മേരിക്കൻ സൈന്യം നാടുവിട്ടതോടെ കൂട്ടംകൂടി കൊള്ളയടിക്കാനെത്തിയ നാട്ടുകാർ അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പ്രധാന സൈനികതാവളമായിരുന്ന വിമാനത്താവളം പൂർണ്ണമായും കൊള്ളയടിച്ചു. ലാപ്ടോപ്പ് കമ്പ്യുട്ടറുകൾ, സ്റ്റിരീയോ സ്പീക്കറുകൾ എന്നിവ മുതൽ സൈക്കിളുകളും ഹെൽമെറ്റും ബാസ്‌കറ്റ് ബോളുകളും വരെ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കൈയിൽ കിട്ടുന്നതെന്തും വാരിക്കൊണ്ടുപോകുകയായിരുന്നു കൂട്ടത്തോടെ എത്തിയ നാട്ടുകാർ.

കഴിഞ്ഞ 20 വർഷങ്ങളായി അമേരിക്കൻ സൈനിക താവളമായിരുന്ന ബാഗ്രാം വിമാനത്താവളം അമേരിക്കൻ സൈനികർ ഉപേക്ഷിച്ചു പോയത് അഫ്ഗാൻ അധികാരികൾ അറിഞ്ഞില്ലെന്നതാണ് രസകരം. വിമാനത്താവളത്തിലെ നിലവിലെ അഫ്ഗാൻ കമാൻഡർ പോലും സൈനികർ സ്ഥലം വിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞാണ് ഇവർ പോയ കാര്യം അറിയുന്നത്. വൈദ്യൂതി ബന്ധമെല്ലാം വിച്ഛേദിച്ചതിനു ശേഷമായിരുന്നു ഇവർ സ്ഥലം വിട്ടത്.

താലിബാനെ നിർവീര്യമാക്കുവാനും അതുപോലെ 9/11 ആക്രമണത്തിനു നേതൃത്വം നൽകിയ അൽകൈ്വദയെ ഇല്ലാതെയാക്കുവാനും അമേരിക്ക ആശ്രയിച്ചിരുന്ന സൈനിക താവളത്തിന്റെ ദൃശ്യം ഇന്നലെയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച തന്നെ അമേരിക്കൻ സൈനികർ പൂർണ്ണമായും ഇവിടം വിട്ടുപോയിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണമായും പിന്മാറുമെന്നു അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള വാഹനങ്ങൾ, മൈൻ പ്രതിരോധ വാഹനങ്ങൾ എന്നിവയ്ക്കൊപ്പം അമേരിക്ക ഇവിടെ അവശേഷിപ്പിച്ചു പോകുന്നത് കുപ്രസിദ്ധമായ ഒരു ജയിലും അതിനു ചുറ്റുമുള്ള ഒരു കോട്ടമതിലുമാണ്. അമേരിക്കക്കാർ പൂർണ്ണമായും വിമാനത്താവളം വിട്ടുപോയതോടെ ഇതിന്റെ വാച്ച ടവർ, എയർ ട്രാഫിക്, ആശുപത്രി എന്നിവയുൾപ്പടെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ അഫ്ഗാനിസ്ഥാൻ സൈന്യത്തിനാണ്.

കനത്ത സുരക്ഷയുണ്ടായിരുന്ന ഇവിടം ഇന്നലെ റോയിറ്റേഴ്സിൽ നിന്നുള്ള ഒരുകൂട്ട പത്രപ്രവർത്തകർ സന്ദർശിച്ചു. അമേരിക്കൻ സൈന്യം ഉപേക്ഷിച്ചുപോയ നിരവധി വാഹനങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഒരിക്കൽ അമേരിക്കൻ സൈനികർ താമസിച്ചിരുന്ന ബാരക്കുകളിൽ അഫ്ഗാൻ സൈനികർ താമസമാരംഭിച്ചുകഴിഞ്ഞു. റഡാറും പതിവുപോലെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. അമേരിക്കൻ സൈന്യത്തിന്റെ മനോവീര്യം വർദ്ധിപ്പിക്കുവാൻ കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന വേദിയിൽ ഒരു അഫ്ഗാൻ സൈനികൻ ഗിറ്റാറുമായി പാഷ്ത്തോ ഭാഷയിലുള്ള ഗാനങ്ങൾ ആലപിക്കുന്നു. മറ്റു ചില സൈനികർ സൈക്കിളിൽ കറങ്ങി നടക്കുന്നു.

അമേരിക്ക വിമാനത്താവളം വിട്ടുപോയി എന്നൊരു വാർത്ത കേട്ടിരുന്നു എന്ന് വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ കമാൻഡർ മിർ അസാദുള്ള കോഹിസ്താനി പറഞ്ഞു. പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചതിനുശേഷ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുൻപായി ഒരു കൂട്ടം ആളുകൾ അതിക്രമിച്ചുകടന്ന് കൊള്ളയടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും വെറും ഒരു മണിക്കൂർ നേരത്തെ യാത്രമാണ് ഈ വിമാനത്താവളത്തിലേക്കുള്ളത് എന്നതോർക്കണം.

ഏകദേശം 5000 തടവുകാരുള്ള ഒരു ജയിലും ഈ വിമാനത്താവളത്തിൽ ഉണ്ട്. തടവുകാരിൽ ഭൂരിഭാഗവും താലിബൻ കാരാണ്. അമേരിക്കൻ-നാറ്റോ സഖ്യ സൈന്യത്തിന്റെ അധീനതയിലായിരുന്നു ഈ ജയിൽ. കഴിഞ്ഞയാഴ്‌ച്ചയോടുകൂടി നാറ്റോ സൈനികരും ഏറെക്കുറെ അഫ്ഗാനിൽ നിന്നും യാത്രതിരിച്ചിരുന്നു. അതേസമയം, വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു ജില്ല താലിബൻ ഭീകരർ കീഴടക്കിയതായി വാർത്തകൾ വരുന്നു. ഭീകരരുമായി ഏറ്റുമുട്ടാൻ നിൽക്കാതെ അഫ്ഗാൻ സൈനികർ സമീപത്തുള്ള ടാജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തു എന്നാണ് റിപ്പോർട്ട്.