- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാക്കാരൻ എന്റെ ഭാര്യയുടെ പ്രസവം എടുക്കേണ്ടെന്ന് പറയുന്ന വെള്ളക്കാരൻ; കറി ഹൗസിൽ എടുത്തുകൊടുക്കുന്ന പണി ചെയ്താൽ പോരെ എന്ന് ചോദിക്കുന്ന സഹപ്രവർത്തകർ; ബ്രിട്ടനിലെ ഏഷ്യാക്കാരുടെ ജീവിതം പറഞ്ഞ് ഒരു ഡോക്ടർ
പൂർണ്ണവളർച്ചയെത്താതെ, കുട്ടിക്ക് ജന്മം നൽകാൻ ഒരുങ്ങുകയാണ് ഒരമ്മ. എന്തും സംഭവിക്കാവുന്ന സാഹചര്യം. ഒരുകണക്കിൽ പറഞ്ഞാൽ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഒരു നൂൽപാലത്തിലൂടെ നടക്കുന്ന നിമിഷങ്ങളാണത്. എന്നാൽ, ഒരു ഡോക്ടർക്ക് അതൊന്നും ചിന്തിക്കാൻ സമയമില്ല. രണ്ടു ജീവനുകളും രക്ഷിക്കുക എന്നത് മാത്രമാണ് അവിടെ ഒരു ഡോക്ടറുടെ മനസ്സിലെ ചിന്ത. ഉത്തരവാദിത്തത്തോടെ ഓപ്പറേഷൻ തീയറ്ററിലേക്ക് നടക്കുമ്പോഴാണ്, പ്രസവിക്കാൻ കൊണ്ടുവന്ന സ്ത്രീയുടെ ഭർത്താവ് ഡോക്ടറെ തടയുന്നത്.
പ്രശ്നം വളരെ നിസാരമാണ്. പ്രസവിക്കാൻ കിടക്കുന്നത് ഒരു വെള്ളക്കാരിയാണ്. ഡോക്ടർ ഒരു ഏഷ്യൻ വംശജനും. വെള്ളക്കാരിയുടെ ഭർത്താവായ സായിപ്പിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ഭാര്യയുടേയോ കുഞ്ഞിന്റേയോ ആരോഗ്യമോ ജീവനോ അല്ല, മറിച്ച് ഒരു ഏഷ്യൻ വംശജൻ തന്റെ ഭാര്യയുടേ ശരീരം കാണുമെന്നതായിരുന്നു. ഒരു ഏഷ്യൻ വംശജൻ തന്റെ ഭാര്യയുടെ പ്രസവം എടുക്കേണ്ടെന്ന് തീർത്തുപറയുകയാണ് സ്നേഹനിധിയായ ആ ഭർത്താവ്. പാക്കിസ്ഥാൻ വംശജനായ ഒരു ബ്രിട്ടീഷ് ഡോക്ടർ പങ്കുവച്ച ഈ അനുഭവം ഒറ്റപ്പെട്ടതല്ല.
ബ്രിട്ടനിലെ ഏഷ്യൻ വംശജരായ ഡോക്ടർമാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിന്റെ ഒരു നേർചിത്രമാണ് മുകളിൽ പറഞ്ഞ സംഭവം. യഥാർത്ഥത്തിൽ ഈ ഡോക്ടറുടെ പിതാവ് 1974-ൽ ബ്രിട്ടനിൽ എത്തിയതാണ് ഒരു ഡോക്ടറായിട്ട്. ഇവിടെ ജനിച്ചു വളർന്നതാണ് പാക് വംശജനാണെങ്കിലും ഈ ഡോക്ടർ. പഠിച്ചതും ബ്രിട്ടനിൽ തന്നെ. എന്നിട്ടും ഒരു വെള്ളക്കാരിയുടെ പ്രസവം എടുക്കുവാൻ പാടില്ലെന്നാണ് അവരുടെ ഭർത്താവ് പറയുന്നത്. ബ്രിട്ടനിൽ ജനിച്ച്, ബ്രിട്ടനിൽ വളർന്ന് മെഡിക്കൽ രംഗത്ത് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയിട്ടുള്ള ഒരു ഡോക്ടർ അഭിമുഖീകരിച്ചതാണ് ഈ പ്രശ്നമെങ്കിൽ, അത്രയൊന്നും സ്വാധീനമില്ലാത്ത മറ്റുള്ളവരുടെ കാര്യം ആലോചിക്കാവുന്നതേയുള്ളു.
ഈ അപമാനം ഏൽക്കുമ്പോഴും ഡോക്ടറുടെ ചിന്ത, ഓപ്പറേഷൻ തീയറ്ററിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഉഴറുന്ന രണ്ടു ജീവനുകളെ കുറിച്ചായിരുന്നു. നിശ്ചയദാർഢ്യത്തോടെ ഓപ്പറേഷൻ തീയറ്ററിലേക്ക് നടക്കുകയായിരുന്നു ഡോക്ടർ. വിജയകരമായ ഓപ്പറേഷനൊടുവിൽ, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ പക്ഷെ, ആ വെള്ളക്കാരൻ തന്റെ പെരുമാറ്റത്തിൽ ക്ഷമചോദിക്കാൻ മറന്നില്ല. അത് തികച്ചും ആത്മാർത്ഥമായിട്ടായിരുന്നു എന്ന്‌ഡോക്ടറും പറയുന്നു.
ബ്രിട്ടനിൽ ഏഷ്യൻ വംശജർക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നത് തൊഴിലിടങ്ങളിൽ പുറത്തുനിന്നെത്തുന്നവരിൽ നിന്നുമാത്രമല്ല, മറിച്ച് സഹപ്രവർത്തകരിൽ നിന്നും സമാനമായ വിവേചനം ഉണ്ടാകാറുള്ളതായി പലരും പറയുന്നു. എന്നും സഹപ്രവർത്തകർക്കിടയിൽ ഒറ്റപ്പെട്ടവരായി കഴിയേണ്ടി വരുന്നു. ഇതേ ഡോക്ടർ തന്റെ ബാല്യകാലാനുഭവങ്ങൾ ഓർക്കുകയാണ് എസ്സെക്സിലെ സ്‌കൂൾ മൈതാനത്തുനിന്നും കേൾക്കേണ്ടിവന്ന പാക്കി എന്ന വിളികളായിരുന്നു ആദ്യം തന്നെ ഒറ്റപ്പെടുത്തിയത് എന്ന് അദ്ദേഹം പറയുന്നു.
പിന്നീട് ഡോക്ടറായി എൻ എച്ച് എസിൽ ജോലിക്ക് കയറിയപ്പോഴും ഒരുപാട് ചീത്ത അനുഭവങ്ങൾ ഉണ്ടായി. ഒരു ഡോക്ടർ എന്നതിനേക്കാൾ കറി ഹൗസിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന ജൊലിയായിരിക്കും തനിക്ക് നല്ലതെന്ന് ചില രോഗികൾ തമാശയായി പറയാറുണ്ടെന്ന് ഡോക്ടർ അനുസ്മരിക്കുന്നു. ഒരു ശരാശരി ഏഷ്യൻ വംശജനാണ് താനെന്ന ഓർമ്മപ്പെടുത്തലായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. പുറത്തുനിന്നുള്ളവരിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ സഹപ്രവർത്തകരും പലപ്പോഴും സഹായത്തിനെത്താറില്ല എന്നും അദ്ദേഹം പറയുന്നു.
1980 കളിൽ, തന്റെ പിതാവ് ഡോക്ടറായി പ്രവർത്തിച്ചിരുന്ന സമയത്ത്, ന്യുനപക്ഷ വംശജനായ ഒരാൾക്ക് ഉന്നതങ്ങളിൽ എത്താൻ ഒരുവഴിയും ഇല്ലായിരുന്നു എന്നും ഡോക്ടർ പറയുന്നു. എല്ലാം ക്ഷമിച്ച് ഒതുങ്ങിക്കൂടുമായിരുന്നു തന്റെ പിതാവ് എന്നുപറഞ്ഞ ഡോക്ടർ പക്ഷെ താൻ അങ്ങിനെ ഒതുങ്ങിക്കൂടാൻ താത്പര്യപ്പെടുന്നില്ല എന്നും പറഞ്ഞു. എൻ എച്ച് എസിലെ വംശീയ വിവേചനത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി സമൂഹമാധ്യമങ്ങളിൽ നിരന്തരം ശബ്ദമുയർത്തുകയാണ് ഡോക്ടർ. സമാനമായ അനുഭവമുണ്ടായ പലരും ഇതിനു താഴെ തങ്ങളുടെ അനുഭവം വിവരിച്ചുകൊണ്ട് എത്തുന്നുമുണ്ട്.