- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ചു; ബന്ധുക്കളോട് പറഞ്ഞത് യുവതി കോവിഡ് ബാധിച്ച് മരിച്ചെന്നും: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നതു കൊടും ക്രൂരതയുടെ കഥ
തിരുപ്പതി: ദിവസങ്ങൾക്കു മുൻപ് ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ നിന്നും സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 27കാരി ഭുവനേശ്വരിയുടെതാണെന്ന് പൊലീസ് കണ്ടെത്തി. ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭുവനേശ്വരിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി കത്തിക്കുക ആയിരുന്നു. ഭുവനേശ്വരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചെന്നാണു ശ്രീകാന്ത് ബന്ധുക്കളോടു പറഞ്ഞിരുന്നത്. മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. തിരുപ്പതിയിലാണു ദമ്പതികൾ താമസിച്ചിരുന്നത്. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വർക് ഫ്രം ഹോമായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങൾക്കു മുൻപു ജോലി നഷ്ടമായി.
ഭുവനേശ്വരിയെ കൊലപ്പെടുത്താൻ തീരുമാനിച്ച ശ്രീകാന്ത് ദിവസങ്ങൾക്കു മുൻപേ ഷോപ്പിങ് മാളിൽനിന്നു വലിയ സ്യൂട്ട് കേസ് വാങ്ങി. ഇതു മൃതശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാൾ ശരീരം കത്തിച്ചെന്നും തിരുപ്പതി അർബൻ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.
ശ്രീകാന്ത് സ്യൂട്ട് കേസുമായി അപ്പാർട്‌മെന്റിൽ എത്തുന്നതിന്റെയും പിന്നീടു സ്യൂട്ട് കേസും ഉരുട്ടിക്കൊണ്ടു പുറത്തേക്കു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെയുള്ള ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ