനു നേരെ അദ്ദേഹം പൊട്ടിത്തെറിക്കുകയുണ്ടായി എന്നും റിപ്പോർട്ടുകൾ പറയുന്നു.

അനധികൃത കുടിയേറ്റം തടയുന്നതിൽ പ്രീതി പട്ടേൽ പരാജയപ്പെട്ടു എന്ന ആരോപണമാണ് ഉയരുന്നത്.ഇതുകൂടി കണക്കിലെടുത്താണ് പുതിയ നടപടികൾക്ക് മുതിരുന്നത്. ഈ വർഷം ഇതുവരെ 5,300 അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലെത്തിച്ചേർന്നിരിക്കുന്നത്. കുടിയേറ്റം തടയുവാൻ നടപടികളെടുത്തു എന്ന് കഴിഞ്ഞ മാർച്ചിലായിരുന്നു പ്രീതി പട്ടേൽ പ്രസ്താവിച്ചത്. ഇതിൽ ഫ്രാൻസുമായുള്ള ഒരു കരാറും ഉൾപ്പെടുന്നു.

നിലവിൽ ചാനൽ കടന്ന് കെന്റിലെത്തുന്നവരെ ഫോക്ക്സ്റ്റോണിലുള്ള ആർമി ബാരക്കുകളിലാണ് താമസിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ജനുവരിയിൽ നടന്ന ഒരു ലഹളയിൽ അഗ്‌നിക്കിരയായിരുന്നു. പ്രതിവാരം 37.75 പൗണ്ടാണ് ഇത്തരത്തിലുള്ള കുടിയേറ്റക്കാർക്കായി ബ്രിട്ടൻ നൽകുന്നുണ്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായാണ് ഈ പണം നൽകുന്നത്. ആരും തുണയില്ലാതെ എത്തുന്ന കുട്ടികളെ കെന്റ് കൗൺസിൽ സംരക്ഷിക്കും.