ശാസ്ത്രം ജയിച്ചു കൊറോണ തോറ്റു; ഏറ്റവുമൊടുവിൽ ഏറെ ഭീതിവിതച്ച ഡെൽറ്റ വകഭേദത്തേയും തളയ്ക്കാൻ ആധുനിക ശാസ്ത്രം തയ്യാറായിരിക്കുന്നു. ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സിൻ, അത് എടുത്ത് എട്ടുമാസത്തിനു ശേഷവും അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദങ്ങളെ തടയുവാൻ പ്രാപ്തമാണെന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു.

കൊറോണ വൈറസിന്റെ ആദ്യകാല വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ വൈറസിനെ ചെറുക്കുവാൻ, മരുന്നിന്റെ ശക്തിയിൽ നേരിയൊരു വർദ്ധനവ് മാത്രം മതിയെന്നാണ് വാക്സിൻ നിർമ്മാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ പറയുന്നത്. വിജയകരമായി മുന്നേറുന്ന അമേരിക്കയിലെ വാക്സിൻ പദ്ധതിയെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനമടിതെറ്റിക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാൽ, ആശുപത്രി പ്രവേശനങ്ങളും അതുപോലെ മരണനിരക്കും തടഞ്ഞുനിർത്തുവാൻ അമേരിക്കയ്ക്ക് ആയി എന്നത് ആശ്വാസകരമായ കാര്യം തന്നെയാണ്.

ഇന്ന് ലോകമാകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ള എല്ലാ വാക്സിനുകളും, ഈ വകഭേദത്തിൽ നിന്നും ഉണ്ടാകുന്ന രോഗം ഗുരുതരാവസ്ഥയിൽ എത്താതെ കാത്തു രക്ഷിക്കുന്നു എന്നതും ഏറെ ആശ്വാസം നൽകുന്ന വസ്തുതയാണ്. ജോൺസൺ ആൻഡ് ജോൺസന്റെ ആദ്യകാല ട്രയലുകളിൽ പങ്കെടുത്ത എട്ട് വോളന്റിയർമാരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് അവയെ ഡെൽറ്റ വകഭേദവുമായി സമ്പർക്കത്തിൽ കൊണ്ടുവരികയായിരുന്നു. പിന്നീട് ആന്റിബോഡി ലെവൽ പരിശോധിച്ചു. രോഗ പ്രതിരോധത്തിനുള്ള കഴിവ് നിശ്ചയിക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ അളവാണ്. ഇത് തികച്ചും തൃപ്തികരമായിരുന്നു.

ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡിനെ മനുഷ്യന് നിയന്ത്രണത്തിൽ ആക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നതായി ജോൺസൺ ആൻഡ് ജോൺസൺ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. പോൾ ദ്റ്റോഫെൽസ് പറഞ്ഞു. അതേസമയം, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ബീറ്റ വകഭേദത്തിനും ബ്രസീലിൽ നിന്നുള്ള ഗാമ വകഭേദത്തിനും എതിരെ ആന്റിബോഡികളുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഇവയെ കാര്യക്ഷമമായി നേരിടാൻ ഇവ മതിയാകും. മാത്രമല്ല, അമേരിക്കയിൽ ഈ വകഭേദങ്ങളുടെ സാന്നിദ്ധ്യം തുലോം കുറവുമാണ്.

ഇതോടെ, ആശങ്കയ്ക്ക് ഇടനൽകുന്ന വകഭേദങ്ങൾ എന്ന പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വകഭേദങ്ങൾക്കും എതിരെ തങ്ങളുടെ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു. അമേരിക്കയിൽ മാത്രം ഇതുവരെ 200 മില്യൺ ഡോസുകൾക്കുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

അതിൽ 21.4 മില്ല്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. അതിൽത്തന്നെ 12.4 മില്ല്യൺ ഡോസുകൾ ആളുകൾക്ക് നൽകിക്കഴിഞ്ഞു.