- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക അനുമതിയോടെ ഇന്നലെ പറന്നത് 146 പേർ; ഇന്ത്യയിൽ നിന്നും കൂടുതൽ പേർ യുഎഇയിലേക്ക് പറന്നു തുടങ്ങി
ദുബായ്: ഇന്ത്യയിൽ നിന്നു പ്രത്യേക അനുമതിയോടെ യുഎഇയിലേക്ക് പോകുന്നവരുടെ എണ്ണം കൂടി. ഇന്നലെ 146 പേരാണു പ്രത്യേക അനുമതി നേടി കൊച്ചിയിൽ നിന്ന് യുഎഇയിലേയ്ക്ക് പറന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിൽ അറിയിച്ചു. നിലവിൽ തൊഴിൽ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പ്രത്യേക അനുമതി ലഭിച്ച യാത്രക്കാർക്കാണ് പ്രവേശനാനുമതിയുള്ളത്. കൂടാതെ, ദുബായ് അധികൃതർ ജൂൺ 19 ന് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചിരിക്കണം.
ജൂലൈ മൂന്നാം വാരത്തോടെ, മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന മറ്റ് യാത്രക്കാർക്കും യുഎഇയിലേയ്ക്ക് പോകാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റാപിഡ് പിസിആർ പരിശോധനാ കേന്ദ്രം ആരംഭിച്ചതോടെയാണു തിരിച്ചുവരവിന് കൂടുതൽ സാഹചര്യമൊരുങ്ങിയത്.
സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപിഡ് പിസിആർ കേന്ദ്രത്തിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഇതു മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ആശ്വാസമായി. യാത്രപുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധനാ ഫലമുണ്ടെങ്കിൽ ഇന്ത്യാക്കാർക്ക് യുഎഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിർദ്ദേശം.
ഇതോടെ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ ഇടപെടലിൽ കൊച്ചി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 ന് സിയാലിൽ സ്ഥാപിക്കാനായി. ഇതാണ് മടങ്ങിപ്പോക്കിന് വഴിതെളിച്ചത്. ഇന്നലെ രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തിൽ 146 പേരാണ് യു.എ.ഇയിലേയ്ക്ക് മടങ്ങിപ്പോയത്. (യു.എ.ഇ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവർക്കാണ് നിലവിൽ റാപിഡ് -പിസിആർ ഉൾപ്പെടെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് യാത്ര പോകാവുന്നത്. പ്രത്യേക അനുമതി എന്ന നിബന്ധനയിൽ വൈകാതെ ഇളവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം, ജർമനി ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്ക് പിൻവലിച്ചതിനാലും ബ്രിട്ടൻ ഇതു പിന്തുടരാൻ സാധ്യത കൽപിക്കുന്നതിനാലും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ വിമാന സർവീസ് പെട്ടെന്ന് ആരംഭിക്കുന്നതിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ. ഈ മാസം 31 വരെ രാജ്യാന്തര വിമാനയാത്രയ്ക്ക് വിലക്കുണ്ടെങ്കിലും കേന്ദ്രസർക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണു നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയിൽ, ജൂൺ 19 ന് ദുബായ് സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾക്ക് അനുഗ്രഹമായി.