ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ അന്തരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാകുന്ന വേളയിൽ അന്റാർട്ടിക്കയിലെ അന്തരീക്ഷ താപനില റെക്കോർഡ് ഉയരത്തിലേക്ക് കടക്കുകയാണ്. ഐക്യരാഷ്ട സഭയുടെ ഉപവിഭാഗമായ വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ടുകൾ പ്രകാരം 2020 ഫെബ്രുവരി 6 ന് അന്റാർട്ടിക്കയിലെ താപനില 18.3 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു.

അന്റാർട്ടിക്കയിൽ അർജന്റീനിയൻ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന എസ്പെരാൻസ ബേസിൽ നിന്നാണ് ഈ താപനില രേഖപ്പെടുത്തിയത്. തെക്കേ അമേരിക്കയോട് അടുത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗമായ ഇവിടമാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ താപനില ഉയരുന്ന പ്രദേശം. താപ വൈദ്യൂത നിലയങ്ങളുടെ പ്രവർത്തനം ഉൾപ്പടെ മനുഷ്യന്റെ വിവിധ പ്രവർത്തികളുടെ ഭാഗമായി ഉയരുന്ന ആഗോള താപനം അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിൽ കലാശിക്കും എന്നത് ഒരു വസ്തുതയാണ്.

ഏകദേശം 14 മില്ല്യൺ ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഏകദേശം ആസ്ട്രേലിയയുടെ ഇരട്ടി വിസ്തീർണ്ണം വരും ഇത്. സാധാരണഗതിയിൽ തീരപ്രദേശങ്ങളിൽ മൈനസ് 10 ഡിഗ്രിവരെയും ഉൾഭാഗങ്ങളിൽ മൈനസ് 60 ഡിഗ്രി വരെയുമാണ് താപനില വരാറുള്ളത്. ഇവിടെയുള്ള മഞ്ഞുപാളികൾക്ക് ചിലയിടങ്ങളിൽ 4.8 കിലോമീറ്റർ വരെ കനമുണ്ട്. ഭൂമിയിലെ ശുദ്ധജല സമ്പത്തിന്റെ 90 ശതമാനവും ഈ ഘനീഭവിച്ച മഞ്ഞുപാളികളിലാണ് ഉള്ളത്. ഇത് ഉരുകുകയാണെങ്കിൽ സമുദ്രനിരപ്പ് ലോകമാസകലം 60 മീറ്റർ ഉയരത്തിൽ വരെ ഉയരും.

അതായത്, ആഗോളതാപനം ഒരു പരിധിക്കപ്പുറമായാൽ ലോകം മുഴുവൻ വെള്ളത്തിനടിയിലാകും എന്ന് ചുരുക്കം. ഇതിനു മുൻപ് അന്റാർട്ടിക്കയിൽ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയത് 17.5 ഡിഗ്രി സെൽഷ്യസ് ആണ്. എസ്പെരാൻസയി 2015 മാർച്ച് 24 നായിരുന്നു ഈ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. വേൾഡ് മെറ്റിരീയോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം ഭൂമിയിൽ ഏറ്റവും വേഗത്തിൽ അന്തരീക്ഷ താപനില ഉയരുന്ന ഭാഗമാണ് അന്റാർട്ടിക്ക തീരപ്രദേശം.കഴിഞ്ഞ 50 വർഷം കൊണ്ട് ശരാശരി 3 ഡിഗ്രി സെല്ഷ്യസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ഈ വർദ്ധനവ് ഉണ്ടാകുന്നത്. ഇതിനു മുൻപും അന്റാർട്ടിക്കയിൽ ഇത്തരത്തിലുള്ള റെക്കോർഡ് താപനിലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി 9 ന് ബ്രസീലിന്റെ സ്റ്റേഷനിൽ 20.75 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത് താപനില രേഖപ്പെടുത്തുന്ന സിസ്റ്റത്തിൽ വന്ന ഒരു തെറ്റായിരുന്നു എന്ന് പിന്നീട് കണ്ടുപിടിച്ചിരുന്നു.

ഏന്തായാലും, യൂറോപ്പിലെ ഏറ്റവും ചൂടേറിയ വർഷമായ 2020 അന്റാർട്ടിക്കയേയും ഏറെ ബാധിച്ചു എന്ന് ചുരുക്കം.