ദുബായിലെ ജെബേൽ അലി തുറമുഖത്ത് ഒരു ചരക്ക് കപ്പലിൽ നടന്ന വമ്പൻ സ്ഫോടനത്തിൽ 25 കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ പോലും കുലുങ്ങിവിറച്ചു. മദ്ധ്യപൂർവ്വ ദേശത്തെ തന്നെ ഏറ്റവും തിരക്കുപിടിച്ച തുറമുഖമാണ് ജബേർ അലി തുറമുഖം.

വൻസ്ഫോടനത്തിന്റെ അലയൊലികൾ 25 കിലോമീറ്റർ ചുറ്റളവിൽ അനുഭവവേദ്യമായതിയായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കെട്ടിടങ്ങൾ കുലുങ്ങുകയും, പല കെട്ടിടങ്ങളുടെയു ജനൽ ചില്ലുകൾ തകരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തുറമുഖത്ത് ആരും മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല.

അമേരിക്കയ്ക്ക് പുറത്ത്, ഏറ്റവുമധികമമേരിക്കൻ യുദ്ധക്കപ്പലുകൾ അടുക്കുന്ന തുറമുഖം കൂടിയാണിത്. വ്യാഴാഴ്‌ച്ച പുലർച്ചയോടെ തീയണയ്ക്കാൻ കഴിഞ്ഞതായി ദുബായ് സർക്കാർ വെളിപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ കപ്പലിലെ തീയണയ്ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുഈ സ്ഫോടനത്തിൽ തുറമുഖത്തിനും ചുറ്റുവട്ടത്തിലുള്ള മറ്റ് കെട്ടിടങ്ങൾക്കും ഉണ്ടായ നഷ്ടമെത്രയെന്ന് ഇനിയും കണക്കാക്കിയിട്ടില്ല.

അഗ്‌നിബാധയ്ക്കും സ്ഫോടനത്തിനും ഉള്ള കാരണവും വ്യക്തമായിട്ടില്ല. എന്നാൽ തുറമുഖത്തിലെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി തുറമുഖം അധികൃതർ അറിയിച്ചു. കപ്പലുകൾ വരുന്നതിനും പോകുന്നതിനും ഒരു തടസ്സവുമുണ്ടാകില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ലോകത്തിൽ എവിടെ വേണമെങ്കിലും നടക്കാം എന്നും ഇതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്ന സമയത്ത് അഭ്യുഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ദുബായ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോണ അൽ മാരി അൽ അറേബ്യ ടി വിയിൽ പറഞ്ഞു.

സമീപത്തുള്ള അംബരചുംബികളുടെ ബാൽക്കണികളീൽ നിന്നും നിരവധി പേരാണ് ആളിക്കത്തുന്ന തീയുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രാത്രിയിലെ ഇരുണ്ട ആകാശത്തെ പ്രകാശമാനമാക്കി ഉയരുന്ന അഗ്‌നിഗോളങ്ങളുടെ ചിത്രം ആരിലും ഭയം ജനിപ്പിക്കുന്നത് തന്നെയാണ്. ദുബായിയുടെ വടക്കെ അറ്റത്തുള്ള ജെബെൽ അലി പോർട്ട് ലോകത്തിലെ തന്നെ മനുഷ്യനിർമ്മിതമായ ഏറ്റവും ആഴം കൂടിയ തുറമുഖമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളാണ് ഇവിടെ അധികമായി വരുന്നത്.

ദുബായ് ആസ്ഥാനമായുള്ള ഡി പി വേൾഡിന്റെ നിയന്ത്രണത്തിലുള്ള ഈ തുറമുഖത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് അടുക്കുവാൻ പറ്റിയ നാല് കണ്ടെയ്നർ ടെർമിനലുകളാണ് ഉള്ളത്. ആഗോള വിപണന രംഗത്ത് തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ഈ തുറമുഖം ദുബായ്ക്ക് ചുറ്റുമുള്ള എമിരേറ്റ്സുകളിലേക്ക് അത്യാവശ്യ സാധനങ്ങൾ വരുന്നതിനുള്ള പ്രധാന മാർഗ്ഗം കൂടിയാണ്.