കണ്ണൂർ: ഇരിക്കൂർ ബ്ലാത്തൂരിൽ സഹതാമസക്കാരനെ ആസാം സ്വദേശിയായ യുവാവ് കൊന്ന് ആരുമറിയാതെ കൊന്ന് കുഴിച്ചിട്ടത് പണത്തിന് വേണ്ടിയെന്ന് അന്വേഷണ സംഘം. രണ്ടു വർഷം മുൻപ് തലയോട്ടി കണ്ടെത്തിയതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ഇതോടെയാണ് കേസിലെ പ്രതിയായ സാദിഖലി (20) കുടുങ്ങിയത്.

രണ്ട് വർഷം മുമ്പ് കല്യാടിനടുത്ത് ഊരത്തൂർ പറമ്പിൽ നിന്ന് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിലാണ് ആസാം സ്വദേശി സാദിഖലിയെ (20) അറസ്റ്റ് ചെയ്ത്. ഇരിട്ടി ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാം, ഇരിക്കൂർ സിഐ പി.അബ്ദുൽ മുനീർ, എസ്‌ഐ നിതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

മൊബൈൽ ഫോൺ മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സാദിഖലിയെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാണാതായ ആസാം സ്വദേശി സയ്യിദ് അലിയുടെതാണ് തലയോട്ടിയെന്ന് ശാസ്ത്രീയമായ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ജയിലിൽ കഴിയുന്ന സാദിഖലിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.

സയ്യിദ് അലിയുടെ മൊബൈൽഫോൺ കവർന്ന കേസിലായിരുന്നു ആസാം സ്വദേശി സാദിഖലി ജയിലിലായത്. ആസാം ബേർപ്പെട്ട ജില്ലയിലെ ഗ്രാമത്തിൽ നിന്നാണ് സാദിഖലിയെ ഒരാഴ്‌ച്ച മുൻപ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം എസ്‌പിയുടെ നിർദ്ദേശപ്രകാരം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.

ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖലി മറ്റൊരു ജോലി തേടിയാണ് ഇരിക്കൂർ ഊരത്തൂരിൽ എത്തിയത്. ഇവിടെ ചെങ്കൽ പണയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സയ്യിദലിയോടൊപ്പം താമസ സൗകര്യം ഏർപ്പെടുത്തിയത്. സയ്യിദലിയുംസാദിഖലിയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. സയ്യിദലി ഒരുപാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പലപ്പോഴും പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി.

തുടർന്നായിരുന്നു വാക്കേറ്റവും അടിപിടിയും നടന്നതിനെ തുടർന്ന് കൊല നടന്നത്. കൊലയ്ക്കുശേഷം മുറിയിൽ നിന്ന് 100 മീറ്റർ അകലെ ചെങ്കൽപ്പണയിൽ കുഴിയെടുത്ത് മറവുചെയ്തു. തങ്ങൾ ഇരുവരും നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി പോയി. 3000 രൂപയും മൊബൈൽ ഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത്.

2018 ൽ ഊരത്തൂരിലെ ചെങ്കൽ പണയുടെ പരിസരത്തുള്ള കാട്ടിൽ നിന്നായിരുന്നു തലയോട്ടി കണ്ടെത്തിയത്. ഇതിൽ വലിയ ദുരൂഹതയൊന്നും അന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധനയിലാണ് ഇത് യുവാവിന്റെ തലയോട്ടിയാണെന്ന് മനസ്സിലായത്. ചെങ്കൽ മേഖലയായ ഇവിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിലാണ് സയ്യിദലിയും സാദിഖലിയും ആസാമിലേക്ക് പോയ വിവരം ലഭിച്ചത്.

സയ്യിദലിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വീട്ടിലെത്തിയിട്ടില്ലെന്നും സയ്യിദലിയുടെ മൊബൈൽ ഫോൺ മറ്റൊരാൾ ഉപയോഗിക്കുന്നതായിട്ട് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാദിഖലിയാണ് മൊബൈൽഫോൺ മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. കല്യാട് ഊരത്തൂർ പറമ്പിൽ രണ്ട് വർഷം മുമ്പ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിന്റെ ചുരുളഴിഞ്ഞത് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്.

ആസാമിലെ ഗുവാഹത്തിക്കടുത്ത ബെർപേട്ട ജില്ലയിലെ സാദിഖ് അലിയെ പൊലിസ് മഫ്ടിവേഷത്തിൽ ചെന്നാണ് പിടികൂടിയത്. ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുനീർ, എസ് ഐ നിധീഷ് എന്നിവർ ഒരു വാറന്റ് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ആസം പൊലിസിനെ അറിയിച്ചിരുന്നുവെങ്കിലും കൊല നടത്തിയതിന്റെ സൂചന അന്നേ പൊലിസിന് ലഭിച്ചിരുന്നു.

2018 ലാണ് ഊരത്തൂർ ചെങ്കൽപണയുടെ സമീപത്ത് നിന്ന് ആദ്യം തലയോട്ടി കണ്ടെത്തിയത്.അടുത്ത ദിവസങ്ങളിൽ ശരീരാവയവങ്ങളും വസ്ത്രങ്ങയും കണ്ടെത്തിയതോടെ നാട്ടുകാർ രംഗത്ത് വരികയും പൊലീസ് അന്വേഷണം ഊർജിതമാക്കുകയും തലയോട്ടിയും ശരീരികാവയവങ്ങളും ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തു. ഇതാണ് പ്രതിയിലേക്ക് എത്തുന്നത്.