കാസർകോട്: കാസർകോട് ജില്ലയിലെ മേൽപറമ്പ് കെഎസ്ടിപി റോഡ് വഴി വളഞ്ഞും തിരിഞ്ഞും ഓടിയ ഓയിൽ ടാങ്കർ ലോറിയെ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്ന ഡ്രൈവറാണ് ഓയിൽ ടാങ്കർ ഓടിച്ചിരുന്നത്. സഹായിയോ സഹ ഡ്രൈവർമാരോ ടാങ്കർലോറിയിൽ കൂടെ ഉണ്ടായിരുന്നില്ല .

കാസർകോട് നഗരത്തിൽ നിന്നും മദ്യം കഴിച്ചതിന് ശേഷമാണ് ഇയാൾ വാഹനമോടിച്ച് കെഎസ്ടിപി റോഡിലേക്ക് കടന്നത്. മേൽപ്പറമ്പ് എത്തുമ്പോഴേക്കും ഡ്രൈവർ പൂർണമായി അബോധാവസ്ഥയിലായിരുന്നു. വണ്ടി കടന്നു വന്ന വഴിയിൽ ചില വണ്ടികളെ ഉരസിയും അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തുമാണ് മേൽപ്പറമ്പ് ടൗണിലേക്ക് ടാങ്കർലോറി കടന്നത്. ടാങ്കർ ലോറിയുടെ അസ്വാഭാവിക യാത്രയുടെ വിവരം ലഭിച്ചപ്പോൾ കാസർകോട് നഗരത്തിൽ ഉണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉടനടി മേൽപറമ്പിലേക്ക് തിരിക്കുകയായിരുന്നു.

ഇതിനിടയിൽ നാട്ടുകാർ ചേർന്ന് വാഹനത്തെ തടഞ്ഞു നിർത്തിയിരുന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാർ എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുയും ആ വഴി കടന്നു വന്ന മറ്റൊരു ലോറി ഡ്രൈവറെ ഉപയോഗപ്പെടുത്തി ടാങ്കർലോറി പാതയോരത്തേക്ക് ഒതുക്കി നിർത്തുകയും ചെയ്തു. വാഹനം ശ്രദ്ധയിൽ പെട്ടില്ലയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു എന്നാണ് ഷാനവാസ് പാദൂർ പറയുന്നത്. കോവിഡ് കാരണം ഇത്തരം വാഹനങ്ങളിലെ പൊലീസ് പരിശോധന കുറഞ്ഞതാണ് മദ്യപിച്ച് വണ്ടി ഓടിക്കാൻ ചിലർക്കെങ്കിലും പ്രചോദനമാകുന്നതെന്നും ഷാനവാസ് കൂട്ടിച്ചേർത്തു