ർമ്മനിയെ 2-0 എന്ന സ്‌കോറിന് തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിക്കുമ്പോൾ വെംബ്ലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾക്കൊപ്പം കൈയടിക്കാൻ ബ്രിട്ടന്റെ കിരീടാവകാശി വില്യം രാജകുമാരനും, കെയ്റ്റ് രാജകുമാരിയും, ജോർജ്ജ് രാജകുമാരനും ഉണ്ടായിരുന്നു. ജോർജ്ജ് രാജകുമാരൻ നേരിട്ടുകാണുന്ന ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്. മാത്രമല്ല, 55 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു നോക്ക്ഔട്ട് ടൂർണമെന്റിൽ ഇംഗ്ലണ്ട് ജർമ്മനിയെ പരാജയപ്പെടുത്തുന്നത്.

സ്റ്റേഡിയത്തിലും ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലും ആവേശത്തിന്റെ പൂത്തിരികൾ വിതറി കരഘോഷം മുഴക്കുന്ന രണ്ടരക്കോടിയിലേറെ ആരാധകരെ സാക്ഷിനിർത്തി റഹീം സ്റ്റെർലിംഗും ഹാരി കെയ്നു ജർമ്മനിയുടെ ഗോൾവല ചലിപ്പിച്ചപ്പോൾ ഇംഗ്ലണ്ട് കുറിച്ചത് ഒരു ചരിത്രമായിരുന്നു. ഇനി റോമിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഉക്രയിനിനെ നേരിടും. എക്സ്ട്രാ ടൈമിലെ അവസാന മിനിട്ടിൽ നേടിയ ഒരു ഗോളിന് സ്വീഡനെ തോൽപ്പിച്ചാണ് ഉക്രെയിൻ ക്വാർട്ടർ ഫൈനലിൽ എത്തിയത്.

ഗോൾ രഹിതമായ ആദ്യ പകുതിയുടേ ആദ്യ നിമിഷങ്ങൾക്ക് ശേഷമാണ് ഉണർന്നു കളിച്ച ഇംഗ്ലണ്ടിനു മുന്നിൽ ജർമ്മനി അടിപതറിയത്. ഈ വിജയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനെത്തിയ വില്യം രാജകുമാരൻ, തന്റെ മകനായ ജോർജ്ജിന് കളിയുടെ ഓരോ വിശദാംശങ്ങളും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് കൂടിയായ വില്യം, കളിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്. കരഘോഷം മുഴക്കി കെയ്റ്റ് ഭർത്താവിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.

സ്റ്റേഡിയത്തിന്റെ അകത്ത് ആരാധകർ ആർപ്പുവിളികൾ ആരംഭിച്ചപ്പോൾ രാജ്യത്താകമാനം - മാഞ്ചസ്റ്ററിലും, ബിർമ്മിങ്ഹാമിലും, ന്യുകാസിലിലും, ലണ്ടനിലുമൊക്കെ അതിന്റെ മാറ്റൊലി ഉയർന്നു. ഒരു രാജ്യം ഒറ്റക്കെട്ടായി ആഹ്ലാദത്തിലാറാടുകയായിരുന്നു. തെക്കൻ ലണ്ടനിലെ ക്രോയ്ഡോണിൽ അന്തരീക്ഷത്തിലേക്ക് ചാടി ഉയർന്ന് നൂറുകണക്കിന് ആരാധകർ ആഘോഷമാക്കിയത്, 1966-ലെ ലോകകപ്പ് ഫൈനലിനു ശേഷം ജർമ്മനിക്ക് മേൽ ഇംഗ്ലണ്ട് നേടുന്ന വിജയത്തെയാണ്.

90,000 പേരെ ഉൾക്കൊള്ളാൻ വലിപ്പമുള്ള വെംബ്ലെ സ്റ്റേഡിയത്തിൽ 45,000 പേരെ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നിരുന്നാൽ കൂടി കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആൾക്കൂട്ടമായിരുന്നു ഇത്.