മൂവാറ്റുപുഴ: മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി, കയറിൽ പുഴയിലേക്കു കെട്ടിത്താഴ്‌ത്തിയ നിലയിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ മൃഗാശുപത്രിയിൽ എത്തിച്ചു. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കുളിക്കാൻ എത്തിയ ആനപ്പാപ്പാനായിരുന്ന ഈശ്വരനാണ് ദേഹമാകെ മുറിവുകളുമായി മരണാസന്നനായി മുങ്ങിക്കിടന്ന രണ്ടു വയസ്സ് തോന്നിക്കുന്ന നായയെ കണ്ടത്.

പുഴയോര നടപ്പാതയിലേക്കു കയറിൽ കെട്ടിവലിച്ചാണു നായയെ എത്തിച്ചിരിക്കുന്നതെന്നു മൃഗസ്‌നേഹികളുടെ സംഘടനയായ ദയയുടെ കോഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. നടപ്പാത നിറയെ വലിച്ചിഴച്ചതിന്റെ രക്തപ്പാട് ഉണ്ട്. റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിനിടെ കാലുകളിലെ നഖങ്ങളെല്ലാം വീണ്ടു കീറിയിട്ടുണ്ട്.വിവരം അറിഞ്ഞെത്തിയ മുഹമ്മദ് ഷാ, ബിജു നാരായണൻ, കെ.വി.മനോജ് എന്നിവരും ചേർന്നാണു നായയെ മൃഗ ഡോക്ടറായ ഡോ.അക്ഷയ സുരേന്ദ്രന്റെ അടുത്ത് എത്തിച്ചത്. ദയ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.