- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്തുജന്യ രോഗങ്ങൾ വലിയ വെല്ലുവിളി: മന്ത്രി വീണാ ജോർജ്;ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തെ ലോക ജന്തുജന്യ രോഗ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും നിർമ്മാർജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങൾ രാജ്യാന്തരതലത്തിൽ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇതിൽ ജന്തുജന്യ രോഗങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. പകർച്ച വ്യാധികളിൽ മൂന്നിൽ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ എന്നിവയാണ് കേരളത്തിൽ സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ. ഇതുകൂടാതെയാണ് കോവിഡ് 19 ഉണ്ടാക്കിയ വെല്ലുവിളിയെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യനും മൃഗങ്ങളും ജീവിത പരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോൾ ജീവികളിൽ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുകയും രോഗങ്ങൾ ഉണ്ടാകുവാനും ഇടയാകുന്നു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകൾ പലപ്പോഴും ഒഴിവാക്കുവാൻ കഴിയില്ല. തൊഴിൽ, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി മനുഷ്യർ അറിഞ്ഞും അറിയാതെയും ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നു. അതിനാൽ ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാൽ മാത്രമേ അവയെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂ.
· മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
· മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
· മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്.
· 5 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തണം.
· മൃഗങ്ങളിൽ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.
· വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കണം.
· വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.
മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയാകാതെ അവയുമായി സന്തുലിതമായ ഇടപെടലുകൾ നടത്തി, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാം. ആരോഗ്യം, മൃഗസംരക്ഷണം, വനം, പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, സാമ്പത്തികം, വാർത്താ വിനിമയം, വിവര സാങ്കേതികം എന്നീ മേഖലകളിലെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കോവിഡ് ഉൾപ്പെടെയുള്ള ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും കഴിയൂ.