ബ്രിട്ടീഷുകാരുടെ വേനലവധിക്കാലത്ത് സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ക്വാറന്റൈൻ നിയമം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ബോറിസ് ജോൺസൺ. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട വേനലവധി വിനോദകേന്ദ്രങ്ങളിൽ മിക്കതും സ്ഥിതി ചെയ്യുന്ന സ്പെയിൻ, ഗ്രീസ് പോലുള്ള രാജ്യങ്ങളൊക്കെ ആമ്പർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതായത്, ഇവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയാൽ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. എന്നാൽ, വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ഇനി മുതൽ ക്വാറന്റൈൻ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

ജൂലായ് 19 ന് ലോക്ക്ഡൗൺ പൂർണ്ണമായും നീക്കുമ്പോൾ അത് എല്ലാ അർത്ഥത്തിലും പൂർണ്ണസ്വാതന്ത്ര്യത്തിലേക്കുള്ള എത്തിച്ചേരലായി മാറുമെന്ന് ഉറപ്പാക്കുകയാണ് ബ്രിട്ടൻ. വിദേശയാത്രകൾ കഴിഞ്ഞെത്തുമ്പോഴുള്ള ക്വാറന്റൈൻ ഒഴിവാക്കുന്നതിലൂടെ, ഒഴിവുകാലത്തെ ഒരു വലിയ പേടിസ്വപ്നമാണ് ഇല്ലാതെയാക്കിയിരിക്കുന്നത്. ഈ ആഴ്‌ച്ച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞു കിടക്കുന്ന ട്രാവൽ-ടൂറിസം മേഖലകൾക്കും ഈ തീരുമാന ആശ്വാസദായകമാണ്.

എന്നാൽ ഇക്കാര്യത്തിൽ ഇനിയും കൂടുതൽ വിശദാംശങ്ങൾ അറിയേണ്ടതുണ്ട് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഉദാഹരണത്തിന്, വാക്സിൻ എടുക്കാത്ത കുട്ടിക്കളുടെ കാര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കണം. അതുപോലെ മറ്റു പലകാര്യങ്ങളും വിശദമായി ആലോചിച്ചതിനു ശേഷം മാത്രമായിരിക്കും ഇതിൽ ഒരു തീരുമാനമെടുക്കുക. ക്വാറന്റൈൻ ഒഴിവാക്കിയാലും, രോഗപരിശോധന നിർബന്ധമായി തന്നെ തുടരും. ഒരുപക്ഷെ തിരിച്ചെത്തുമ്പോൾ ആവശ്യമായ പരിശോധനകളുടെ എണ്ണം ഒന്നായി കുറയ്ക്കുമായിരിക്കും.

വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് ക്വാറന്റൈൻ ഇല്ലാതെയുള്ള യാത്രാ അനുമതി നൽകിയതിനു പുറകെയാണ് ബോറിസ് ജോൺസൺ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നത്. നേരത്തേ ഡെൽറ്റ വൈറസിന്റെ വ്യാപനം ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണങ്ങൾ പല യൂറോപ്യൻ രാജ്യങ്ങളിലും ഏർപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യ ഉൾപ്പടെ റെഡ്ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ഇപ്പോഴും10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകേണ്ടതായി വരും.

ജൂലായ് 19 ന് പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഷോപ്പുകളിലും ഉപഭോക്താക്കളുടേ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നത് അവസാനിപ്പിക്കും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ എളുപ്പത്തിൽ തിരിച്ചറിയുവാനായിരുന്നു ഇത്തരത്തിൽ ഒരു നിയമം ഉണ്ടാക്കിയത്. ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നത് ജൂലായ് 19 മുതൽ ആവശ്യമായി വരില്ല. അതുപോലെ നിരവധി കുട്ടികളെ വീടുകളിൽ സെൽഫ് ഐസൊലേഷന് നിർബന്ധിതമാക്കിയ സ്‌കൂൾ ബബിളുകൾ ഇല്ലാതെയാകും. പകരം സ്ഥിരമായ രോഗപരിശോധന സംവിധാനങ്ങൾ സ്‌കൂളുകളിൽ തയ്യാറാക്കും.

അതുപോലെ മാസ്‌ക് ധരിക്കുന്നതിൽ നിന്നും ബ്രിട്ടീഷുകാർക്ക് സ്വാതന്ത്ര്യം ലഭിക്കും. ഹോസ്പിറ്റലുകൾ ഒഴിച്ച് മറ്റെവിടെയും മാസ്‌കുകൾ ജൂലായ് 19 ന് ശേഷം നിർബന്ധമാക്കില്ല. എന്നാൽ, ഇഷ്ടമുള്ളവർക്ക് ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്ന കാര്യത്തിൽ തന്റെ മുൻഗാമിയായ മാറ്റ് ഹാൻകോക്കിന്റെ വിപരീത ദിശയിലാണ് സാജിദ് ജാവിദിന്റെ യാത്ര. എത്രയും പെട്ടെന്ന് ബ്രിട്ടനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ജാവിദ് ലക്ഷ്യംവയ്ക്കുന്നത്.