സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അമേരിക്കയിൽ തോക്കുകൾ കഥപറഞ്ഞപ്പോൾ പൊലിഞ്ഞത് 142 ജീവനുകൾ. 379 വ്യത്യസ്ത സഭവങ്ങളിലായാണ് ഇത്രയും പേർ മരണമടഞ്ഞത്. ഷിക്കാഗോയും ഫിലാഡൽഫിയയുമാണ് ഏറ്റവുമധിക അക്രമസംഭവങ്ങൾ ഉണ്ടായ സ്ഥലങ്ങൾ. ഷിക്കാഗോയിൽ മാത്രം 92 ഇടങ്ങളിലാണ് വെടിവയ്‌പ്പുണ്ടായത്, 16 പേർ മരണമടയുകയും 76 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഇതിൽ നാഷണൽ ഗാർഡിലെ സൈനികനായ ക്രിസ് കാർവാജലിന്റെ പേരുമാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഒരു ഹൗസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് ഇയാൾക്ക് വെടിയേറ്റത്.

എന്തിനോ വേണ്ടി വീടിനു വെളിയിൽ ഇറങ്ങിയ സമയത്ത് വാഹനത്തിലെത്തിയ ചിലരാണ് ക്രിസ്സിനു നേരെ വെടിയുതിർത്തതെന്ന് അയാളുടെ സഹോദരി പറയുന്നു. വെടിവയ്ക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അവർ പറഞ്ഞു. 12 നു 30 നും പ്രായമുള്ള നിരവധിപേർക്ക് ഈ വെടിവയ്പിൽ പരിക്കേറ്റു. നഗരത്തിലെ വാഷിങ്ടൺ പാർക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കൂം വെടിയേറ്റു. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഭേദമായി വരുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.

ഫിലാഡൽ ഫിയയിൽ 17 ഇടങ്ങളിലാണ് വാരാന്ത്യത്തിൽ വെടിവയ്പുണ്ടായത്. 21 പേർക്ക് പരിക്കേൽക്കുകയും ഏഴുപേർ മരണമടയുകയും ചെയ്തു. ജൂലായ് 4 ലെ ആഘോഷങ്ങൾക്കിടയിൽ ഇവിടെ പതിനൊന്ന് പേർക്ക് വെടിയേറ്റിരുന്നു, അതിൽ നാലുപേർ മരണമടഞ്ഞു. മറ്റൊരുാളെ കുത്തിക്കൊല്ലുകയും ചെയ്തിരുന്നു. വെടിയേറ്റവരിൽ 11 പേർ 15 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിനുപുറമേ വേറെ ചിലയിടങ്ങളിലും വെടിവയ്പുകൾ ഉണ്ടായെങ്കിലും അതിന്റെയെല്ലാം പുറകിലെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

നഗരത്തിലെ വെസ്റ്റ് ഓക്ക് ലെയിനിൽ ഒരു 18 കാരനു നേരെ 13 തവണ വെടിയുതിർത്താണ് കൊലപ്പെടുത്തിയത്. അതുപോലെ നിരവധി വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന ഒരു 21 കാരനും വെസ്റ്റ് ഫിലാഡല്ഫിയയിൽ മരണമടഞ്ഞു. നഗരത്തെ കാർന്നു തിന്നുന്ന മഹാവ്യാധി കോവിഡ് മാത്രമല്ലെന്ന് തെളിഞ്ഞുവെന്ന് നഗരത്തിന്റെ മേയർ ജിം കെന്നി പറഞ്ഞു. ഫിലാഡൽഫിയയിൽ തോക്കുകൾ ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അകാലത്തിൽ വെടിയേറ്റു മരിച്ചവരുടെ കുടുബങ്ങളോട് അനുശോചനം അറിയിക്കുന്നു എന്നും അദ്ദേഹ പറഞ്ഞു.

ഷിക്കാഗോയെ ഒരു യുദ്ധഭൂമിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരത്തെ ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചതിന് മേയർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവു ഉയരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയാണ് ഇത്തരം അക്രമ സംഭവങ്ങൾ വ്യാപിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.