- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പന്റെ വിവാഹം മനം നിറച്ച് കണ്ട് മക്കളും കൊച്ചു മക്കളും; 73-ാം വയസ്സിൽ 68കാരിയായ അശ്വതിയെ വിവാഹം ചെയ്ത് വർഗീസ്: വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയ ഇരുവരുടേയും വിവാഹത്തിന് മുൻകൈ എടുത്തതും മക്കൾ
കൊച്ചി: മക്കളും കൊച്ചുമക്കളും ഒറ്റക്കെട്ടായി മുൻകൈ എടുത്തതോടെ വാർദ്ധക്യത്തിൽ തനിച്ചായ വർഗീസിനു കൂട്ടായി അശ്വതി എത്തി. മക്കൾ മുൻ കൈ എടുത്ത് കല്ല്യാണവും നടത്തിയതോടെ ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കൊരു സന്ദേശമായി മാറുകയായിരുന്നു 73കാരൻ വി.കെ വർഗീസിന്റെയും 68കാരി അശ്വതിയുടേയും വിവാഹം. കോവിഡ് കാലമായതിനാൽ ഈ അത്യപൂർവ്വ വിവാഹ ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത.
കൊച്ചിയിലെ അറിയപ്പെടുന്ന വീകേവീസ് കേറ്ററേഴ്‌സ് ഉടമയാണ് കണ്ടനാട് വി.കെ. വർഗീസ്. സിനിമാ നടിമാരുടെ പ്രിയപ്പെട്ട ഇടമായ കൽപന ബ്യൂട്ടി പാർലർ ഉടമയാണ് അശ്വതി. 'ആദ്യ വിവാഹത്തിനു പോകുമ്പോൾ സന്തോഷവും ആകാംക്ഷയും സ്വപ്നങ്ങളുമൊക്കെയുണ്ട്. ഇത് അതല്ല, ശിഷ്ടായുസ്സു കഴിച്ചുകൂട്ടണം. എന്നാൽ, രണ്ടിന്റെ പേരും കല്യാണമെന്നു തന്നെ' വർഗീസ് പറഞ്ഞു.
വർഗീസിന്റെ ആദ്യ ഭാര്യ സുശീല (റിട്ട. താലൂക്ക് ഓഫിസർ) മൂന്നര വർഷം മുൻപു മരിച്ചു. മൂന്ന് മക്കളും അവരുടെ കുടുംബവും കേരളത്തിനു വെളിയിലാണ്. കോവിഡ് ലോക്ഡൗൺ വന്നതോടെ വർഗീസ് വല്ലാതെ ഒറ്റപ്പെട്ടു. ലണ്ടനിൽ ഡോക്ടർ ആയിരുന്ന അശ്വതിയുടെ ഭർത്താവ് രണ്ടര വർഷം മുൻപു മരിച്ചു. മകളും കൊച്ചുമകളുമുണ്ട്. രണ്ടുപേർക്കും നേരത്തേ അറിയാം. പല ചടങ്ങുകളിലും ഒന്നിച്ചു കണ്ടിട്ടുണ്ട്. അശ്വതിയുടെ ഭർത്താവിനെ വർഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു.
പൊതുസുഹൃത്തായ ഒരാൾ വർഷങ്ങൾക്കു ശേഷം വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ വർഗീസ് നിരുത്സാഹപ്പെടുത്തി. തുടർന്നു മൂത്ത മകനു മുന്നിൽ സുഹൃത്ത് ഇക്കാര്യം അറിയിച്ചു. അവൻ അനുജന്മാരോടു പറഞ്ഞു. മൂവരും ചേർന്നാണ് അപ്പന്റെ കല്യാണക്കാര്യം ആലോചിച്ചത്. അശ്വതിയുടെ കുടുംബത്തിനും സമ്മതം.
അപ്പന്റെ ഒറ്റപ്പെടലാണു മക്കളെ ഈ തീരുമാനത്തിലേക്കു നയിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്തു വല്ലാതെ ഒറ്റപ്പെട്ടുപോയെന്നു വർഗീസ്. അശ്വതിക്കൊപ്പം മകളും ചെറുമകളും ഉണ്ടായിരുന്നു.സിഎ പഠിക്കാൻ 55 വർഷം മുൻപു നഗരത്തിലെത്തിയ വർഗീസ് പല റസ്റ്ററന്റുകളും നടത്തിയ ശേഷം 1985 ൽ 'വീകേവീസ്' കേറ്ററിങ് തുടങ്ങി. കൊച്ചിയിൽ വീക്ഷണം റോഡിലെ അശ്വതിയുടെ 'കൽപന' ബ്യൂട്ടി പാർലർ സിനിമാ നടിമാരുടെ പ്രിയപ്പെട്ട ഇടമാണ്. വിവാഹ ശേഷം വധൂവരന്മാർ പനമ്പുകാട് കായൽത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി.