- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കുതിച്ചുയരുന്നു; ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ റഷ്യ
മോസ്‌കോ: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയർന്നതോടെ ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യാൻ റഷ്യ. ഒരിക്കൽ വാക്‌സീൻ സ്വീകരിച്ചവർക്കു വീണ്ടും ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തു തുടങ്ങി. മോസ്‌കോ നഗരത്തിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തു തുടങ്ങിയത്. റഷ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ചു വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനുമാണ് പുതിയ നീക്കം.
വാക്‌സീൻ സ്വീകരിക്കാൻ ജനത പ്രകടിപ്പിക്കുന്ന വിമുഖതയാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ആറ് മാസത്തിനിടെ വാക്‌സീൻ സ്വീകരിച്ച എല്ലാവർക്കും ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ വാക്‌സീൻ ബൂസ്റ്ററുകൾ നൽകാനാണു തീരുമാനം. രാജ്യത്തെ 60 ശതമാനം ആളുകൾ വാക്‌സീൻ സ്വീകരിക്കുന്നതു വരെ ഓരോ 6 മാസത്തിനിടെയും ഇതു തുടരും. വാക്‌സീന്റെ കാര്യക്ഷമത, പ്രതിരോധശേഷി എന്നിവ പരീക്ഷിച്ച് ഉറപ്പു വരുത്താനുള്ള അവസരം കൂടിയാകും ഇത്.
ഡെൽറ്റ വകഭേദമാണു റഷ്യയിൽ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. ഈ വർഷം ജനുവരിയിൽ വാക്‌സീൻ ഡ്രൈവ് തുടങ്ങിയതിനു ശേഷം 16 ശതമാനം ആളുകൾ മാത്രമാണു റഷ്യയിൽ ഒരു ഡോസ് വാക്‌സീൻ എങ്കിലും സ്വീകരിച്ചത്. ഇതിനിടെയാണു പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം.
സ്പുട്‌നിക് V, സ്പുട്‌നിക് ലൈറ്റ് എന്നീ വാക്‌സീനുകളായിരിക്കും ബൂസ്റ്റർ ഷോട്ടുകൾക്കായി ഉപയോഗിക്കുക. വ്യാഴാഴ്ച 669 കോവിഡ് മരണങ്ങളാണു റഷ്യയിൽ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കും ഇതാണ്. ജൂൺ 25 മുതൽ 20,000ൽ കൂടുതൽ പ്രതിദിന കോവിഡ് കേസുകളാണു റഷ്യയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നത്.