ക്സ്ട്രാ ടൈമിലെ പെനാൽറ്റി കിക്കിൽ ഹാരി കെയ്ൻ ഡെന്മാർക്കിന്റെ ഗോൾ വല കുലുക്കിയപ്പോൾ ഇംഗ്ലണ്ടിൽ ഉയർന്നത് ആർപ്പുവിളികളായിരുന്നു. 1966-ൽ ലോകകപ്പിനു ശേഷം ഇതാദ്യമായി ഒരു പ്രധാന ടൂർണമെന്റിലെ ഫൈനലിൽ എത്തിയതിന്റെ ആഹ്ലാദാരാവം എങ്ങും നിറഞ്ഞു. യൂറോ കപ്പിൽ മുത്തമിടാൻ ഇനി ഇംഗ്ലണ്ടിന് വേണ്ടത് ഞായറാഴ്‌ച്ചയിലെ ഒരു വിജയം മാത്രം. 60,000 ത്തോളംകാണികൾ തിങ്ങി നിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ ആളിക്കത്തിയ അവേശം പുറത്ത് ട്രാഫ്ളാഗർ സ്‌ക്വയറിൽ കാത്തുനിന്നിരുന്ന ആയിരക്കണക്കിന് ആരാധകരിലേക്ക് കൂടി പകർന്നതോടെ ഒരു കാട്ടുതീ ആയി മാറുകയായിരുന്നു.

വലിയ സ്‌ക്രീനിൽ ദൃഷ്ടിപതിപ്പിച്ചിരുന്നവർ ചാടിയെഴുന്നേറ്റ് മുദ്രാവാക്യങ്ങൾ മുഴക്കി. വഴിയരുകിൽ കാറുകളുടെ ഹോണുകൾ നിർത്താതെ ചിലച്ചു. ഷർട്ടുകൾ ഊരിയെറിയുന്നതിനൊപ്പം ആരാധകർ ബിയർ കുപ്പികളും അന്തരീക്ഷത്തിലേക്ക് ഉയർത്തിയെറിഞ്ഞ് ആഹ്ലാദം രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇംഗ്ലണ്ടിന് ഇതിലും വലിയൊരു ഉയർത്തെഴുന്നേൽപ് ലഭിക്കാനില്ല എന്നാണ് മ്യുസിക് റോയല്റ്റി മാനേജർ റോയ്സിം ബ്രോഫി പറഞ്ഞത്.

നീണ്ട 55 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു സുപ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. അതായത്, ഇംഗ്ലണ്ട് ഫൈനലിൽ എത്തുന്നത് ആദ്യമായി കാണുകയാണ് ഒരു തലമുറ. അതിന്റെ ആഹ്ലാദമായിരുന്നു ഇന്നലെ ഇംഗ്ലീഷ് തെരുവുകളിൽ നിറഞ്ഞൊഴുകിയത്. ലണ്ടൻ തെരുവുകളിൽ പടർന്നുപിടിച്ച ആവേശം ഒട്ടും ചോർന്നുപോകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പടർന്നതോടെ രാജ്യം മുഴുവൻ ഒരൊറ്റ വികാരത്താൽ തുള്ളിച്ചാടുകയായിരുന്നു.

അതേസമയം 1966-ലെ ലോകകപ്പിൽ ജർമ്മനിയെ 4-2 ന് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പിൽ മുത്തമിടുന്നതിന് ദൃക്സാക്ഷികളായ ഒരു തലമുറ വീടുകളിലെ സ്വീകരണമുറികളിൽ ടി വി സ്‌ക്രീനുകൾക്ക് മുന്നിൽ അടങ്ങാത്ത ആവേശവുമായി ഒതുങ്ങിക്കൂടി. അന്ന് ഗാലറിയിലെ ആവേശത്തിൽ ഇളകിമറിഞ്ഞ ടെറി ജോൺസൺ എന്ന യൗവ്വനത്തിന് ഇന്ന് പ്രായം 72. നീണ്ട 55 വർഷം കാത്തിരിക്കേണ്ടിവന്നു തനിക്ക് ഇംഗ്ലണ്ട് മറ്റൊരു ഫൈനലിൽ എത്തുന്നത് കാണുവാൻ എന്നാണ് അയാൾ പറഞ്ഞത്.

ഇംഗ്ലീഷ് ടീമിന് ആവേശം പകർന്ന് വില്യം രാജകുമാരൻ

ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ ചരിത്ര വിജയത്തിനു സാക്ഷ്യം വഹിക്കാൻ ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് കൂടിയായ വില്യം രാജകുമാരനും വെംബ്ലേ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്ന കെയ്റ്റിന് പക്ഷെ ഈ ആവേശം നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആഹ്ലാദം പങ്കിടാൻ വില്യമിനൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭാര്യ കാരിയും ഉണ്ടായിരുന്നു. ഡാനിഷ് കിരീടാവകാശികളായ മേരി രാജകുമാരിയും ഭർത്താവ് ഫ്രെഡെറിക് രാജകുമാരനും അവരുടേ മകൻ 15 വയസ്സുകാരനായ ക്രിസ്റ്റ്യൻ രാജകുമാരനും മത്സരം കാണാൻ എത്തിയിരുന്നു.

അതിനിടയിൽ ഡാനിഷ് രാജകുടുബാംഗങ്ങൾ ഫുട്ബോൾ മത്സരം കാണാൻ എത്തിയതിനെതിരെ ഡെന്മാർക്കിൽ കടുത്ത പ്രതിഷേധമുയരുന്നു. ഡെന്മാർക്കിൽ നിന്നും ബ്രിട്ടനിലെത്തുന്നവർ 10 ദിവസത്തെ ക്വാറന്റൈന് വിധേയരാകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഡാനിഷ് ഫുട്ബോൾ ആരാധകർക്ക് മത്സരം കാണാൻ ഇംഗ്ലണ്ടിൽ എത്താൻ കഴിഞ്ഞില്ല. അതേസമയം, രാജകുടുംബാംഗങ്ങൾ ഉൾപ്പടെ 2,500 പേർക്ക് വി ഐ പി പാസ്സിനൊപ്പം സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽഇളവുകൾ നൽകുകയായിരുന്നു.ഇതിനെതിരെ ഡാനിഷ് മാധ്യമങ്ങൾ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്.

ആവേശത്തിൽ ആർപ്പുവിളിച്ച് ബോറിസും കാരിയും

കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറിവരുന്ന ഇംഗ്ലണ്ടിന് ഇതില്പരം ആഹ്ലദിക്കാൻ ഒന്നില്ല. നീണ്ട അര നൂറ്റാണ്ടിലധികം കാലത്തിനുശേഷം ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന രാജ്യത്തിന്റെ ആഹ്ലാദത്തിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും പത്നി കാരിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ഡെന്മാർക്കിന്റെ സെൽഫ് ഗോളിലൂടെ സമനിലയിലെത്തിയ കളി പെനാൽറ്റി ഷൂട്ടിലെ ഗോളിലൂടെ വിജയത്തിൽ എത്തിച്ചപ്പോൾ ആഹ്ലാദം അടക്കാൻ ആകാതെ ബോറിസ് ജോൺസനും സ്റ്റാൻഡിൽ തുള്ളിച്ചാടി. നേറത്തേ ജർമ്മനിയുമായുള്ള ഇംഗ്ലണ്ടിന്റെ കലി കാണുവാനും ഇവർ എത്തിയിരുന്നു.