കൊച്ചി : കോവിഡ് -19 കുട്ടികളിലുണ്ടാക്കുന്ന ആഘാതം എന്ന വിഷയത്തെ ആസ്പദമാക്കി കേരളം ആസ്ഥാനമായുള്ള വൈദ്യരത്നം ഔഷധശാല ജൂലൈ 11 മുതൽ രണ്ട് ദിവസത്തെ ആയുർവേദ ഓൺലൈൻ കോൺഫറൻസ് നടത്തുന്നു. പ്രമുഖ ആയുർവേദ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ) ന്യൂഡൽഹി, കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് , ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്നിവിടങ്ങളിലെ പീഡിയാട്രിക്സ് വിദഗ്ധരും 1,500 ഓളം വരുന്ന പുരാതന ഔഷധ ചികിത്സയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പ്രാക്ടീഷണർമാരും, കുട്ടികളിലെ കോവിഡിനെക്കുറിച്ചും കോവിഡിന് ശേഷമുള്ള ആയുർവേദ ചികിത്സയെക്കുറിച്ചും ക്ലിനിക്കൽ അനുഭവങ്ങളും കേസ് പഠനങ്ങളും ചർച്ച ചെയ്യും. മുൻകാല അനുഭവങ്ങളിൽ നിന്നും ഒരു ഏകീകൃത ചികിത്സാ പ്രോട്ടോക്കോൾ സ്വീകരിച്ച് പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാൻ മുഴുവൻ വ്യവസായങ്ങളെയും സജ്ജമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകന്റെ അനുസ്മരണ ദിന ചടങ്ങിന്റെ ഭാഗമായാണ് കോൺഫറൻസ് നടത്തുന്നത്.

ഏറ്റവും പുതിയ പഠനമനുസരിച്ച്, കോവിഡിന്റെ മൂന്നാമത്തെ തരംഗം പതിനെട്ട് വരെ പ്രായമുള്ളവരെ ബാധിച്ചേക്കാം. ഗണ്യമായ ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മാർഗനിർദേശവും ഉപയോഗിച്ച് ആയുർവേദ സമീപനത്തിലൂടെ ഈ വിഷയം അഭിസംബോധന ചെയ്യുന്നതാണ് ഈ വർഷത്തെ പ്രാഥമിക ശ്രദ്ധയെന്നു വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ് പറഞ്ഞു. വിദഗ്ദ്ധ പാനലിന്റെ ഉപദേശത്തോടെ പീഡിയാട്രിക് കേസുകളുടെ കോവിഡ് മാനേജ്മെന്റിൽ ഒരു ചികിത്സാ പ്രോട്ടോക്കോൾ വികസിപ്പിക്കുക, മുതിർന്നവരിൽ കോവിഡ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റിനെക്കുറിച്ച് ശാസ്ത്രീയ സമീപനം പുലർത്തുക എന്നിവയാണ് സെമിനാറിന്റെ പ്രതീക്ഷിത ഫലം. പ്രതിരോധം, കോവിഡ് മാനേജ്മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റ് എന്നിവയിൽ വൈദ്യരത്നം സജീവമായി പ്രവർത്തിക്കുന്നു. കോവിഡ് കേസുകളിൽ സൗജന്യ ഒപി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) വിഭാഗങ്ങളിലെ രോഗികൾക്കു സൗജന്യ മരുന്നുകൾ എന്നിവയും വൈദ്യരത്നം നൽകുന്നുണ്ട്''അദ്ദേഹം പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ ഡോ. തനുജ നെസാരി കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് മാനേജ്മെന്റിനോടുള്ള ആയുഷ് വകുപ്പിന്റെ സമീപനത്തെക്കുറിച്ചും ശിശുക്കളെയും കുട്ടികളെയും ബാധിച്ചേക്കാവുന്ന മൂന്നാം തരംഗത്തെ നേരിടാൻ സ്വീകരിച്ച നടപടികളും അവർ വിശദീകരിക്കും. മുതിർന്നവരിലെയും ശിശുക്കളിലെയും രോഗ പ്രതിരോധശേഷി, കോവിഡ് മാനേജുമെന്റ്, പോസ്റ്റ് കോവിഡ് മാനേജുമെന്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഡോ. തനുജ നെസാരി സംസാരിക്കും.