- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹിതയായ മനോരോഗ വിദഗ്ദയ്ക്ക് രോഗിയുമായി ഉണ്ടായത് അതിരുകവിഞ്ഞ ബന്ധം; ചൂതാട്ടത്തിനു വരെ രോഗിയെ പ്രേരിപ്പിച്ചു; രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പരാതിപ്പെട്ടത് രോഗിയുടെ മുൻ ഭാര്യ; ലൈംഗികാപവാദത്തിൽ ബ്രിട്ടീഷ് ഡോക്ടറുടെ പണി തെറിച്ചപ്പോൾ
ലണ്ടൻ: മനോരോഗിയായ നായകനും, മനോരോഗത്തിന് ചികിത്സിക്കാനെത്തുന്ന ഡോക്ടറായ നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറഞ്ഞ ''താളവട്ടം'' എന്ന സിനിമ മലയാളസിനിമയിലെ എക്കാലത്തേയും വൻഹിറ്റുകളിൽ ഒന്നാണ്. ഇപ്പോൾ ആ കഥ യാഥാർത്ഥ്യമായി വരികയാണ് ബ്രിട്ടനിൽ. മനോരോഗ വിദഗ്ദയായ ഡോക്ടർക്ക് തന്റെ രോഗിയോടു തോന്നിയ പ്രണയം പക്ഷെ അവരുടെ ഡോക്ടർ എന്ന പദവി വരെ എടുത്തുകളയൂന്നിടത്തെത്തി എന്നതാണ് കഥാന്ത്യം.
2017 ആഗസ്റ്റിലാണ് ഡോ. എലിനോർ ഹാർപ്പർ എൻ എച്ച് എസിൽ സൈക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിക്കുന്നത്. ആ സമയത്ത് അവർ വിവാഹിതയായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കുക എന്നതായിരുന്നു അവരുടെ ജോലി. 2018-ലായിരുന്നു ഇപ്പോൾ വിവാദത്തിലായ, പേരു വെളിപ്പെടുത്താത്ത രോഗി ഇവരുടേ ചികിത്സ തേടിയെത്തിയത്. ചികിത്സ നടക്കുന്നതിനിടയിൽ രോഗിയായിരുന്നു ഡോക്ടറോട് അയാൾക്ക് അവരെ ഇഷ്ടമാണെന്ന് പറഞ്ഞത്. 2018-നവംബറിൽ ഇതുപറഞ്ഞ സെഷനൊടുവിൽ ഇരുവരും ആലിംഗന ബദ്ധരാവുകയും ചെയ്തു എന്ന് കേസ് പരിശോധിച്ച പാനൽ പറയുന്നു.
ചികിത്സയുടെ തൊട്ടടുത്ത സെഷനിൽ ഡോക്ടറും തന്റെ ഹൃദയം രോഗിക്ക് മുന്നിൽ തുറക്കുകയും അയാളെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ഇതോടെ ഇവരുടേ ബന്ധം കൂടുതൽ ശക്തമാകുവാൻ തുടങ്ങി. 2018 ഡിസംബറിൽ രണ്ടുതവണ ഇവർ വ്യത്യസ്ത ഹോട്ടലുകളിൽ വെച്ച് കണ്ടുമുട്ടുകയുണ്ടായി. ഇരുവരും പരസ്പരം ഗൃഹസന്ദർശനം നടത്തുകയും ചെയ്തിരുന്നു. കവിതയൂറുന്ന പ്രണയ സന്ദേശങ്ങളാണ് ഡോക്ടർ രോഗിക്ക് വാട്ട്സ്അപിലൂടെ അയ്ച്ചിരുന്നത്. രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി എന്നു തുടങ്ങി, ഭൂമിയുടെ വിജനമായ കോണുകളിലെ പ്രണയാതുര നിമിഷങ്ങൾ വരെ ഈ സന്ദേശങ്ങളിലുണ്ട്.
ഇതിനിടയിലാണ് താൻ വിവാഹിതയാണെന്നും ഭർത്താവിനൊപ്പം കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ അയാളോട് പറഞ്ഞത്. ഇതിനു മറുപടിയായി, നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും, നിങ്ങൾ എന്റെ ചികിത്സികയാണെന്നും പറഞ്ഞ രോഗിയോട്, വ്യത്യസ്തരായ ആളുകളുടെ വീക്ഷണകോണുകളും വ്യത്യസ്തമായിരിക്കും എന്നായിരുന്നു ഡോക്ടറുടെ മറുപടി. ചൂതാട്ടത്തിലൂടെ മാനസികരോഗിയായ ഇയാൾക്ക് ഓൺലൈൻ ചൂതാട്ട അക്കൗണ്ട് വരെ ഡോക്ടർ തുറന്നുകൊടുത്തു എന്നിടത്താണ് പ്രണയത്തിന്റെ ശക്തി ബോദ്ധ്യപ്പെടുന്നത്.
തങ്ങളുടേ ബന്ധം രഹസ്യമായി സൂക്ഷിക്കാൻ രോഗി ആഗ്രഹിച്ചു എന്നാണ് ഡോക്ടർ അന്വേഷണ പാനലിനു മുന്നിൽ പറഞ്ഞത്. തന്റെ മുൻഭാര്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അയാൾ ഭയപ്പെട്ടിരുന്നു. താൻ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്ന് അറിഞ്ഞാൽ, തന്റെ കുട്ടികളെ കാണാൻ അവർ സമ്മതിക്കില്ലെന്ന് അയാൾ കരുതി. എന്നാൽ, ഈ ബന്ധം രഹസ്യമായി സൂക്ഷിക്കുന്നതിൽ തനിക്ക് താത്പര്യമില്ലായിരുന്നു എന്ന് ഡോക്ടർ പറയുന്നു. ഏതായാലും 2019 ഏപ്രിലിൽ ഇവരുടെ ബന്ധം അവസാനിച്ചു.
അതേവർഷം ജൂലായിൽ സിക്ക് ലീവിന് അപേക്ഷിച്ച ഡോക്ടർ പിന്നീട് എൻ എച്ച് എസിൽ നിന്നും പിരിയുകയായിരുന്നു. ഏറെ താമസിയാതെ 2019 സെപ്റ്റംബറിൽ രോഗിയുടെ മുൻഭാര്യ ഡോക്ടർക്കെതിരെ പരാതിയുമായി എത്തി. ചികിത്സയിൽ ഇരിക്കുന്ന രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നായിരുന്നു പരാതി. ഇതിനെ ഡോ. ഹാർപ്പർ നിഷേധിച്ചെങ്കിലും അന്വേഷണത്തിൽ ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. തുടർന്നായിരുന്നു അവർക്ക് ഇനി ചികിത്സിക്കാൻ സാധിക്കാത്ത വിധം ഡോക്ടർ എന്ന പദവി അവരിൽ നിന്നും എടുത്തുകളഞ്ഞത്.